29 C
Trivandrum
Saturday, April 26, 2025

വിൻസിയുടെ പരാതി ഒത്തുതീർപ്പിലേക്ക്; ഖേദം അറിയിച്ച് ഷൈൻ, ചർച്ചയ്ക്ക് ശേഷം ഇരുവരും കൈകൊടുത്ത് പിരിഞ്ഞു

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: നടന്‍ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ നടി വിൻസി അലോഷ്യസ് നൽകിയ പരാതി ഒത്തുതീർപ്പിലേക്ക്. ഇൻ്റേണൽ കംപ്ലെയ്ൻ്റ്സ് കമ്മിറ്റി (ഐ.സി.സി.) യോഗത്തിൽ വിൻസിയോട് ഷൈൻ ക്ഷമാപണം നടത്തി. ഭാവിയിൽ മോശം പെരുമാറ്റം ഉണ്ടാകില്ലെന്ന് ഷൈൻ ഉറപ്പ് നൽകി. ബോധപൂർവം തെറ്റ് ചെയ്തിട്ടില്ലെന്നും പെരുമാറ്റത്തിൽ ശ്രദ്ധിക്കാമെന്നും ഷൈൻ ഐ.സി.സി. അംഗങ്ങളെ അറിയിച്ചു.

ഐ.സി.സി. എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് വിൻസിയും യോഗത്തിൽ നിലപാടെടുത്തു. തനിക്ക് ഉണ്ടായ ബുദ്ധിമുട്ടാണ് പറഞ്ഞതെന്നും പരാതിയില്ലെന്നും അവർ ഐ.സി.സിയെ അറിയിച്ചു. തൻ്റെ പരാതി ചോർന്നതിലുള്ള അതൃപ്തിയും വിൻസി യോഗത്തിൽ അറിയിച്ചു. പൊലീസിൽ പരാതി നൽകാൻ ഇല്ലെന്ന നിലപാട് ഐ.സി.സി. യോഗത്തിലും വിൻസി ആവർത്തിച്ചു. ചർച്ചയ്ക്ക് ശേഷം വിൻസിയും ഷൈനും കൈ കൊടുത്ത് പിരിഞ്ഞു. സിനിമയുമായി സഹകരിക്കുമെന്ന് അവർ അറിയിച്ചു. ഐ.സി.സി. റിപ്പോർട്ട് ഉടൻ കൈമാറും.

സൂത്രവാക്യം സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറി എന്ന വിൻസി അലോഷ്യസിൻ്റെ പരാതി വൻ വിവാദമായതോടെയാണ് ഏറെ വൈകിയുള്ള ഐ.സി.സി. ഇടപെടൽ. സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയ നടനെതിരെ നിയമപരമായി പരാതി നൽകില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നാണ് വിന്‍സി അലോഷ്യസ് നേരത്തെ തന്നെ അറിയിച്ചിരുന്നത്. ഇരു ഭാഗവും കേട്ടതോടെ അന്തിമ അന്വേഷണ റിപ്പോർട്ട്‌ തയ്യാറാക്കി ഫിലിം ചെമ്പറിൻ്റെ മോണിറ്ററിങ് കമ്മറ്റിക്ക് കൈമാറുകയാണ് അടുത്ത നടപടി. റിപ്പോർട്ടിൽ ഗൗരവകരമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കിൽ ഷൈനിനെതിരെ നടപടി എടുക്കാനും കമ്മറ്റിക്ക് നിർദേശം നൽകാം. നിർദേശം എന്ത് തന്നെയായാലും അത് അനുസരിക്കാൻ സിനിമ സംഘടനകൾ ബാധ്യസ്ഥരാണ്.

ഷൈൻ ടോം ചാക്കോയ്ക്ക് താക്കീത് നൽകി പ്രശ്നങ്ങൾ അവസാനിപ്പിക്കാനാണ് ആലോചന. ഫിലിം ചേംബറിൻ്റെ നേതൃത്വത്തിലുള്ള മോണിറ്ററിങ് കമ്മിറ്റിയുടെയും യോഗം തിങ്കളാഴ്ച കൊച്ചിയിൽ ചേർന്നിരുന്നു. ഐ.സി.സിയുടെ അന്തിമ റിപ്പോർട്ടിന് ശേഷമാകും ഇനി ഫിലിം ചേംബറിൻ്റെ തുടർനടപടികൾ. അതേസമയം, താര സംഘടന എ.എം.എം.എ. നിയോഗിച്ച മൂന്നംഗ സമിതിയുടെ അന്വേഷണവും തുടരുകയാണ്.

Recent Articles

Related Articles

Special

Enable Notifications OK No thanks