29 C
Trivandrum
Wednesday, February 5, 2025

കേന്ദ്ര അവഗണന പ്രതിരോധിക്കാൻ എല്ലാവരും മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി

തളിപ്പറമ്പ്: കേന്ദ്രം കാട്ടുന്ന ക്രൂരമായ അവഗണനയ്ക്കെതിരെ കേരളത്തിൻ്റെ ശക്തമായ വികാരം ഉയർത്തിക്കൊണ്ടുവരാൻ കോൺഗ്രസും ലീഗും അടങ്ങുന്ന പ്രതിപക്ഷമടക്കം എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടു വരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. സി.പി.എം. കണ്ണൂർ ജില്ല സമ്മേളനത്തിൻ്റ സമാപന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Follow the FOURTH PILLAR LIVE channel on WhatsApp 

കേന്ദ്രം നേരത്തെ തുടർന്നുകൊണ്ടിരിക്കുന്ന അവഗണന അതെക്കാൾ വലിയ തോതിൽ ആവർത്തിക്കുകയാണ്. ഒരു സംസ്ഥാനം എന്ന നിലയിൽ അവകാശപ്പെട്ടതാണ് നിഷേധിക്കുന്നത്. അതല്ലാതെ ദയ യാചിച്ച് നിൽക്കുന്നതല്ല. രാജ്യത്തിൻ്റെ ഒരു സംസ്ഥാനം എന്ന നിലയിൽ കിട്ടേണ്ടത് കിട്ടണം. ഇതര സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനമാണ് കേരളം. ആ അഭിപ്രായ വ്യത്യാസവും രാഷ്ട്രീയ വിരോധവും വെച്ച് ജനങ്ങളെയാകെ ശിക്ഷിക്കാൻ പാടുണ്ടോ എന്നതാണ് ഗൗരവമായ ചോദ്യം.

വർഷങ്ങളായി കേരളം ആവശ്യപ്പെടുന്നതാണ് എയിംസ്. പല അവസരങ്ങളിലും ഏതാണ്ട് അനുവദിച്ച നിലയിലാണ് പ്രധാനമന്ത്രി ഉൾപ്പെടെ പ്രതികരിച്ചത്. പക്ഷേ ഈ ബജറ്റിലും അനുവദിച്ചില്ല. രാജ്യത്തിന് വൻ വരുമാനം നേടി തരുന്ന ഏറ്റവും വലിയ പോർട്ട് ആയി വിഴിഞ്ഞം മാറുകയാണ്. അതിൻ്റെ ഉദ്ഘാടനം വരെ അടുത്തെത്തി. പക്ഷേ, ഒന്നും അനുവദിച്ചില്ല. രാജ്യം കണ്ട വലിയ ദുരന്തമാണ് ചൂരൽമല -മുണ്ടക്കൈ ഉരുൾപൊട്ടൽ. പ്രധാനമന്ത്രി ഉൾപ്പെടെ വന്ന് എല്ലാം കണ്ടു. പക്ഷേ നയാ പൈസ അതിനുമില്ല.

ഇങ്ങനെ ഒരു തരത്തിലുള്ള സഹായവും നൽകാതെ പകപോക്കൽ നടപടിയാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഇതിനെ എൽ ഡി എഫ് സർക്കാരിനെതിരായ നടപടിയായി കണ്ടാൽ പോര. മറിച്ച് നാടിനെയും ജനങ്ങളെയും ബാധിക്കുന്ന പ്രശ്നമാണ്. നാടിനെ പുറകോട്ടടിപ്പിക്കുകയാണ്.

ഇതേക്കുറിച്ച് ചില ബി.ജെ.പി. വക്താക്കൾ നടത്തുന്ന പ്രതികരണം എത്രമാത്രം വിചിത്രമാണ്. ഇത്തരം പ്രതികരണത്തിലൂടെ അവർ ജനങ്ങൾക്ക് മുന്നിൽ പരിഹാസ്യരാവുകയാണ്. കേരളം പിറകിലാണെന്ന് പറഞ്ഞാൽ സഹായം തരുമെന്നാണ് ഒരാൾ പറഞ്ഞത്. കേരളത്തിൻ്റെ പ്രശ്നങ്ങൾ അറിയാത്തവരാണോ ഇവർ. കേരളത്തിൻ്റെ ഒരു ഭാഗത്ത് തീരദേശവും മറുഭാഗത്ത് മലയോരവുമാണ്. തീരദേശത്തെ കടലാക്രമണത്തിൽ നിന്നും സംരക്ഷിക്കണം. മത്സ്യതൊഴിലാളികൾക്ക് വാസസ്ഥലം ഒരുക്കണം. മലയോര മേഖലയിൽ വന്യമൃഗ ശല്യമാണ്. ഇവയെ സംരക്ഷിക്കുന്നതാണ് കേന്ദ്ര സർക്കാർ നിയമങ്ങൾ. അതു കാരണം അവ പെരുകുന്നു. നാട്ടിലേക്കിറങ്ങി മനുഷ്യജീവനും സ്വത്തും നശിപ്പിക്കുന്നു. വന്യ ജീവി സംരക്ഷണത്തിനിടെ മനുഷ്യനെ കാണുന്നില്ല. മനുഷ്യൻ്റെ സുരക്ഷ ചിന്തിക്കുന്നില്ല. ഇതിനെല്ലാം ശാശ്വത പരിഹാരം വേണം. എന്നാൽ കേട്ട ഭാവമില്ല.

ഇതൊന്നും കാണാതെയാണ് ചിലർ വികട ന്യായം ഉന്നയിക്കുന്നത്. ഇവർ ഇവിടെത്തന്നെയല്ലേ ജീവിക്കുന്നത്. ഇവരോട് സഹതപിക്കുകയല്ലാതെ എന്തു ചെയ്യുമെന്നും മുഖ്യമന്ത്രി ചോദിച്ചു. കേന്ദ്രത്തിൻ്റെ തെറ്റുകൾ ചോദ്യം ചെയ്യാൻ പ്രതിപക്ഷം തയ്യാറായിരുന്നില്ല. എന്നാൽ വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായപ്പോൾ അതിന് മാറ്റം വന്നു. അതിന് മുമ്പ് തീർത്തും കേരള വിരുദ്ധ സമീപനമായിരുന്നു. കേന്ദ്രത്തിൻ്റെ കേരള വിരുദ്ധ സമീപനത്തിൽ പ്രതിഷേധിക്കാൻ എല്ലാവരും ഒന്നിച്ചു നിൽക്കണം.

കേന്ദ്രത്തിൻ്റേത് ജനവിരുദ്ധ നയങ്ങളാണെന്ന് എല്ലാവരും പറയുന്നു ഇത് ബി.ജെ.പിയുടെയോ മോദിയുടെയോ മാത്രം നയങ്ങളാണോ. ഇത് കൊണ്ടുവന്നത് കോൺഗ്രസല്ലേ? കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ ഈ നയങ്ങൾ തിരുത്താൻ തയ്യാറുണ്ടോയെന്നും പിണറായി ചോദിച്ചു.

Recent Articles

Related Articles

Special

Enable Notifications OK No thanks