Follow the FOURTH PILLAR LIVE channel on WhatsApp
ലഖ്നൗ: ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുക്കാൻ മുൻകൈയെടുത്ത് ഭർത്താവ്. കാമുകനോടൊപ്പം ചേർന്ന് ഭാര്യ തന്നെ കൊലപ്പെടുത്തിയാലോ എന്ന ഭയമാണ് ഉത്തർ പ്രദേശിലെ സന്ത് കബീർ നഗറുകാരനായ ബബ്ലുവിനെ ഇക്കാര്യത്തിന് പ്രേരിപ്പിച്ചത്.
ദിവസങ്ങൾക്ക് മുമ്പാണ് ഉത്തർപ്രദേശിൽ ഭാര്യയും കാമുകനും ചേർന്ന് യുവാവിനെ കൊന്ന് വീപ്പയിലാക്കിയ വാർത്ത പുറത്തു വന്നത്. അതിന് മുമ്പ് ഭർത്താവിനെ കൊല്ലാൻ കാമുകനുമായി ചേർന്ന് യുവതി കൊട്ടേഷൻ കൊടുത്ത വാർത്തയും ഉണ്ടായിരുന്നു. ഇങ്ങനെ കാമുകന്മാരുള്ള ഭാര്യമാർ യഥാർത്ഥ ഭർത്താക്കന്മാരെ കൊന്നു തള്ളുന്ന വാർത്തകൾ കണ്ട് പേടിച്ചാണ് ബബ്ലു ഭാര്യയായ രാധികയെ കാമുകൻ വികാസിന് വിവാഹം കഴിച്ചുകൊടുത്തത്.
സന്ത് കബീർ നഗറിലെ കട്ടർ ജോട്ട് ഗ്രാമത്തിൽ നിന്നുള്ള ബബ്ലു 2017ലാണ് ഗോരഖ്പൂർ ജില്ലയിൽ നിന്നുള്ള രാധികയെ വിവാഹം കഴിക്കുന്നത്. അവർക്ക് ആര്യൻ (7), ശിവാനി (2) എന്നിങ്ങനെ 2 കുട്ടികളുമുണ്ട്. ദൂരസ്ഥലത്ത് ജോലി ചെയ്യുന്ന ബബ്ലു ഭാര്യയ്ക്ക് ഒന്നര വർഷത്തോളമായി തൻ്റെ ഗ്രാമത്തിൽ നിന്നുള്ള വികാസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇത് സ്ഥിരീകരിക്കാൻ രഹസ്യമായി ഗ്രാമത്തിൽ എത്തിയ അദ്ദേഹം രാധികയെ പിന്തുടർന്ന് വികാസുമായുള്ള ബന്ധം നേരിട്ട് ഉറപ്പാക്കുകയും ചെയ്തു.
രാധികയുടെ അവിഹിതം കണ്ടെത്തിയിട്ടും അവരുമായി തർക്കിക്കാനോ പ്രതികാരത്തിനോ നിൽക്കാതെ ബബ്ലു നേരെ പോയത് ഗ്രാമതലവന്മാരുടെ അടുത്തേക്കാണ്. ഭാര്യയെ അവരുടെ കാമുകന് കല്യാണം കഴിച്ചു കൊടുക്കണം എന്ന് അഭ്യർത്ഥിക്കാനായിരുന്നു അത്. തുടർന്ന് ഒരു ശിവ ക്ഷേത്രത്തിൽ വെച്ച് ഹിന്ദു ആചാരപ്രകാരം രാധികയെ കാമുകന് ബബ്ലു വിവാഹം കഴിപ്പിച്ചു കൊടുത്തു. മാത്രമല്ല, സാക്ഷിയായി രേഖകളിൽ ഒപ്പു വക്കുകയും ചെയ്തു. കുട്ടികളെ താൻ ഒറ്റയ്ക്ക് വളർത്തിക്കൊള്ളാം എന്നാണ് ബബ്ലുവിൻ്റെ നിലപാട്.
തനിക്ക് എന്തെങ്കിലും സംഭവിച്ചാലോ എന്നോർത്താണ് വിവാഹം നടത്തിയതെന്ന് ബബ്ലു വാർത്താ ഏജൻസിക്ക് കൊടുത്ത അഭിമുഖത്തിൽ പറഞ്ഞു. മീററ്റിലെ കൊലപാതകവും മറ്റും ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങൾ നടക്കുന്നത് കൊണ്ടാണ് 2 പേർക്കും സമാധാനപരമായി ജീവിക്കാൻ കഴിയുന്ന തരത്തിൽ തൻ്റെ ഭാര്യയെ അവളുടെ കാമുകനെ വിവാഹം കഴിപ്പിക്കാൻ ഞാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.