കൊച്ചി: നടി ഹണി റോസിനെതിരേ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസില്‍ ബോബി ചെമ്മണൂരിനെ എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസം അറസ്റ്റിലായ ബോബി ചെമ്മണൂരിനെ വ്യാഴാഴ്ച രാവിലെയാണ് കോടതിയില്‍ ഹാജരാക്കിയത്. ഇതിനൊപ്പം ബോബിയുടെ ജാമ്യഹര്‍ജിയും കോടതി പരിഗണിച്ചിരുന്നു. കോടതിയുടെ ഉത്തരവിന് പിന്നാലെ ബോബി ചെമ്മണൂരിന് ദേഹാസ്വാസ്ഥ്യമുണ്ടായി.
Follow the FOURTH PILLAR LIVE channel on WhatsApp
ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണൂരിനെതിരായി രജിസ്റ്റർചെയ്ത കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി വിലയിരുത്തി. അനുമതിയില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും ഒളിവില്‍ പോകാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നുമുള്ള പൊലീസ് റിപ്പോര്‍ട്ടും കോടതി അംഗീകരിച്ചു.
ഹണി റോസിനെതിരായ ദ്വയാര്‍ഥ പ്രയോഗം അശ്ലീലച്ചുവയുള്ളതാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നതാണ്. കുറ്റകൃത്യങ്ങള്‍ ഗൗരവമുള്ളതാണ്. വലിയ വ്യവസായി ആയതിനാല്‍ നാടുവിടാന്‍ സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ട് ശരിവെച്ചുകൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്.
തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു ജാമ്യഹര്‍ജിയില്‍ ബോബിയുടെ വാദം. മഹാഭാരതത്തിലെ കഥാപാത്രമയ കുന്തി ദേവിയെക്കുറിച്ചാണ് പറഞ്ഞത്. ഹണി റോസിന്റെ ആരോപണങ്ങളെല്ലാം വ്യാജമാണ്. മാത്രമല്ല, നടി പരാതി നല്‍കാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന് പൊലീസ് അന്വേഷിച്ചില്ലെന്നും ബോബി ചെമ്മണൂരിനായി ഹാജരായ അഡ്വ. ബി.രാമന്‍പിള്ള കോടതിയില്‍ വാദിച്ചു.
പരാതിക്കടിസ്ഥാനമായ ഉദ്ഘാടന ചടങ്ങിന് ശേഷവും ഇരുവരും സൗഹൃദത്തിലായിരുന്നു. ഇരുവരും പിന്നീട് മറ്റൊരു പരിപാടിയിലും ഒരുമിച്ച് പങ്കെടുത്തു. പരാതിക്ക് പിന്നില്‍ മറ്റെന്തെങ്കിലും താത്പര്യമാകാം. പ്രസ്തുത പരിപാടിയുടെ വീഡിയോ തെളിവുകളുണ്ട്. നടി തന്നെ ഈ വീഡിയോകള്‍ പങ്കുവെച്ചിരുന്നു. ഈ വീഡിയോകള്‍ കോടതി കാണണമെന്നും പാസ്പോർട്ട് ഹാജരാക്കാൻ തയ്യാറാണെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു.
അതേസമയം, ബോബി ചെമ്മണൂരിന് ജാമ്യം നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. നടി നല്‍കിയ പരാതിയിലെ വിവരങ്ങളും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ദ്വയാര്‍ഥ പദപ്രയോഗം നടത്തിയ പ്രതി തുടര്‍ച്ചയായി നടിയെ അധിക്ഷേപിച്ചു. അനുവാദമില്ലാതെ മോശമായരീതിയില്‍ നടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചു. ആയിരക്കണക്കിനാളുകളുടെ മുന്നില്‍വെച്ചാണ് നടിയെ അപമാനിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പ്രതി സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയുംചെയ്തു. ആ ഉദ്ഘാടനചടങ്ങില്‍നിന്ന് ഏറെ വേദനിച്ചാണ് നടി മടങ്ങിയതെന്നും ജാമ്യം നല്‍കിയാല്‍ പ്രതി ഒളിവില്‍പോകുമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
ജാമ്യമില്ലെന്ന ഉത്തരവ് കേട്ട ബോബി ചെമ്മണൂർ കോടതിയിൽ കുഴഞ്ഞുവീണു. ജാമ്യ ഉത്തരവ് വായിക്കുമ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുകയായിരുന്ന ബോബി, റിമാന്‍ഡ് ചെയ്യുകയാണെന്ന ഭാഗം വായിച്ചുതുടങ്ങിയപ്പോഴാണ് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച് തുടങ്ങിയത്. രക്തസമ്മര്‍ദം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് കുഴഞ്ഞുവീണതെന്നാണ് വിവരം.
മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ അവസരംകിട്ടിയെന്നും നടപടി സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയെന്നും ഹണി റോസ് പ്രതികരിച്ചു. എനിക്ക് സംരക്ഷണംനല്‍കുന്ന സര്‍ക്കാരും പൊലീസുമുള്ള ഒരു സംസ്ഥാനത്ത്, അങ്ങനെയൊരു രാജ്യത്താണ് ജീവിക്കുന്നതെന്ന ഉറച്ചബോധ്യം എനിക്കുണ്ട്. ആ ബോധ്യം ഉള്ളതിനാലാണ് യുദ്ധത്തിനിറങ്ങിത്തിരിച്ചത് -അവര്‍ പറഞ്ഞു.