Follow the FOURTH PILLAR LIVE channel on WhatsApp
മുംബൈ: അറബിക്കടലില്‍ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി നാവിക സേന. ദീര്‍ഘദൂര കപ്പല്‍വേധ മിസൈലുകളാണ് നാവികസേന പരീക്ഷിച്ചത്. സേനയുടെ ആയുധ സംവിധാനങ്ങളുടെ ക്ഷമതയും സജ്ജതയുമാണ് പരീക്ഷിച്ചുറപ്പിച്ചത്. ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണെന്ന് നാവിക സേന വ്യക്തമാക്കി.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇത് രണ്ടാം തവണയാണ് അറബിക്കടലില്‍ നാവികസേന മിസൈല്‍ പരീക്ഷണം നടത്തുന്നത്. 2 ദിവസം മുമ്പ് ഐ.എ.ന്‍എസ്. സൂറത്ത് എന്ന യുദ്ധക്കപ്പലില്‍ നിന്ന് സേന മധ്യദൂര മിസൈല്‍ പരീക്ഷിച്ചിരുന്നു. 70 കിലോമീറ്റര്‍ പ്രഹരപരിധിയുള്ള ഈ മിസൈല്‍ ഇസ്രായേലുമായി സഹകരിച്ച് വികസിപ്പിച്ചതാണ്. സി സ്‌കിമ്മിങ് മിസൈലുകളെ തകര്‍ക്കുന്ന മിസൈലായിരുന്നു അന്ന് പരീക്ഷിച്ചത്.
പാകിസ്താനെതിരെ കടുത്ത തീരുമാനങ്ങള്‍ കേന്ദ്രസര്‍ക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ സൈനികമായി ആക്രമിക്കുമെന്ന് ഭയന്ന് പാകിസ്താന്‍ ഭരണാധികാരികള്‍ ആണവാക്രമണ ഭീഷണി മുഴക്കി. ഈ സാഹചര്യത്തിലാണ് ഇന്ത്യ മിസൈല്‍ പരീക്ഷണം അറബിക്കടലില്‍ നടത്തി കരുത്ത് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.