രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്ത് രാജ്യസഭയിൽ എ.എ.റഹിം നടത്തിയ പ്രസംഗം
ഒരു സ്ത്രീയായ, ബഹുമാനപ്പെട്ട രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ എൻ്റെ പ്രസംഗം ഞാൻ മറ്റു 4 സ്ത്രീകൾക്കു വേണ്ടി സമർപ്പിക്കുന്നു. ആദ്യത്തേത് ഗുജറാത്ത് വംശഹത്യയുടെ ഇരയായ മുൻ പാർലമെന്റ് അംഗം എഹ്സാൻ ജഫ്രിയുടെ ഭാര്യ പരേതയായ സാകിയ ജഫ്രിയാണ്. മരണം വരെ സാകിയ നീതിക്കുവേണ്ടി പോരാടി. രണ്ടാമത്തേതും മൂന്നാമത്തേതും മണിപ്പുരിൽ നഗ്നരായി പരേഡ് ചെയ്യപ്പെട്ട 2 സ്ത്രീകളാണ്; നാലാമത്തേത് ഉത്തർപ്രദേശിലെ അയോധ്യയിൽ ഇന്നലെ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊലചെയ്യപ്പെട്ട കനാലിൽ എറിയപ്പെട്ട ദളിത് സ്ത്രീയാണ്.
Follow the FOURTH PILLAR LIVE channel on WhatsApp
നമ്മുടെ രാജ്യം നീതി നിഷേധിക്കപ്പെട്ടവരുടെ ഇന്ത്യയായി മാറിയിരിക്കുന്നു. ബുൾഡോസർ രാജിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഇന്ത്യയായി മാറിയിരിക്കുന്നു. ന്യൂനപക്ഷങ്ങൾക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയാത്ത ഇന്ത്യയായി മാറിയിരിക്കുന്നു.
മണിപ്പുരിലെ 2 സ്ത്രീകളെ നഗ്നരായി പരേഡ് ചെയ്യപ്പെട്ടിട്ട്എത്ര കാലമായി? ആ കേസ് ഇപ്പോൾ എവിടെ എത്തി? അവർക്ക് നീതി ഉറപ്പാക്കാൻ ഇതുവരെയും കേന്ദ്ര സർക്കാരിന് കഴിഞ്ഞോ?
ഞാൻ ആവർത്തിക്കുകയാണ് ഈ രാജ്യം നീതി നിഷേധിക്കപ്പെട്ടവരുടെ രാജ്യമായി മാറിയിരിക്കുന്നു. ഡൽഹി തിരഞ്ഞെടുപ്പ് ദിവസം പ്രധാനമന്ത്രി കുംഭമേളയിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ അതേ പ്രധാനമന്ത്രി മണിപ്പുരിലേക്ക് പോകാത്തത് എന്തുകൊണ്ടാണ്?
കുംഭമേളയിൽ മരിച്ചവരുടെ കൃത്യമായ കണക്കില്ല. മണിപ്പുരിൽ കൊല്ലപ്പെട്ടവരുടെയും കൃത്യമായ കണക്കില്ല . ആളുകളും ഡാറ്റകളും ഇല്ലാതാകുന്ന കാലമാണിത്! പാർലമെന്റിൽ പോലും നിർണായക ഡാറ്റകൾ ലഭിക്കുന്നില്ല. ക്രിസ്ത്യൻ പള്ളികൾക്കെതിരായ അക്രമത്തെക്കുറിച്ച് ഞാൻ ചോദിച്ചപ്പോൾ, കേന്ദ്ര സർക്കാരിന്റെ പക്കൽ ആ ഡാറ്റ ഇല്ല എന്നായിരുന്നു എനിക്ക് ലഭിച്ച പ്രതികരണം.
ഈ രാജ്യത്ത് മുസ്ലിങ്ങൾ, ക്രിസ്ത്യാനികൾ, ദളിതർ, മറ്റ് അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങൾ എന്നിവർക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ അക്രമങ്ങൾ തടയുന്നതിനുപകരം, സർക്കാർ ക്രിമിനലുകളെ പിന്തുണയ്ക്കുകയാണ്. സംഭലിൽ കലാപം ഇളക്കിവിടാനുള്ള നിങ്ങളുടെ ശ്രമങ്ങൾ തടയാൻ സുപ്രീം കോടതിക്ക് പോലും ഇടപെടേണ്ടിവന്നു.
ഇങ്ങനെ അക്രമവും അരക്ഷിതാവസ്ഥയും വർദ്ധിച്ചുകൊണ്ടേയിരിക്കുകയാണെങ്കിൽ, രാജ്യം എങ്ങനെ സാമ്പത്തികമായി പുരോഗമിക്കും? സാമ്പത്തിക സർവേ റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തിന്റെ വളർച്ചാ നിരക്ക് സ്ഥിരമായി ഇടിയുകയാണ്. കലാപങ്ങളും അക്രമങ്ങളും ആളിക്കത്തിക്കുന്നതിനുപകരം, നിങ്ങൾ രാജ്യത്തിന്റെ പുരോഗതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.
രാഷ്ട്രപതിയുടെ പ്രസംഗം പൊള്ളയായ വാഗ്ദാനങ്ങൾ നിറഞ്ഞ ഒരു തിരക്കഥ മാത്രമാണ്. വിലക്കയറ്റത്തെക്കുറിച്ച് അതിൽ പരാമർശിക്കുന്നില്ല. തൊഴിലില്ലായ്മയെക്കുറിച്ച് അതിൽ പരാമർശിക്കുന്നില്ല. ഈ രാജ്യത്ത് വളർന്നുവരുന്ന അസമത്വത്തെക്കുറിച്ച് അതിൽ പരാമർശമില്ല. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചോ അതിനെ ചെറുക്കാനുള്ള പദ്ധതിയെക്കുറിച്ചോ പരാമർശമില്ല.
2050ഓടെ കാർബൺ-ന്യൂട്രൽ ആകുമെന്ന് വാഗ്ദാനം ചെയ്ത ഇന്ത്യയുടെ തലസ്ഥാനത്ത് ഇപ്പോൾ ശുദ്ധവായു പോലുമില്ല. ഇന്നത്തെ വായു ഗുണനിലവാര സൂചിക 294 ആണ് – അതായത് ഏറ്റവും അപകടകരമായ അവസ്ഥ. ഈ ചർച്ചയിൽ പങ്കെടുക്കുന്ന ബി.ജെ.പി. എം.പിമാർ അവകാശപ്പെടുന്നത് ഇന്ത്യ ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുന്നു എന്നാണ്, എന്നാൽ ഈ സർക്കാർ അന്താരാഷ്ട്ര സമൂഹത്തിന് നൽകിയ വാഗ്ദാനങ്ങൾ പോലും നിറവേറ്റുന്നതിൽ പരാജയപ്പെട്ടു എന്നതാണ് സത്യം.
രാജ്യത്തിന്റെ തൊഴിലില്ലായ്മ പരിഹരിക്കാൻ ഇന്റേൺഷിപ്പുകൾ മാത്രം മതിയാകില്ലെന്ന് ഞങ്ങൾ നേരത്തെ പറഞ്ഞിരുന്നു. തൊഴിലില്ലായ്മയ്ക്ക് പരിഹാരമാകുമെന്ന് പറഞ്ഞുകൊണ്ട് നിങ്ങൾ ഇന്റേൺഷിപ്പ് പദ്ധതി അവതരിപ്പിച്ചത്. എന്നാൽ ഇന്ന് ഈ സഭയിൽ ഒരംഗമായ മഹുവ മാജിയുടെ ഒരു ചോദ്യത്തിന് ഇന്റേൺഷിപ്പ് പദ്ധതി എന്നാൽ തൊഴിലവസരമല്ലെന്ന് ധനകാര്യ മന്ത്രി മറുപടി നൽകി. ഇത് ഒരു എക്സ്പോഷർ മാത്രമാണ് എന്നാണ് മന്ത്രി ഇന്ന് പറഞ്ഞത്. മാന്യമായ ശമ്പളമുള്ള ജോലിയാണ് യുവാക്കൾ ആവശ്യപ്പെടുന്നത്. ജോലിയും മാന്യമായ ശമ്പളവുമാണ് ഞങ്ങൾക്ക് ആവശ്യം.
നിത്യോപയോഗ സാധങ്ങനങ്ങൾക്കുള്ള വില വർദ്ധനവ്, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, വർദ്ധിച്ചുവരുന്ന അസമത്വം എന്നിവയാൽ ജനങ്ങൾ കഷ്ടപ്പെടുകയാണ്. എന്നിട്ടും സർക്കാർ നിസ്സംഗത പാലിക്കുന്നു. കർഷകർ ബുദ്ധിമുട്ടുന്നു, തൊഴിലാളികൾ ചൂഷണം ചെയ്യപ്പെടുന്നു, വിദ്യാർത്ഥികൾ അനിശ്ചിതമായ ഭാവിയെ നേരിടുകയാണ്. സർക്കാർ വലിയ പ്രഖ്യാപനങ്ങൾ നടത്തുകയാണെങ്കിലും സാധാരണ പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്താൻ യഥാർത്ഥ ശ്രമമൊന്നുമില്ല.