കൊച്ചി : ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിലിരിക്കെ ബോബി ചെമ്മണ്ണൂരിന് ജയിലിൽ വി.ഐ.പി. പരിഗണന നൽകിയെന്ന ആരോപണത്തിൽ ഉന്നതതല അന്വേഷണം തുടങ്ങി. തിരുവനന്തപുരം ജയിൽ ആസ്ഥാനത്തെ ഡി.ഐ.ജി. എം.കെ.വിനോദ് കുമാർ കാക്കനാട് ജില്ലാ ജയിലിൽ നേരിട്ടെത്തി.
Follow the FOURTH PILLAR LIVE channel on WhatsApp
ബോബി ചെമ്മണ്ണൂരിന് ജയിലിൽ വി.ഐ.പി. പരിഗണന നൽകിയെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്മേൽ മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് അടിയന്തര അന്വേഷണത്തിന് ജയിൽ വകുപ്പ് തുടക്കം കുറിച്ചത്. ജയിൽ ഡി.ജി.പി. ബൽറാ കുമാർ ഉപാദ്ധ്യായയുടെ നിർദേശ പ്രകാരം ഡി.ഐ.ജി. വിനോദ് കുമാർ വ്യാഴാഴ്ച രാവിലെ 10.30ഓടെ കാക്കനാട് ജില്ലാ ജയിലിൽ എത്തി ജയിൽ അധികൃതരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.
മധ്യമേഖലാ ജയില്‍ ഡി.ഐ.ജി. പി.അജയകുമാർ ബോബി ചെമ്മണൂരിനെ ജയിലിൽ നേരിട്ട് എത്തി കണ്ടെന്നും കൂടെ ബോബിയുടെ അടുപ്പക്കാരായ 3 പേർ ഉണ്ടായിരുന്നുവെന്നുമാണ് ആരോപണം. 3 പേരുമായി ജയിലിനകത്ത് ബോബി ചെമ്മണ്ണൂരിന് മുഖാമുഖം സംസാരിക്കാൻ അവസരമൊരുക്കി. ജയിലിൽ നിന്ന് ഫോൺ വിളിക്കാൻ 200 രൂപ കൊടുത്തുവെന്നും ആരോപണമുണ്ട്. ഇതിലെല്ലാമാണ് വിശദമായ അന്വേഷണം.
ബോബിയെ ജയിലില്‍ സന്ദര്‍ശിച്ചുവെന്ന ആരോപണം അജയകുമാർ സമ്മതിച്ചിട്ടുണ്ട്. ബോബി ചെമ്മണൂരിനെ തനിക്ക് മുന്‍പരിചയമുണ്ട്. സൂപ്രണ്ടിന്റെ മുറിയിലേക്ക് ബോബി ചെമ്മണൂരിനെ വിളിച്ച് സൂപ്രണ്ടിന്റെ സാന്നിധ്യത്തിലാണ് കണ്ടത്. ഒരു പരാതി അന്വേഷിക്കാനായി കാക്കനാട് ജില്ലാ ജയിലില്‍ പോയപ്പോഴായിരുന്നു ഇതെന്നും ഡി.ഐ.ജി. വിശദീകരിച്ചു.
ഈ സമയത്ത് തന്റെ 2 സുഹൃത്തുകള്‍ ജയിലിന് പുറത്തുണ്ടായിരുന്നു. ബാലചന്ദന്‍, അഭിലാഷ് എന്നിങ്ങനെ 2 പേരായിരുന്നു പുറത്തുണ്ടായിരുന്നത്. ഇവരെ അകത്തേക്ക് പ്രവേശിപ്പിക്കണമെന്ന സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. എന്നാല്‍, ഇവരുടെ പേര് രേഖപ്പെടുത്താത്തതിന് പിന്നിലെ കാരണം തനിക്കറിയില്ലെന്നും ഡി.ഐ.ജി പ്രതികരിച്ചു. ഇവരുടെ പേര് സന്ദര്‍ശക രജിസ്റ്ററില്‍ രേഖപ്പെടുത്താത്തതിന് ഉത്തരവാദി താന്‍ അല്ലെന്നുമാണ് ജയില്‍ മേധാവിക്ക് നല്‍കിയ വിശദീകരണത്തില്‍ അജയകുമാർ പറഞ്ഞു.
വടക്കാഞ്ചേരി സ്വദേശിയായ ബാലചന്ദ്രൻ ജയിലിലെ പല ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുള്ളയാളാണ്. അതേസമയം, അഭിലാഷ് ഒരു വ്യവസായിയാണ്. ഇവര്‍ ബോബി ചെമ്മണൂരിനെ കാണാനെത്തിയതാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ അറിയാനായി കൂടുതല്‍ അന്വേഷണം നടത്തുന്നത്.