തിരുവനന്തപുരം: സി.പി.എം. പ്രവര്‍ത്തകനായിരുന്ന കാട്ടാക്കട അമ്പലത്തിൻകാല സ്വദേശി അശോകനെ (ശ്രീകുമാർ-42) കൊലപ്പെടുത്തി കേസിൽ 8 ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. കേസില്‍ തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ഈ മാസം 15ന് ശിക്ഷ വിധിക്കും.
Follow the FOURTH PILLAR LIVE channel on WhatsApp
ആർ.എസ്.എസ്സുകാരായ ഒന്നാം പ്രതി ആമച്ചൽ തലക്കോണം തെക്കേകുഞ്ചുവീട് ശംഭുകുമാർ, രണ്ടാം പ്രതി കുരുതംകോട് എസ്.എം. സദനത്തിൽ ശ്രീജിത്ത്, മൂന്നാം പ്രതി കുരുതംകോട് മേലേ കുളത്തിൻകര വീട്ടിൽ ഹരികുമാർ, നാലാം പ്രതി കുരുതംകോട് താരാ ഭവനിൽ ചന്ദ്രമോഹൻ, അഞ്ചാം പ്രതി തലക്കോണം തെക്കേകുഞ്ചു വീട്ടിൽ സന്തോഷ് എന്നിവർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായി കോടതി കണ്ടെത്തി. ഏഴാം പ്രതി അമ്പലത്തിൻകാല രോഹിണി നിവാസിൽ അഭിഷേക്, പത്താം പ്രതി അമ്പലത്തിൻകാല പ്രശാന്ത് ഭവനിൽ പ്രശാന്ത്, പന്ത്രണ്ടാം പ്രതി കിഴമച്ചൽ ചന്ദ്രവിലാസം വീട്ടിൽ സജീവ് എന്നിവർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്നും കോടതി കണ്ടെത്തി.
ഒന്നാം പ്രതി ശംഭുകുമാറും അഞ്ചാം പ്രതി സന്തോഷും സഹോദരങ്ങളാണ്. കേസില്‍ ആകെ 19 പ്രതികളാണ് ഉണ്ടായിരുന്നത്. 6, 11, 13, 15, 16, 17, 18, 19 പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു. 8,9 പ്രതികളെ മാപ്പുസാക്ഷികളാക്കി.
2013 മെയ് 5ന് വൈകിട്ട് 6.45ന് ആലംകോട് ജങ്‌ഷനിൽ വെച്ചാണ് അശോകനെ വെട്ടിക്കൊന്നത്. സംഭവം നടന്ന് 11 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. കൊലപാതകത്തിന് ഒട്ടേറെ സാക്ഷികളുണ്ടായിരുന്നു. എന്നാൽ, സാക്ഷികളെ വീട്ടിൽകയറി ഭീഷണിപ്പെടുത്തിയും പണം നൽകി സ്വാധീനിച്ചും കൂറുമാറ്റി. പ്രതികളുടെയും ആർ.എസ്.എസ്സിന്റെയും ഭീഷണിയിൽ മനംനൊന്ത് കേസിലെ പ്രധാനസാക്ഷിയായിരുന്ന അമ്പലത്തിൻകാല കരിമ്പുവിളാകത്ത് സുരേഷ് ഭവനിൽ ഗിരിധരൻ (55) ആത്മഹത്യ ചെയ്‌തിരുന്നു.
കാട്ടാക്കട സി.ഐ. ആയിരുന്ന ശ്രീകുമാറാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യുഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വെമ്പായം എ.എ.ഹക്കിം, അഭിഭാഷകരായ ആറ്റിങ്ങൽ എസ്.പ്രിയൻ,എസ്.എൽ.അതുൽ കൃഷ്‌ണൻ എന്നിവർ ഹാജരായി.