29 C
Trivandrum
Wednesday, February 5, 2025

ഉമാ തോമസ് സ്റ്റേജിൽ നിന്നു വീണു, ഗുരുതര പരുക്കേറ്റ എം.എൽ.എ. വെൻ്റിലേറ്ററിൽ

കൊച്ചി: തൃക്കാക്കര എം.എല്‍.എ. ഉമാ തോമസിന് സ്റ്റേജിൽ നിന്നു വീണ് ഗുരുതരപരുക്ക്. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിൽ ഞായറാഴ്ച വൈകുന്നേരം 6 മണിയോ​ടെയായിരുന്നു അപകടം. നൃത്തപരിപാടിയില്‍ പങ്കെടുക്കാനാണ് ഉമാ തോമസ് സ്‌റ്റേഡിയത്തിലെത്തിയത്.

Follow the FOURTH PILLAR LIVE channel on WhatsApp 

15 അടി ഉയരത്തിൽനിന്ന് താ​ഴേക്ക്​ വീണ ഉമ തോമസിന് തലയ്ക്കും ശ്വാസകോശത്തിനും പരുക്കേറ്റിട്ടുണ്ട്. എം.എൽ.എയുടെ നില ഗുരുതരമായി തുടരുകയാണ്. നട്ടെല്ലിനും മുഖത്തും ചെറിയ പൊട്ടലുകളുണ്ട്​. പാലാരിവട്ടത്തെ റിനൈ മെഡിസിറ്റി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ വെന്‍റിലേറ്ററിലാണ്​.

വാരിയെല്ലിലെ പൊട്ടൽമൂലം ശ്വാസകോശത്തിലേക്ക്​ രക്തസ്രാവമുണ്ടായിട്ടുണ്ട്​. രക്തം കട്ടപിടിച്ച നിലയിലാണ്. അടിയന്തര ശസ്​ത്രക്രിയകൾ ആവശ്യമില്ലെങ്കിലും അപകടനില തരണം ചെയ്​തെന്ന്​ പറയാനാകില്ലെന്ന്​ ഡോക്ടർമാർ അറിയിച്ചു. 24 മണിക്കൂറിനുശേഷം മാത്രമേ തുടർചികിത്സകൾ സാധ്യമാകൂവെന്നാണ്​ അധികൃതർ അറിയിച്ചത്​. ആശുപത്രിയിലെത്തിക്കുമ്പോൾ ബോധമുണ്ടായിരുന്നെങ്കിലും പിന്നീട്​ അബോധാവസ്ഥയിലായി. തലച്ചോറിന്​ പരുക്കുള്ളതായാണ്​ സി.ടി. സ്കാനിങ്ങിൽ കണ്ടെത്തിയത്​.

നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് മൃദംഗ വിഷൻ എന്ന സംഘടനയുടെ നേതൃത്വത്തില്‍ 12,000 നര്‍ത്തകരുടെ ഭരതനാട്യ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഉടനെയാണ്​ വി.ഐ.പി ഗാലറിയിൽനിന്ന്​ എം.എൽ.എ. 15 അടി താഴെ കോൺക്രീറ്റ്​ പാളിയിലേക്ക്​ തലയടിച്ച്​ വീണത്​. തല പൊട്ടി രക്തപ്രവാഹമുണ്ടായി. മൂക്കിലൂടെയും രക്തം വന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. പരിപാടിയുമായി ബന്ധപ്പെട്ട്​ സ്ഥലത്തുണ്ടായിരുന്ന​ ഡോക്ടറും മറ്റും ഓടിയെത്തി തൊട്ടടുത്ത പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

സ്​​റ്റേഡിയത്തിൽ ഗ്രൗണ്ടിനോട്​ ചേർന്ന ഗാലറിയുടെ ആദ്യനിരയിൽ തയാറാക്കിയ സ്​റ്റേജിലാണ്​ വി.ഐ.പി. ലോഞ്ച്​ ഒരുക്കിയത്​. ഗാലറിയിൽ നിലവിലുള്ള കസേരകൾക്ക്​ മുകളിൽ തട്ടടിച്ചാണ്​ സ്​റ്റേജ്​ ഒരുക്കിയത്​. എം.എൽ.എ. താഴത്തുനിന്ന്​ നടന്നുകയറി വി.ഐ.പി. ഗാലറി ഭാഗത്ത്​ എത്തിയശേഷം വിശിഷ്ഠാതിഥികളെ അഭിവാദ്യം ചെയ്ത്​ നടന്നുനീങ്ങാൻ ഒരുങ്ങുന്നതി​നിടെയാണ്​ വീണത്​. ബാരിക്കേഡിന്​ പകരം കെട്ടിയിരുന്ന റിബണിൽ പിടിക്കവേ​ കമ്പിയടക്കം താഴേക്ക്​ പതിക്കുകയായിരുന്നെന്ന്​ ദൃക്സാക്ഷികൾ പറഞ്ഞു. ഓക്സിജൻ നൽകിയാണ്​ ആംബുലൻസിൽ കയറ്റി ആശുപത്രിയിലെത്തിച്ചത്​. ഓര്‍ത്തോ, ഇ.എന്‍.ടി, ന്യൂറോ വിഭാഗം ഡോക്ടർമാരെത്തി അടിയന്തര പരിശോധനക്ക്​ വിധേയയാക്കുകയും സി.ടി സ്കാനും എക്​​സ്​റേയു​മടക്കം എടുത്ത്​ പരിശോധിക്കുകയും ചെയ്തു.

അപകടത്തിന് ശേഷം പരിപാടി തുടര്‍ന്നിരുന്നെങ്കിലും കുറച്ച് സമയത്തിനുശേഷം പരിപാടി പൂര്‍ത്തിയാക്കുന്നതായി സംഘാടകര്‍ അറിയിച്ചു. മന്ത്രി സജി ചെറിയാനും എ.ഡി.ജി.പി ശ്രീജിത്തും രാഷ്ട്രീയ നേതാക്കളുമടക്കം ആശുപത്രിയിൽ എത്തിയിരുന്നു. ഉമ തോമസിനെ പരി​ശോധിക്കുന്നതിനായി പ്രത്യേക മെഡിക്കൽ ബോർഡ്​ രൂപവത്​കരിച്ചിട്ടുണ്ട്​.

Recent Articles

Related Articles

Special

Enable Notifications OK No thanks