29 C
Trivandrum
Monday, May 5, 2025

പഹൽഗാം ഭീകരാക്രമണത്തിൽ മരണം 26 ആയി; കൊല്ലപ്പെട്ടവരിൽ ഒരു മലയാളി

Follow the FOURTH PILLAR LIVE channel on WhatsApp 

ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിലെ ബൈസരനിൽ വിനോദസഞ്ചാരികൾക്കു നേരെയുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി ഉയർന്നു. കൊല്ലപ്പെട്ടവരിൽ ഒരു മലയാളിയും ഉൾപ്പെടുന്നു. ഇടപ്പള്ളി സ്വദേശി എൻ.രാമചന്ദ്രനാണ് (65) മരിച്ചത്. ഇദ്ദേഹത്തെക്കൂടാതെ രാജസ്ഥാൻ, തമിഴ്നാട്, കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നെത്തിയ വിനോദസഞ്ചാരികളാണ് ആക്രമണത്തിനിരയായത്.

മകളുടെ മുന്നിൽ വെച്ചാണ് രാമചന്ദ്രന് വെടിയേറ്റത്. കുടുംബത്തോടൊപ്പം തിങ്കളാഴ്ച രാവിലെയാണ് രാമചന്ദ്രൻ പഹൽഗാമിലെത്തിയത്. ഭാര്യ ഷീല രാമചന്ദ്രൻ, മകൾ ആരതി ആർ.മേനോൻ എന്ന അമ്മു, അവരുടെ ഇരട്ടകുട്ടികള്‍ കേദാർ, ദ്രുപദ് (6) എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. മകൾ അമ്മുവാണ് മരണവിവരം നാട്ടിലറിയിച്ചത്. രാമചന്ദ്രൻ്റെ കുടുംബം സുരക്ഷിതമാണെന്നാണ് വിവരം. ഇടപ്പള്ളി മങ്ങാട്ട് നീരാഞ്ജനത്തിലെ നാരായണ മേനോൻ്റെ മകനാണ് രാമചന്ദ്രൻ. ഇദ്ദേഹം ദീർഘകാലം അബുദാബിയിൽ ജോലി ചെയ്തിരുന്നു.

ദുബായില്‍ നിന്നെത്തിയ മകള്‍ക്കും കുട്ടികള്‍ക്കുമൊപ്പം കശ്മീരിലേക്ക് വിനോദയാത്ര പോയതായിരുന്നു രാമചന്ദ്രനും ഭാര്യയും. ഹൃദ്രോഗിയായ ഷീലയെ ഹോട്ടലിനു മുന്നില്‍ കാറിലിരുത്തിയ ശേഷമാണ് രാമചന്ദ്രനും മകളും പേരക്കുട്ടികളും കൂടി ട്രെക്കിങ്ങിനു പോയത്. ഇതിനിടെയായിരുന്നു ഭീകരര്‍ എത്തിയത്. പേര് ചോദിച്ച ശേഷം അവരുടെ മതപ്രാര്‍ഥന ചൊല്ലാന്‍ പറഞ്ഞു. അറിയില്ലെന്ന് പറഞ്ഞതും വെടിവെച്ച് കൊല്ലുകയായിരുന്നു.

കൊച്ചിയിൽ ജോലി ചെയ്യുന്ന ഹരിയാണ സ്വദേശിയ നാവികസേനാ ഉദ്യോഗസ്ഥനും മരിച്ചിട്ടുണ്ട്. വിനയ് നർവാളാണ് (26) കൊല്ലപ്പെട്ടത്. 6 ദിവസം മുൻപാണ് വിനയ് നർവാളിൻ്റെ വിവാഹം നടന്നത്. ഭാര്യയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മധുവിധു ആഘോഷിക്കാനായാണ് വിനയും ഭാര്യ ഹിമാൻഷിയും കശ്മീരിലെത്തിയത്.

ട്രക്കിങ്ങിനു മേഖലയിലേക്കു പോയവർക്കു നേരെയാണ് ആക്രമണമുണ്ടായത്. മേഖല സുരക്ഷാസേനയുടെ വലയത്തിലാണ്. വിനോദസഞ്ചാരികൾ പതിവായി എത്തുന്ന ബൈസരൻ താഴ്‌വരയിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ലഷ്കർ എ തോയ്ബ അനുകൂല സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ട് ഏറ്റെടുത്തു. 7 അംഗ സംഘമാണ് ഭീകരാക്രമണത്തിനു പിന്നിലെന്നാണ് വിവരം. ആക്രമണം നടന്ന പ്രദേശം വളഞ്ഞ സൈന്യം ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.

കേരള ഹൈക്കോടതിയിലെ 3 ജഡ്ജിമാരും കശ്മീരിലുണ്ടായിരുന്നു. അക്രമണത്തിനു തൊട്ടുമുൻപാണ് ഇവർ കുടുംബസമേതം പഹൽഗാമിൽ നിന്നു പോയത്. അവധിക്കാലം ചെലവഴിക്കാനായി ഈ മാസം 17നാണ് ജഡ്ജിമാരും കുടുംബാംഗങ്ങളും കശ്മീരിൽ എത്തിയത്. ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, പി.ജി.അജിത് കുമാർ, ജി.ഗിരീഷ് എന്നിവരും അവരുടെ കുടുംബാംഗങ്ങളുമാണ് ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

ചൊവ്വാഴ്ച വൈകിട്ട് ശ്രീനഗറിൽ എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്ന് സാഹചര്യം വിലയിരുത്തി. ഭീകരാക്രമണത്തിന് പിന്നാലെ സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് മടങ്ങി.

അതേസമയം ഇന്ത്യക്ക് പിന്തുണയറിയിച്ച് യു.എസ്. പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചു. ഭീകരാക്രമണത്തെ അപലപിച്ച ട്രംപ്, ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യക്ക് പൂര്‍ണ പിന്തുണയറിയിച്ചു. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്ന് റഷ്യന്‍ പ്രസിഡൻ്റ് വ്ളാദിമിർ പുതിൻ പ്രസ്താവനയില്‍ പറഞ്ഞു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഇന്ത്യക്ക് പിന്തുണ അറിയിച്ചു. ഇസ്രായേല്‍, ഇറ്റലി, യു.എ.ഇ., ജപ്പാന്‍, ഇറാന്‍, ഫ്രാന്‍സ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളും ഭീകരാക്രമണത്തെ അപലപിക്കുകയും ഇന്ത്യക്ക് പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Recent Articles

Related Articles

Special

Enable Notifications OK No thanks