Follow the FOURTH PILLAR LIVE channel on WhatsApp
ഹൈദരാബാദ്∙ തെലങ്കാനയിലെ കോൺഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ അപകീർത്തിപരമായ പരാമർശം പങ്കുവച്ചെന്ന് ആരോപിച്ച് മുതിർന്ന വനിതാ മാധ്യമപ്രവർത്തക അറസ്റ്റിൽ. ബുധനാഴ്ച പുലർച്ചെ ഹൈദാരാബാദിലെ വീടു വളഞ്ഞാണ് മാധ്യമപ്രവർത്തക രേവതി പൊഗദാദന്തയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രേവന്ത് റെഡ്ഡിക്കെതിരെ പൾസ് ന്യൂസ് ബ്രേക്ക് എന്ന യുട്യൂബ് ചാനലിൽ പങ്കുവെച്ച വിഡിയോയാണ് അറസ്റ്റിനാധാരം.
രേവതിയുടെ യുട്യൂബ് ചാനലിൻ്റെ ഓഫിസ് പൊലീസ് സീൽ ചെയ്തു. ഇവരുടെയും ഭർത്താവിൻ്റെയും ലാപ്ടോപ്പും മൊബൈൽ ഫോണുകളും പൊലീസ് കൈക്കലാക്കി. പൊലീസ് പുലർച്ചെ 4ഓടെ വീട്ടിലെത്തിയ വിഡിയോയും രേവതി പങ്കുവച്ചിട്ടുണ്ട്.
രേവതിയുടെ ചാനലിൽ ഒരു വയോധികൻ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. സംസ്ഥാനത്ത് അരങ്ങേറുന്ന വിവിധ വിഷയങ്ങളിലുള്ള തൻ്റെ പ്രതിഷേധമാണ് അയാൾ വിഡിയോയിൽ പറയുന്നത്. കോൺഗ്രസ് നേതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.