ബംഗളൂരു: കന്യാകുമാരി സ്വദേശി ഡോ.വി.നാരായണന്‍ ഇന്ത്യൻ ബഹിരാകാശ സംഘടനയുടെ (ഐ.എസ്.ആർ.ഒ.) പുതിയ ചെയര്‍മാനാകും. നിലവില്‍ തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെൻ്റർ (എൽ.പി.എസ്.സി.) മേധാവിയാണ്. നിലവിലെ ചെയര്‍മാന്‍ എസ്.സോമനാഥിന്‍റെ കാലാവധി കഴിയുന്നതിനാലാണ് നിയമനം.
Follow the FOURTH PILLAR LIVE channel on WhatsApp
ഡോ.നാരായണനെ ബഹിരാകാശ വകുപ്പ് സെക്രട്ടറിയും സ്പേസ് കമ്മിഷൻ ചെയർമാനുമായി കേന്ദ്ര സർക്കാർ നിയമിച്ചു. ഈ 2 ചുമതലകളും വഹിക്കുന്നവരാണു സ്വാഭാവികമായി ഐ.എസ്.ആർ.ഒ. ചെയർമാൻ പദവിയും കൈകാര്യം ചെയ്യുന്നത്. നിലവിൽ ഡോ.എസ്.സോമനാഥിനാണ് ഈ 3 ചുമതലകളും. വ്യാഴാഴ്ച നടക്കുന്ന സ്പെഡ്ക്സ് പരീക്ഷണമായിരിക്കും സോമനാഥിന്റെ അവസാന പരിപാടി.
ഇതനുസരിച്ച് ജനുവരി 14നാണ് ഡോ.നാരായണൻ ഐ.എസ്.ആർ.ഒ. ചെയർമാനായി സ്ഥാനമേല്ക്കുക. 2024 മേയിൽ വിരമിച്ച ഡോ. വി.നാരായണന് നിലവിൽ എൽ.പി.എസ്.സി. ഡയറക്ടർ സ്ഥാനത്ത് ഒരു വർഷത്തേക്കു തുടർച്ച ലഭിച്ചതാണ്.
റോക്കറ്റിൻ്റെയും ബഹിരാകാശ പേടകത്തിൻ്റെയും പ്രൊപൽഷനിലാണ് ഡോ.നാരായണൻ്റെ വൈദഗ്ധ്യം. റോക്കറ്റ് എൻജിൻ സാങ്കേതികവിദ്യയിൽ വിദഗ്ധനായ അദ്ദേഹം ക്രയോ മാൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. 4 പതിറ്റാണ്ടിലേറെ നീണ്ട കരിയറിനിടെ ഐ.എസ്.ആർ.ഒയിൽ അദ്ദേഹം പ്രധാനപ്പെട്ട ഒട്ടേറെ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. എൽ.പി.എസ്.സി. ഡയറക്ടറായുള്ള സേവനം തുടങ്ങിയിട്ട് 7 വർഷമായി.
ഐ.ഐ.ടി. ഖരഗ്പുരിൽ നിന്ന് എം.ടെക് ബിരുദം നേടി. കവിതാ രാജ് ആണ് ഭാര്യ. ദിവ്യ, കലേഷ് എന്നിവർ മക്കൾ. 2 വര്‍ഷത്തേക്കാണ് നാരായണൻ്റെ നിയമനം.