Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: ഒരു നടനെന്ന നിലയിൽ മികച്ച പ്രകടനത്തിന് അവസരം നൽകുന്ന ഈ ചിത്രം മനുഷ്യ വികാരങ്ങളുടെ ആഴം പിടിച്ചെടുക്കുന്ന മനോഹരമായ കഥയെന്ന് ദുൽഖർ സൽമാൻ തന്നെ പറഞ്ഞ കാന്ത എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ഈ ചിത്രം സെൽവമണി സെൽവരാജ് ആണ് എഴുതി സംവിധാനം ചെയ്യുന്നത്. ദ ഹണ്ട് ഫോർ വീരപ്പൻ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് സെൽവമണി സെൽവരാജ്.
ദുൽഖർ സൽമാൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചതിന്റെ 13ാം വാർഷികം ആഘോഷിക്കുന്ന വേളയോട് അനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. രണ്ട് ശ്രദ്ധേയമായ നിർമ്മാണ കമ്പനികളെ ഒരുമിപ്പിച്ചു കൊണ്ട് വരുന്ന ചിത്രം കൂടിയാണ് കാന്ത. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ഈ ബഹുഭാഷാ ചിത്രം നിർമ്മിക്കുന്നത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത് എന്നാണ് സൂചന. ദുൽഖർ സൽമാനൊപ്പം റാണ ദഗ്ഗുബതി, സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ചിത്രത്തിന്റെ ട്രെയിലറും കൂടുതൽ വിശദാംശങ്ങളും വരും മാസങ്ങളിൽ വെളിപ്പെടുത്തും.
മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് കാന്ത. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും.
ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്ദർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്.