29 C
Trivandrum
Sunday, December 14, 2025

ആഴ്ചപ്പതിപ്പുകൾക്ക് പുതുഭാവം നല്കിയ പത്രാധിപർ എസ്.ജയചന്ദ്രൻ നായർ അന്തരിച്ചു

Follow the FOURTH PILLAR LIVE channel on WhatsApp 

ബംഗളൂരു: മലയാളത്തിലെ ആഴ്ചപ്പതിപ്പുകളുടെ അലകും പിടിയും മാറ്റുന്നതിൽ നിർണായക സ്വാധീനം ചെലുത്തിയ, മലയാള മാധ്യമരംഗത്തെ അതികായനായ പത്രാധിപർ എസ്.ജയചന്ദ്രൻ നായർ (85) അന്തരിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും നിരൂപകനുമായ അദ്ദേഹത്തിൻ്റെ അന്ത്യം ബംഗളൂരുവിലെ മകന്റെ വസതിയില്‍ വെച്ചായിരുന്നു. ദീര്‍ഘകാലം കലാകൗമുദി, സമകാലിക മലയാളം വാരിക എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു.

1957ല്‍ പ്രസിദ്ധീകരണം ആരംഭിച്ച കെ.ബാലകൃഷ്ണന്റെ കൗമുദിയിലാണ്‌ ജയചന്ദ്രന്‍ നായര്‍ മാധ്യമപ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് കലാകൗമുദിയിലെത്തി. സമകാലിക മലയാളം വാരിക ആരംഭിച്ചത് മുതല്‍ ഒന്നര ദശകക്കാലം അതിന്റെ എഡിറ്ററായിരുന്നു. മലയാള രാജ്യം, കേരള ജനത, കേരള കൗമുദി എന്നീ പത്രങ്ങളിലും പ്രവർത്തിച്ചു.

ലിറ്റററി ജേണലിസം അഥവാ സാഹിത്യ പത്രപ്രവര്‍ത്തനത്തിന്റെ സാധ്യതകള്‍ ജയചന്ദ്രന്‍ നായരെ പോലെ മനസിലാക്കുകയും അത് പുതിയ കാലത്തോട് വിളിച്ചുപറയുകയും ചെയ്തവര്‍ വളരെ വിരളമാണ്. വൃത്തത്തിന്റെ തടവറയില്‍ നിന്ന് കവിതയെ മോചിപ്പിക്കാന്‍ നടത്തുന്ന ശ്രമത്തെ ഭാവനയുടെ സ്വാതന്ത്ര്യ പ്രഖ്യാപനമായി ചിത്രീകരിക്കുന്നതുപോലെയാണ് കഥയുടെ ചട്ടക്കൂടുകള്‍ ഭേദിച്ച് ലിറ്റററി ജേണലിസം നടത്തുന്ന ശ്രമങ്ങളെന്ന് അദ്ദേഹം എഴുതി.

ജയചന്ദ്രന്‍ നായര്‍ രചിച്ച ‘റോസാദലങ്ങള്‍’ എന്ന പുസ്തകം ലോകസാഹിത്യത്തിലെ ക്ലാസിക്കുകളായ കൃതികള്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തി. നിരൂപകനെന്ന നിലയിലും അതുല്യസംഭാവന നല്‍കിയ വ്യക്തിത്വമായിരുന്നു. ഷാജി എന്‍.കരുണിന്റെ വിഖ്യാത ചലച്ചിത്രങ്ങളായ പിറവി, സ്വം എന്നീ സിനിമകളുടെ തിരക്കഥാരചനയിലും അദ്ദേഹം പങ്കാളിയായി. ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയ പിറവി എന്ന ചിത്രത്തിന്റെ കഥയക്കു പുറമെ നിർമ്മാണവും അദ്ദേഹത്തിൻ്റേതായിരുന്നു.

പുഴകളും കടലും, അലകളില്ലാത്ത ആകാശം, ഉന്മാദത്തിന്റെ സൂര്യകാന്തികള്‍, വെയില്‍ത്തുണ്ടുകള്‍ എന്നിവയാണ് പ്രധാനകൃതികള്‍. അദ്ദേഹത്തിന്റെ ആത്മകഥയായ ‘എന്റെ പ്രദക്ഷിണവഴികള്‍’ക്ക് 2012ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. കെ.ബാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരം, സി.എച്ച്.മുഹമ്മദ് കോയ പുരസ്‌കാരം, എം.വി.പൈലി ജേണലിസം അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

കാണാന്‍ കഴിയാത്ത കാഴ്ചകള്‍, വിലക്കപ്പെട്ട ഇടങ്ങള്‍, അവിശ്വസനീയമായ അനുഭവങ്ങള്‍ എന്നിവയിലൂടെ വായനക്കാരന്‍ അനുഗ്രഹീതനാകുന്നുവെന്ന് തിരിച്ചറിഞ്ഞ അതികായന്‍. നാടകീയമായ വായനാനുഭവത്തിന്റെ സാധ്യതകളെ അടുത്തറിഞ്ഞ മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ് വിടവാങ്ങുന്നത്.

പത്രലോകത്തിനും സാഹിത്യലോകത്തിനും വലിയ നഷ്ടമാണ് ജയചന്ദ്രൻനായരുടെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Recent Articles

Related Articles

Special

Enable Notifications OK No thanks