Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ ലഹരി ഉപയോഗിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ അപമര്യാദമായി പെരുമാറി എന്ന വെളിപ്പെടുത്തലില്‍ വിശദീകരണവുമായി നടി വിന്‍സി അലോഷ്യസ്. പരാതി എന്ന നിലയില്‍ നിയമപരമായി മുന്നോട്ടുപോകാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും സിനിമയ്ക്ക് പുറത്തേക്ക് ഈ വിഷയം കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും നടി പറഞ്ഞു.
‘പരാതികൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. അന്വേഷണങ്ങള്‍ വരുമ്പോള്‍ സഹകരിക്കാന്‍ തയ്യാറാണ്. സിനിമയ്ക്കകത്തുനിന്നും പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. സിനിമാസംഘടനകളുടെ ഇടപെടലുകളാണ് ഈ വിഷയത്തില്‍ ആവശ്യം’- വിന്‍സി പ്രതികരിച്ചു. സിനിമയില്‍ ഈ സംഭവം ആവര്‍ത്തിക്കാതിരിക്കുക എന്നതാണ് തനിക്കുവേണ്ടതെന്നും അവര്‍ പറഞ്ഞു.
ഇൻ്റേണല്‍ കമ്മറ്റിക്കുമുന്‍പില്‍ ഇന്ന് താന്‍ ഹാജരാവുമെന്നും തൻ്റെ പരാതിയുടെ യാഥാര്‍ഥ്യം ഐ.സി.സി. പരിശോധിക്കുമെന്നും തിങ്കളാഴ്ച വൈകുന്നേരത്തോടുകൂടി തീരുമാനം അറിയാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും വിന്‍ സി പറഞ്ഞു. സിനിമയ്ക്കകത്തുനിന്നുകൊണ്ട് ആക്ഷനെടുക്കുമെന്നുതന്നെയാണ് വിശ്വസിക്കുന്നതെന്നും നടി പറഞ്ഞു.
തൻ്റെ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും സിനിമ മേഖലയില്‍ മാറ്റം ഉണ്ടാകാന്‍ ആഗ്രഹിക്കുന്നതായും വിന്‍സി വ്യക്തമാക്കി. സൂത്രവാക്യം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ ഷൈന്‍ ടോം ചാക്കോ അപമര്യാദമായി പെരുമാറി എന്നായിരുന്നു വിന്‍സി അലോഷ്യസിൻ്റെ വെളിപ്പെടുത്തല്‍.