Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി:∙ നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവയ്ക്കാൻ തമിഴ്നാട് ഗവർണർ സ്വന്തമായി നടപടിക്രമം രൂപപ്പെടുത്തിയെന്നാണു മനസ്സിലാകുന്നതെന്ന് സുപ്രീം കോടതി. നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അനുമതി നിഷേധിക്കുന്നത് എത്രയും വേഗം നിയമസഭയെ അറിയിക്കേണ്ടതല്ലേ എന്നും കോടതി ചോദിച്ചു.
ഗവർണർ ആർ.എൻ.രവി 3 വർഷമായി ബില്ലുകൾ പിടിച്ചുവയ്ക്കുന്നത് ചോദ്യം ചെയ്യുന്ന ഹർജികൾ പരിഗണിക്കുന്ന ബെഞ്ച് ഗവർണറെ തുടർച്ചയായി രണ്ടാം ദിവസമാണ് വിമർശിക്കുന്നത്. നടപടിയെടുക്കാതെ ഗവർണർക്ക് വെറുതെയിരിക്കാൻ കഴിയുമോയെന്നു ജഡ്ജിമാരായ ജെ.ബി.പർദിവാല, ആർ.മഹാദേവൻ എന്നിവർ ചോദിച്ചു.
എന്തെല്ലാം ഘടകങ്ങൾ പരിഗണിച്ചാണ് ബില്ലുകൾ രാഷ്ട്രപതിക്കു വിടുന്നതെന്ന് അറിയാൻ താൽപര്യമുണ്ട്. ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ മാറ്റുന്നത് നിയമ വിരുദ്ധമാകുമോ എന്നതിലും വ്യക്തത തേടി.
ബില്ലുകൾ പിടിച്ചുവയ്ക്കുമ്പോൾ നൽകേണ്ട മറുപടി അറിയിക്കണം. വിയോജിപ്പുണ്ടെങ്കിൽ ബിൽ മടക്കി അയക്കേണ്ടത് ഭരണഘടനയുടെ 200ാം വകുപ്പുപ്രകാരം ഗവർണറുടെ ചുമതലയല്ലേ എന്നും കോടതി ചോദിച്ചു. കേസിൽ വസ്തുത പരിശോധന നടത്തുമെന്നും വ്യക്തമാക്കി. കേസിൽ തിങ്കളാഴ്ച വാദം തുടരും.