29 C
Trivandrum
Wednesday, March 12, 2025

വൈദ്യുതി ഉത്പാദന പ്രതിസന്ധിയും ആണവ നിലയങ്ങളുടെ പ്രസക്തിയും

Follow the FOURTH PILLAR LIVE channel on WhatsApp 

വൈദ്യുതി ഉത്പാദന പ്രതിസന്ധി

കല്‍ക്കരി ഇന്ധനമായി ഉപയോഗിക്കുന്ന താപനിലയങ്ങളില്‍ നിന്നാണ് ഇന്ത്യയിലെ വൈദ്യുതിയുടെ 73 ശതമാ നവും ഉത്പാദിപ്പിക്കുന്നത്. ഇത് ഗണ്യമായ തോതില്‍ കാര്‍ബൺ ഡൈഓക്സൈഡ് ബഹിര്‍ഗമനത്തിനും തല്‍ഫലമായി ആഗോള താപനത്തിനും കാരണമാകുന്നു. അതിനാല്‍ ഊര്‍ജോത്പാദന രീതിയില്‍ മാറ്റം വരുത്തുകയും കാര്‍ബണ്‍ ഡൈഓക്‌സൈഡ് ഉള്‍പ്പടെയുള്ള ആഗോള താപനത്തിന് കാരണമാക്കുന്ന ഹരിത വാതകങ്ങളുടെ ബഹിര്‍ഗമനം പരമാവധി കുറയ്ക്കുകയും വേണ്ടതാണ്. അന്താരാഷ്ട്ര ഉടമ്പടികളുടെ അടിസ്ഥാനത്തില്‍ ഇതിനായുള്ള വിവിധ നടപടികള്‍ രാജ്യം സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. 2070ല്‍ കാര്‍ബണ്‍ ന്യൂട്രല്‍ രാജ്യം ആകുവാനാണ് നാം ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തില്‍ പുതിയ താപനിലയങ്ങള്‍ സ്ഥാപിക്കുന്നത് നിര്‍ത്തിവെയ്ക്കേണ്ടതായും ഇപ്പോഴുള്ള കാര്യക്ഷമത കുറഞ്ഞ താപനിലയങ്ങള്‍ അടച്ചുപൂട്ടേണ്ടതായും വരാം. 2050ന് ശേഷം രാജ്യം ലോകരാഷ്ട്രങ്ങളുടെ വലിയ സമ്മര്‍ദ്ദം ഇതിനായി നേരിടേണ്ടി വന്നേക്കും.

ഈ സാഹചര്യത്തില്‍, ഭാവിയിലെ നമ്മുടെ മുഖ്യവൈദ്യുതി ഉത്പാദന സ്രോതസ്സായി താപനിലയങ്ങളെ കണക്കാക്കാന്‍ കഴിയുകയില്ല. ഈ പ്രശ്‌നം പരിഹരിക്കുവാനുള്ള ഒരു മാര്‍ഗം പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളായിട്ടുള്ള ഹൈഡ്രോ, വിന്‍ഡ്, സോളാര്‍ തുടങ്ങിയവ ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം വര്‍ദ്ധിപ്പിക്കുക എന്നതാണ്. എന്നാല്‍ ജലവൈദ്യുത നിലയങ്ങളുടെ സാദ്ധ്യത ഇതിനകം തന്നെ നാം നല്ലനിലയില്‍ ഉപയോഗപ്പെടുത്തിക്കഴിഞ്ഞി ട്ടുണ്ട്. പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളായ സൗരോര്‍ജവും കാറ്റും സമയാശ്രിതവും ഇടവിട്ടുള്ളതുമാണ്. ഏറ്റവും കൂടുതല്‍ വൈദ്യുതി ആവശ്യകതയുണ്ടാകുന്ന വൈകുന്നേരം 6 മുതല്‍ 11 വരെയുള്ള സമയത്ത് സൗരോര്‍ജ്ജത്തിന്റെ സംഭാവന തീരെയില്ലതാനും. ചുരുക്കത്തല്‍ താപനിലയങ്ങളുടെ അഭാവത്തിലുണ്ടാകുന്ന സ്ഥിതിവിശേഷം പൂര്‍ണ്ണമായും നേരിടുവാന്‍ പുനരുപയോഗ ഊര്‍ജ സ്രോതസ്സുകള്‍ക്ക് മാത്രം ഇന്നത്തെ സാഹചര്യത്തില്‍ കഴിയില്ല എന്നുള്ളതാണ് നാം നേരിടുന്ന പ്രതിസന്ധി. ഇതിനു പ്രതിവിധിയായി എല്ലായ്‌പ്പോഴും പ്രവര്‍ത്തിക്കുന്ന ഉയര്‍ന്ന ഊര്‍ജ്ജോത്പാദന ശേഷിയുള്ള വൈദ്യുതിനിലയങ്ങള്‍ രാജ്യത്ത് ഉണ്ടായേ തീരൂ.

ഇതിനു പരിഹാര മാര്‍ഗ്ഗമായി അന്തര്‍ദ്ദേശീയ അടിസ്ഥാനത്തില്‍ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നത് ആണവനിലയങ്ങളെയാണ്. ഹരിത വാതകങ്ങളുടെ ബഹിര്‍ഗമനം ഇല്ലാതെ സുസ്ഥിരമായി വൈദ്യുതി ഉത്പാദനം തുടര്‍ച്ചയായി നടത്തുന്നു എന്നുള്ളതാണ് ആണവനിലയങ്ങളുടെ മേന്മ. ലോകത്തെമ്പാടും ആണവനിലയങ്ങള്‍ ഒരു തിരിച്ചു വരവിന്റെ പാതയിലാണെന്നു കരുതാം. ഇന്ത്യയിലും ആണവനിലയങ്ങള്‍ ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു ഊര്‍ജ്ജസ്രോതസ്സ് തന്നെയാണ്.

ഇന്ത്യയിലെ ആണവനിലയങ്ങള്‍

ഇന്ത്യയുടെ ഇന്നത്തെ ആണവവൈദ്യുതി ഉത്പാദനശേഷി 8,180 മെഗാവാട്ട് ആണ്. ഇത് നമ്മുടെ ആകെ സ്ഥാപിത ശേഷിയുടെ 1.7 ശതമാനം മാത്രമാണെങ്കിലും മൊത്തം വൈദ്യുതോത്പാദനത്തിന്റെ 3.1 ശതമാനവും ആണവനിലയങ്ങളില്‍ നിന്നാണ്. 7 പവര്‍‌സ്റ്റേഷനുകളിലായി വിവിധ ശേഷികളുള്ള 24 ന്യൂക്ലിയര്‍ റിയാക്ടറുകള്‍, ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ.എല്‍.) ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കുന്നു. ഇതില്‍ 20 എണ്ണവും പ്രെഷറൈസ്ഡ് ഹെവി വാട്ടര്‍ റിയാക്ടര്‍ (പി.എച്ച്.ഡബ്ല്യൂ.ആര്‍.) ആണ്. പി.എച്ച്.ഡബ്ല്യൂ. ആര്‍. സാങ്കേതിക വിദ്യയില്‍ ഇന്ത്യ ഉയര്‍ന്ന നിലയില്‍ പ്രാവീണ്യം നേടി അന്താരാഷ്ട്രതലത്തില്‍ തന്നെ വളരെ മുന്‍പന്തിയില്‍ എത്തിയിരിക്കുന്നു. 220 മെഗാവാട്ട് ശേഷിയുള്ള ആദ്യ റിയാക്ടറുകള്‍ക്കു ശേഷം 540 മെഗാവാട്ടിന്റെയും പിന്നീട് അതു പരിഷ്‌ക്കരിച്ച് 700 മെഗാവാട്ടിന്റെയും റിയാക്റ്റ്റുകള്‍ നിര്‍മ്മിച്ചു. ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഇപ്പോള്‍ 700 മെഗാവാട്ട് യൂണിറ്റ് സ്റ്റാന്‍ഡേര്‍ഡൈസ് ചെയ്തിരിക്കുകയാണ്. ഗുജറാത്തിലെ കക്രപ്പാറില്‍ സ്ഥാപിച്ചി രിക്കുന്ന 700 മെഗാവാട്ടിന്റെ 2 സ്റ്റാന്റേര്‍ഡ് റിയാക്ടര്‍ യൂണിറ്റുകളും വളരെ വിജയകരമായി പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കര്‍ണാടകയിലെ കൈക ജനറേറ്റിങ് സ്റ്റേഷനിലെ 220 മെഗാവാട്ട് ശേഷിയുള്ള യൂണിറ്റ്-1 റിയാക്ടര്‍ 962 ദിവസം തടസ്സമില്ലാതെ പ്രവര്‍ത്തിപ്പിച്ച് നാം തുടര്‍ച്ചയായ പ്രവര്‍ത്തനത്തിനുള്ള ലോക റെക്കോഡും സ്ഥാപിച്ചു കഴിഞ്ഞു.

6,800 മെഗാവാട്ട് ഉത്പാദനശേഷിയുള്ള 8 റിയാക്ടര്‍ യൂണിറ്റുകള്‍ 3 സൈറ്റുകളിലായി ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ കൂടംകുളത്ത് 1,000 മെഗാവാട്ട് ഉത്പാദനശേഷിയുള്ള 4 വാട്ടര്‍ വാട്ടര്‍ എനര്‍ജി റിയാക്ടര്‍ (വി.വി.ഇ.ആര്‍.) യൂണിറ്റുകളുടെ നിര്‍മ്മാണം റഷ്യന്‍ സഹായത്തോടെ വളരെ വേഗത്തില്‍ പുരോഗമിക്കുന്നു. നമ്മുടെ സ്വന്തം ടെക്‌നോളജിയായ പി.എച്ച്.ഡബ്ല്യു.ആറിന്റെ സ്റ്റാന്‍ഡേര്‍ഡൈസ്ഡ് 700 മെഗാവാട്ട് യൂണിറ്റുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുക എന്നുള്ളതാണ് നമ്മുടെ ഭാവി പരിപാടി. ആകെ 7,000 മെഗാവാട്ടിന്റെ സ്ഥാപിതശേഷിയുടെ വര്‍ദ്ധനയാണ് ഇതുമൂലം ഉദ്ദേശിക്കുന്നത്. ഇന്ത്യന്‍ നിര്‍മ്മിതമായ പി.എച്ച്.ഡബ്ല്യു.ആറുകള്‍ സ്ഥാപിക്കുന്നതോടൊപ്പം വിദേശ സഹായത്തോടെ 3 സൈറ്റുകളിലായി 21,900 മെഗാവാട്ട് ശേഷിയുള്ള 18 ലൈറ്റ് വാട്ടര്‍ റിയാക്ടര്‍ (എല്‍.ഡബ്ല്യു.ആര്‍.) യൂണിറ്റുകള്‍ സ്ഥാപിക്കാനും നാം വിഭാവനം ചെയ്യുന്നു. പരമ്പരാഗത ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നതില്‍ ഇനിയും മുമ്പോട്ടു പോയാല്‍ മാത്രമേ രാജ്യത്ത് താപനിലയങ്ങള്‍ക്ക് പകരമുള്ള ഊര്‍ജ്ജ സ്രോതസ്സായി ആണവനിലയങ്ങള്‍ക്ക് എത്താന്‍ കഴിയുകയുള്ളു.

ആണവസുരക്ഷാ സംവിധാനങ്ങള്‍

ഇന്ത്യയുടെ ആണവോര്‍ജ്ജ പദ്ധതി തുടക്കം മുതലേ സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കികൊണ്ടുള്ളതാണ്. കരുത്തുറ്റ രൂപകല്പന, കുറ്റമറ്റ നിയന്ത്രണ മേല്‍നോട്ടം, തുടര്‍ച്ചയായ മെച്ചപ്പെടുത്തല്‍ നടപടികള്‍ എന്നിവ മൂലം ഏറ്റവും മികച്ച സുരക്ഷാ നിലവാരമാണ് നമ്മുടെ ആണവ നിലയങ്ങള്‍ പുലര്‍ത്തിപ്പോരുന്നത്. അന്താരാഷ്ട്ര മാനദണ്ഡങ്ങളും സമ്പ്രദായങ്ങളും നാം കര്‍ശനമായി പാലിക്കുന്നു. കാനഡ, യു.എസ്.എ. തുടങ്ങിയ ആഗോള പങ്കാളികളുമായുള്ള ആദ്യകാല സഹകരണം വിപുലമായ സുരക്ഷാ ഡിസൈനുകളും സമ്പ്രദായങ്ങളും നമ്മുടെ നിലയങ്ങളില്‍ കൊണ്ടുവരുന്നതിന് സഹായകമായിട്ടുണ്ട്. ആണവ നിലയങ്ങളില്‍ നടക്കുന്ന പ്രധാന സംഭവങ്ങള്‍ സൂക്ഷ്മമായി വി കലനം ചെയ്ത് മൂലകാരണങ്ങള്‍ കണ്ടുപിടിച്ച് ഉചിതമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചു പോരുന്നുണ്ട്. തന്നെയുമല്ല ഇന്ത്യന്‍ ആണവ നിലയങ്ങളിലെ ഒരു സംഭവവും തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും അനുവദനീയമായ പരിധിക്കപ്പുറം റേഡിയേഷന്‍ ലഭിക്കുന്നതിലേക്ക് നയിച്ചിട്ടില്ല.

ഓരോ സൈറ്റിലെയും പ്രത്യേക ഭൂമിശാസ്ത്ര പഠനങ്ങളെ അടിസ്ഥാനമാക്കി ഭൂചലനങ്ങളെയും സുനാമികളെയും നേരിടാന്‍ കഴിയുന്ന വിധത്തിലാണ് റിയാക്ടറുകള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, ഭൂചലനം മുതലായ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായാല്‍ പോലും റിയാക്ടര്‍ സുരക്ഷിതമായി നിലനിര്‍ത്തുവാനുള്ള സംവിധാനങ്ങള്‍ ഏര്പ്പെടുത്തിയിട്ടുണ്ട്. ആറ്റമിക് എനര്‍ജി റെഗുലേറ്റ്റി ബോര്‍ഡ് എല്ലാ ആണവ സുരക്ഷാ നിയന്ത്രണങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നു. ആഗോളതലത്തില്‍ മികച്ച രീതികള്‍ സ്വീകരിക്കുന്നതിനായും അവലോകനങ്ങള്‍ക്കായും ഇന്ത്യ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയായ ഐ.എ.ഇ.എ യുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു.

2011ല്‍ ജപ്പാനിലെ ഫുക്കുഷിമയില്‍ ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ എല്ലാ ആണവ നിലയങ്ങളും അനുഭവത്തിന്റെ അടിസ്ഥാനത്തിലുള്ള സുരക്ഷാ നവീകരണങ്ങള്‍ക്ക് വിധേയമാവുകയും സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്തു. വൈദ്യുതി ഇല്ലാതെ വരുന്ന അവസരത്തില്‍ പോലും റിയാക്ടറില്‍ പ്രവര്‍ത്തനം നിർത്തിയ ശേഷം ഉണ്ടാകുന്ന താപം നീക്കം ചെയ്യാന്‍ ഒന്നിലധികം സംവിധാനങ്ങള്‍ നിലവിലുണ്ട്. വൈദ്യുതി വിതരണം, നിയന്ത്രണ സംവിധാനം എന്നിവ അടിയന്തര ഘട്ടങ്ങളില്‍ പോലും നിലനിർത്തുന്നതിനും കൈകാര്യം ചെയ്യുന്നതിനും ഒന്നിലധികം മാർഗ്ഗങ്ങള്‍ നമ്മുടെ നിലയങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. പരിശീലനം നല്‍കി യോഗ്യത നേടിയ ഓപ്പറേറ്റിങ് ഉദ്യോഗസ്ഥരെ മാത്രം നിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്തായി നിയോഗിക്കുകയും റിയാക്ടറുകളില്‍ ഗു നിലവാര പരിശോധനകള്‍ കൃത്യമായ ഇടവേളയില്‍ നടത്തുകയും ഓപ്പറേറ്റര്‍മാര്‍, എൻജിനീയര്‍മാര്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുള്ള പതിവ് പരിശീലന പരിപാടികള്‍ ക്രമമായി നടത്തിവരുകയും ചെയ്യുന്നു. കൂടാതെ ആണവ നിലയങ്ങള്‍ക്ക് ചുറ്റുമുള്ള പ്രദേശത്തെ റേഡിയേഷന്‍ നില തുടര്‍ച്ചയായി നിരീക്ഷിച്ച് പരിസ്ഥിതി സുരക്ഷ ഉറപ്പാക്കുകയും സുതാര്യത നിലനിര്‍ത്തുന്നതിന് പൊതുജനങ്ങളുമായി പതിവായി ആശയ വിനിമയം നടത്തുകയും ചെയ്യുന്നുണ്ട്. അടിയന്ത സാഹചര്യങ്ങള്‍ നേരിടുവാനുള്ള എല്ലാ ഒരുക്കങ്ങളും തയ്യാറെടുപ്പുകളും എല്ലാ നിലയങ്ങളിലും പരിസര പ്രദേശങ്ങളിലും നടപ്പാക്കിയിട്ടുണ്ട്.

സ്‌മോള്‍ മോഡുലാര്‍ റിയാക്ടര്‍

പരമ്പരാഗതമായ ഉയര്‍ന്ന സ്ഥാപിത ശേഷിയുള്ള ആണവനിലയങ്ങളുടെ നിര്‍മ്മാണത്തിലും പ്രവര്‍ത്തനത്തിലും ചില ബുദ്ധിമുട്ടുകളും ആശങ്കകളും നിലനില്‍ക്കുന്നുണ്ട്. ഉയര്‍ന്ന മൂലധന നിക്ഷേപം, നീണ്ട നിര്‍മ്മാണകാലയളവ്, കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള വലിപ്പം കൂടിയ ഉപകരണങ്ങള്‍, ഉയര്‍ന്ന അളവിലുള്ള ഇന്ധന നിക്ഷേപം, വളരെ വലിയ തണുപ്പിക്കല്‍ സംവിധാനം, ഉയര്‍ന്ന അളവില്‍ വൈദ്യുതി പ്രസരണശേഷിയുള്ള ഗ്രിഡിന്റെ ആവശ്യകത -ഇവയെല്ലാമാണ് മുഖ്യമായ പരിമിതികള്‍. ഇവയെല്ലാം പരിഹരിക്കാനും ആണവ നിലയങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം സൃഷ്ടിക്കുന്നതിനുമായി ആണവ രാഷ്ട്രങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ഒരു നൂതന ആശയമാണ് സ്‌മോള്‍ മോഡുലാര്‍ റിയാക്ടര്‍ (എസ്.എം.ആര്‍.). എസ്.എം.ആറിൻ്റെ സ്ഥാപിതശേഷി 30 മുതല്‍ 300 വരെ മെഗാവാട്ടാണ്. അതായത് സാധാരണ ആണവ റിയാക്ടറുകളുടെ മൂന്നിലൊന്നു മാത്രം. എസ്.എം.ആറിൻ്റെ സിസ്റ്റംസും ഉപകരണങ്ങളുമെല്ലാം ഫാക്ടറികളില്‍ നിര്‍മ്മിച്ച് സൈറ്റിലേക്ക് കൊണ്ടുപോയി സ്ഥാപിക്കുന്ന തരത്തിലുള്ളവയാണ്. ഇവയുടെ ഉത്പാദനശേഷി വര്‍ദ്ധിപ്പിക്കണമെങ്കില്‍ പുതിയ മോഡ്യൂളുകള്‍ കൂട്ടിചേര്‍ത്താല്‍ മതിയാകും. എസ്.എം.ആറിന്റെ സ്വാഭാവികമായതും പാസ്സീവ് ആയിട്ടുള്ളതുമായ സുരക്ഷാ സംവിധാനങ്ങള്‍ അടിയന്തര സാഹചര്യങ്ങള്‍ ഫലപ്രദമായി നേരിടുവാന്‍ സഹായിക്കുന്നു. ഇന്ധനം നിറയ്ക്കല്‍ പ്രക്രിയ മാസങ്ങളില്‍ നിന്നു വര്‍ഷങ്ങളിലേക്ക് മാറ്റുവാനാണ് ഇപ്പോള്‍ ശ്രമം നടത്തുന്നത്. റിയാക്ടറിന് ചുറ്റുമുള്ള ഒഴിവാക്കല്‍ മേഖലയുടെ വലിപ്പം ഗണ്യമായി കുറയ്ക്കുവാന്‍ എസ്.എം.ആറുകള്‍ക്ക് കഴിയുന്നുണ്ട്.

എസ്.എം.ആറിൻ്റെ വലിയ സാദ്ധ്യതകളെ കണക്കിലെടുത്ത് ഇന്ത്യ ഈ മേഖലയില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. നമ്മുടെ 220 മെഗാവാട്ട് പി.എച്ച്.ഡബ്ലു.ആര്‍. റിയാക്ടര്‍ ഡിസൈന്‍ ഒരു സ്മോള്‍ മോഡുലാര്‍ റിയാക്ടറായി മാറ്റാനാണ് ഉദ്ദേശിക്കുന്നത്. കണ്ടയിന്‍മെന്റ് ഭിത്തികള്‍ സ്റ്റീല്‍ ലൈനിങ് ചെയ്ത് അടിയന്തിര ഘട്ടങ്ങളില്‍ പോലും റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളുടെ ലീക്കേജ് ഇല്ലാതാക്കുവാനുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഭാരത് സ്‌മോള്‍ റിയാക്ടര്‍ (ബി.എസ്.ആര്‍.) പുനര്‍നിര്‍മ്മിക്കുന്നതിനാണ് പരിപാടി. പുതിയ 220 മെഗാവാട്ട് ബി.എസ്.ആര്‍. റിയാക്ടറുകളില്‍ നവീകരിച്ച കണ്‍ട്രോള്‍, ഇന്‍സ്ട്രുമെന്റേഷന്‍ സംവിധാനങ്ങളും ഉള്‍പ്പെടും. 2024-2025 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ ഇതിനു വേണ്ടിയുള്ള ഗവേഷണപരീക്ഷണങ്ങള്‍ക്കായി ഉയര്‍ന്ന തുക മാറ്റിവച്ചിട്ടുണ്ട്. ആറ്റമിക് എനര്‍ജി ആക്ട് ഭേദഗതി ചെയ്ത് ഇതു സംബന്ധമായ ഗവേഷണത്തിലും നിലയങ്ങളുടെ നിര്‍മാണത്തിലും സ്വകാര്യപങ്കാളിത്തം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് എന്‍.പി.സി.ഐ.എല്‍. ഇന്ത്യയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് സന്നദ്ധതാ പത്രങ്ങള്‍ ക്ഷണിച്ചു കഴിഞ്ഞു.

കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയും ആണവനിലയങ്ങളും

കേരളത്തിനുള്ള ഇന്നത്തെ സംസ്ഥാന-കേന്ദ്ര-സ്വകാര്യ മേഖലകളിലെ മൊത്തമായ വൈദ്യുതി ഉത്പാദനശേഷി 7,177 മെഗാവാട്ടാണ്. ഇതില്‍ 2,394 മെഗാവാട്ട് മാത്രമാണ് കെ.എസ്.ഇ.ബിയുടെ നിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ മാത്രം സ്ഥാപിതശേഷി. 2024 മെയ് മാസത്തില്‍ 1 ദിവസത്തെ വൈദ്യുതി ഉപയോഗം 115 ദശലക്ഷം യൂണിറ്റു വരെയായി വര്‍ദ്ധിച്ചു. പീക്ക് ഡിമാന്റ് 5,797 മെഗാവാട്ട് ആയും ഉയര്‍ന്നു. കെ.എസ്.ഇ.ബി. കേരളത്തിനു വെളിയിലുള്ള സ്വകാര്യ വൈദ്യുതി ഉത്പാദകരില്‍ നിന്ന് വൈദ്യുതി വാങ്ങിക്കൊണ്ടിരുന്ന കരാര്‍ നടപടി ക്രമങ്ങളിലെ അപാകങ്ങള്‍ ചൂണ്ടിക്കാട്ടി ഇലക്ട്രിസിറ്റി റെഗുലേറ്റ്റി കമ്മീഷന്‍ കഴിഞ്ഞ വര്‍ഷം റദ്ദാക്കുകയുണ്ടായി. ഈ സാഹചര്യത്തില്‍ സംസ്ഥാനം വളരെ വലിയ വില കൊടുത്ത് വൈദ്യുതി മറ്റ് സംസ്ഥാനങ്ങളിലെ സ്വകാര്യ ഉത്പാദകരില്‍ നിന്ന് വാങ്ങേണ്ടി വരുന്നു. ഇതിനെത്തുടര്‍ന്നാണ് കേരളത്തില്‍ ആണവനിലയം സ്ഥാപിക്കുക എന്ന നിര്‍ദ്ദേശം ഉയര്‍ന്നുവന്നത്. ചില സാങ്കേതിക വിദഗ്ദ്ധരും പൊതുപ്രവര്‍ത്തകരും ആണവനിലയം സ്ഥാപിക്കുന്നതിനെപ്പറ്റി ആശങ്ക പ്രകടിപ്പിച്ചുവരുന്നു.

തമിഴ്‌നാട്ടിലെ കൂടംകുളത്തും കര്‍ണ്ണാടകയിലെ കൈഗയിലും ഉള്ളതുപോലുള്ള പരമ്പരാഗത റിയാക്ടറുകള്‍ ന്യൂക്ലിയര്‍ പാര്‍ക്ക് മാതൃകയില്‍ കേരളത്തില്‍ സ്ഥാപിക്കാന്‍ എന്തായാലും കഴിയില്ല. ഏറ്റവും പുതിയ തരത്തിലുള്ള ആണവനിലയമായ എസ്.എം.ആര്‍. വിഭാഗത്തില്‍പ്പെട്ട ബി.എസ്.ആര്‍. ആണ് കേരളത്തിലേക്കായി പരിഗണിക്കപ്പെടാവുന്നത്. കാസറഗോഡ് ജില്ലയിലെ ചീമേനിയും തൃശ്ശൂര്‍ ജില്ലയിലെ ആതിരപ്പിള്ളിയുമാണ് ഉദ്ദേശിക്കുന്ന സൈറ്റുകള്‍ എന്ന് പറയുന്നു. 220 മെഗാവാട്ട് ശേഷിയുള്ള രണ്ട് ബി.എസ്.ആര്‍. യൂണിറ്റുകള്‍ സ്ഥാപിക്കാമെന്നും അതിനുവേണ്ടി 150 ഏക്കര്‍ സ്ഥലമാണ് വേണ്ടത് എന്നും സ്ഥലമേറ്റെടുത്ത് നല്‍കി കേരളം ആവശ്യപ്പെട്ടാല്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യം പരിഗണിക്കുമെന്നുമുള്ള പ്രസ്താവനകളും കാണുകയുണ്ടായി. ആലപ്പുഴ, കൊല്ലം ജില്ലകളിലെ തീരപ്രദേശത്ത് ധാരാളമായി ലഭ്യമായ തോറിയം ഇന്ധനമായി ഉപയോഗിക്കുതിനെപ്പറ്റിയും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പരമ്പരാഗത റിയാക്ടറുകള്‍ക്കാവശ്യമായ 1.5 കിലോമീറ്റര്‍ ഒഴിവാക്കല്‍ മേഖല ബി.എസ്.ആര്‍. യൂണിറ്റുകള്‍ക്ക് ആവശ്യമില്ലെന്നു മനസ്സിലാക്കുന്നു. അതിനാല്‍ത്തന്നെ ആണവനിലയത്തിനുവേണ്ടി ഏറ്റെടുക്കേണ്ടുന്ന സ്ഥലം പരമ്പരാഗതനിലയങ്ങളെക്കാള്‍ വളരെ കുറവു മതിയാകും.

ആശങ്കകളുടെ ദൂരീകരണം

ഇന്നത്തെ സാഹചര്യത്തില്‍ ആദ്യമായി ആണവനിലയങ്ങളുടെ ആവശ്യകത സര്‍ക്കാര്‍ സാധാരണക്കാരെ ബോദ്ധ്യപ്പെടുത്താനുള്ള ശ്രമം ആരംഭിക്കണം. ബി.എസ്.ആര്‍. പുതിയ രൂപത്തില്‍ തെളിയിക്കപ്പെട്ട ടെക്‌നോളജിയല്ലാത്തതിനാല്‍ പൊതുജനങ്ങളില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ ആണവനിലയങ്ങള്‍ സ്ഥാ പിക്കുന്നതിനു മുമ്പ് ടെക്‌നോളജി ഡെമോണ്‍സ്‌ട്രേഷന്‍ പ്ലാന്റ് നിര്‍മ്മിച്ച് പ്രവര്‍ത്തനം പൊതുജനങ്ങളെ ബോധ്യപ്പെടുത്തിയാല്‍ ഇതിനൊരു പരിഹാരമാകും. പദ്ധതിയുടെ പ്രതീക്ഷിത ചെലവ്, പദ്ധതിക്കും അനുബന്ധ ആവശ്യങ്ങള്‍ക്കും ആയി ആകെ വേണ്ടിവരുന്ന സ്ഥലം, ബി.എസ്.ആര്‍. തരത്തിലുള്ള ആണവനിലയത്തില്‍നിന്നുള്ള വൈദ്യുതിയുടെ പ്രതീക്ഷിത യൂണിറ്റ് എനര്‍ജി കോസ്റ്റ്, നിലയത്തിന്റെ ഡിസൈന്‍ ലൈഫ് ഇവയെല്ലാം കേരള സര്‍ക്കാരിന് വെളിപ്പെടുത്താവുന്നതാണ്. സ്ഥലമേറ്റെടുത്തു നല്കിയാല്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുവാനുള്ള സമയം, ആദ്യ കോണ്‍ക്രീറ്റിങ് മുതല്‍ വൈദ്യുതി ഉത്പാദനമാരംഭിച്ച് ഗ്രിഡിലേക്ക് കണക്റ്റ് ചെയ്യുവാനെടുക്കുന്ന സമയം ഇവയെല്ലാം അറിയുവാന്‍ പൊതുജനങ്ങള്‍ക്ക് താല്പര്യമുണ്ടാകും. ബി.എസ്.ആര്‍. പദ്ധതിയെപ്പറ്റിയുള്ള പ്രധാനപ്പെട്ട വിവരങ്ങള്‍ പരസ്യപ്പെടുത്തിയാല്‍ ജനങ്ങളുടെ സംശയങ്ങള്‍ക്ക് വലിയ അളവില്‍ പരിഹാരമാകും.

ബി.എസ്.ആറിനു ചുറ്റുമുള്ള ഒഴിവാക്കല്‍ മേഖല ഗണ്യമായി കുറച്ചിരിക്കുന്നത് സുരക്ഷയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്ന ഇന്ധനം ഏതാണെന്നും അത് എവിടെ നിന്നാണ് ലഭിക്കുന്നതെന്നും വ്യക്തമാക്കണം. കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ലഭ്യമായ തോറിയം ഇന്നത്തെ നിലയില്‍ ഈ റീയാക്ടറുകളില്‍ ഇന്ധനമായി ഉപയോഗിക്കാന്‍ കഴിയില്ലെന്ന വസ്തുത അംഗീകരിച്ചുകൊണ്ടാകണം കേരള സര്‍ക്കാര്‍ മുമ്പോട്ടു നീങ്ങേണ്ടത്. റിയാക്ടറിലെ ഉപയോഗിച്ച ഇന്ധനം കൈകാര്യം ചെയ്യുന്ന രീതിയെപ്പറ്റി വിശദീകരിക്കണം. നിലയം ഉത്പാദിപ്പിക്കുന്ന ന്യൂക്ലിയര്‍ മാലിന്യങ്ങള്‍ എത്രമാത്രമാണെന്നും അത് കൈകാര്യം ചെയ്യുന്നത് ഏതു രീതിയിലാണെന്നും അറിയിക്കണം. ന്യൂക്ലിയര്‍ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ബി.എ.ആര്‍.സിയില്‍ നടന്നുവരുന്ന ഗവേഷണപ്രവര്‍ത്തനങ്ങളെ പൊതുജനങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിച്ച് ആശങ്ക പരിപൂര്‍ണ്ണമായും ദൂരീകരിക്കണം.

ആണവനിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി വിദഗ്ധപരീശീലനം ലഭിച്ച സാങ്കേതിക വിദഗ്ദ്ധര്‍ എന്‍.പി.സി.ഐ.എല്ലില്‍ ഉണ്ട് എന്നുള്ളത് ആശ്വാസകരമാണ്. തികച്ചും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ആറ്റമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡ് സുരക്ഷാ നിര്‍ണ്ണയ പരിശോധനാ കാര്യങ്ങളില്‍ അവസാന വാക്കാണെന്നത് ഇന്ത്യയിലെ ആണവനിലയങ്ങളുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നു. എന്താണെങ്കിലും കേരളത്തിന്റെ സ്ഥിരതയുള്ള വൈദ്യുതോത്പാദന സ്ഥാപിത ശേഷിയില്‍ കാര്യമായ വര്‍ദ്ധന ഉണ്ടാക്കുവാന്‍ വേറെ പോംവഴികള്‍ ഇപ്പോള്‍ കാണുന്നില്ല. ഇന്നത്തെ സാഹചര്യത്തില്‍ സാധ്യതകളും പരിമിതികളും നന്നായി പഠിച്ച് വളരെ കൃത്യതയോടെ വിശകലനം ചെയ്ത് പൊതുജനസ്വീകാര്യതയോടെ തീരുമാനമെടുക്കേണ്ട ഒരു കാര്യമാണിത്. ആദ്യപടിയായി അതിനു വേണ്ടുന്ന ബോധവത്കരണ പരിപാടികള്‍ക്ക് കേരള സര്‍ക്കാരും കെ.എസ്.ഇ.ബിയും നേതൃത്വം നല്കണം. അണുശക്തി വകുപ്പും എന്‍.പി.സി.എല്ലും സാങ്കേതിക സഹാ യങ്ങള്‍ നല്‍കി സഹകരിക്കുകയും വേണം. അങ്ങനെ വൈദ്യുതി സ്വയം പര്യാപ്തതയിലേക്ക് കേരളത്തെ മാറ്റുവാനുള്ള ശ്രമത്തിന് തുടക്കം കുറിക്കാം.


ആണവോർജ്ജ വകുപ്പിലെ മുതിർന്ന ശാസ്ത്രജ്ഞനായും ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യയുടെ സ്വതന്ത്ര ഡയറക്ടറായും പ്രവർത്തിച്ചയാളാണ് ലേഖകൻ. ഇപ്പോൾ വിശ്വജ്യോതി കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോജി പ്രിന്‍സിപ്പല്‍

Recent Articles

Related Articles

Special

Enable Notifications OK No thanks