Follow the FOURTH PILLAR LIVE channel on WhatsApp
ഏകദിന ക്രിക്കറ്റിൽ ആദ്യ വിക്കറ്റുകൾ പെട്ടെന്ന് വീണ ശേഷം സമയമെടുത്തു വലിയ പാർട്ണര്ഷിപ് കെട്ടിപ്പടുത്ത ശേഷം അടിച്ചു കയറുന്ന രീതി ഉണ്ടല്ലോ, അത് കാണുന്ന ഫീൽ ആണ് ധന മന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച ബഡ്ജറ്റ് കാണുമ്പോൾ.
ധാരാളം വികസന പദ്ധതികൾ, ഇടതു സർക്കാരിന്റെ സ്വപ്ന പദ്ധതികൾക്കെല്ലാം വലിയ തുകകൾ, ചെയ്തു തീർക്കേണ്ടതൊക്കെ ചെയ്തു തീർത്തും കേന്ദ്ര സർക്കാർ വഴി മുടക്കികൾ ആയി ഇടാൻ ശ്രമിച്ച പ്രതിസന്ധികൾ മറികടന്നും സൂപ്പർ സ്കോറിലേക്ക് പോകുന്ന ബഡ്ജറ്റ്. ധനമന്ത്രിയെയും ടീമിനെയും സർക്കാരിനെയും എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
- വയനാട് പുനരധിവാസത്തിന് 750 കോടിയുടെ ആദ്യ പദ്ധതി
- റോഡുകൾക്കും പാലങ്ങൾക്കും 3,061 കോടി
- ജലപാതയ്ക്ക് 500 കോടി
- ലൈഫ് മിഷന് 1160 കോടി, 5.5 ലക്ഷം വീടുകൾ പൂർത്തിയാക്കും
- വിഴിഞ്ഞം കൊല്ലം പുനലൂർ വ്യാവസായിക ഇടനാഴിക്ക് 1,000 കോടി
- വയനാട് തുരങ്ക പാതയ്ക്ക് 2,100 കോടി
- കെ.എസ്.ആർ.ടി.സിക്ക് 6,965 കോടി
- ഡി.എ. കുടിശ്ശിക പെൻഷനുമായി ചേർക്കും, സർവീസ് പെൻഷൻ കുടിശ്ശിക കൊടുത്ത് തീർക്കും. ശമ്പള കുടിശിക രണ്ടു ഗഡുക്കൾ കൂടി കൊടുത്തു തീർക്കും
- ആരോഗ്യ മേഖലയ്ക്ക് ആകെ നൽകുന്നത് 10,431 കോടി
- തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം 15,980 കോടി
ഇടതു സർക്കാർ നൽകിയ വാഗ്ദാനങ്ങൾ എല്ലാം പൂർത്തിയാക്കാൻ സാധിക്കുന്ന ബഡ്ജറ്റാണ് ഇത്തവണത്തേത്. ചെയ്യേണ്ടുന്ന പുതിയ പദ്ധതികൾക്കും ചെയ്തു തീർക്കാൻ ഉണ്ടായിരുന്നവയ്ക്കും തുക കണ്ടെത്താൻ സാധിച്ചിട്ടുണ്ട്.
ഇതെല്ലാം ചെയ്തതും ധനകമ്മിയും റവന്യു കമ്മിയും കുറച്ചു കൊണ്ടാണ് എന്നതാണ് പ്രശസനീയം. ധനകമ്മി 2.9 ശതമാനം ആയി കുറഞ്ഞു. കഴിഞ്ഞ വർഷം ഇത് 3.5 ശതമാനം ആയിരുന്നു. കോവിഡ് കാലത്ത് 4 ശതമാനത്തിനും മുകളിൽ പോയിരുന്നു. അതായത് കടമെടുക്കൽ ഗണ്യമായി കുറയ്ക്കാനും സാധിച്ചു.
ഇത് മുൻപും പറഞ്ഞിട്ടുള്ളതാണ്. കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുകയാണ്. കാരണം നമ്മുടെ വരുമാനം ഉയരുകയാണ്. പെൻഷനും ശമ്പളവും അത്രയ്ക്ക് ഉയരുന്നില്ല. ഇപ്പോൾ കടവും പലിശയും കൂടി പിടിച്ചു നിർത്തിയിട്ടുണ്ട്. എന്നാൽ തനത് വരുമാനം ഇത്തവണ 50 ശതമാനം വർധിച്ചു. കേരളത്തിന്റെ സാമ്പത്തിക വളർച്ച 10.5 ശതമാനം ആണ്! 50,000 കോടിയാണ് നമുക്ക് അധികമായി ഈ വർഷം ചിലവഴിക്കാൻ സാധിക്കുന്നത്.
കേന്ദ്രത്തിന്റെ കടുത്ത അവഗണയ്ക്കും പ്രതിസന്ധി നിർമ്മിക്കലിനും മുന്നിൽ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കുതിച്ചു ചാട്ടം നൽകിയ, ധനസ്ഥിതി മെച്ചപ്പെടുത്തിയ, സർക്കാരിന്റെ സ്വപ്ന പദ്ധതികൾ യാഥാർഥ്യമാക്കാൻ സഹായിച്ച ഏറ്റവും മികച്ച 5 വർഷങ്ങൾ തന്നെയാണ് ധനവകുപ്പ് തന്നത്. ശ്രമകരമായ ഒരു പോരാട്ടത്തിൽ ഗംഭീരമായി വിജയിച്ചു വരുന്ന സന്തോഷവും അഭിമാനവും ധനമന്ത്രി സഖാവ് ബാലഗോപാലിനും ടീമിനും രണ്ടാം പിണറായി സർക്കാരിനും പാർട്ടിക്കും സ്വന്തം!
പാഴ്വാക്കുകൾ പറയില്ല, പറയുന്നത് ചെയ്യും, അതിനി കേരളത്തിലെ പ്രതിപക്ഷവും മീഡിയയും അല്ല കേന്ദ്ര സർക്കാരും സംവിധാനങ്ങളും തന്നെ വഴിമുടക്കാൻ നോക്കി മുന്നിൽ നിന്നാലും. അതും കൂടിയാണ് ജനപക്ഷ ഇടതു ബദൽ.