ദക്ഷിണ കൊറിയയിൽ വിമാനാപകടത്തിൽ 179 പേർ മരിച്ചു

Follow the FOURTH PILLAR LIVE channel on WhatsApp 

സോള്‍: ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാ വേലിയിലിടിച്ചുണ്ടായ അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 179 പേര്‍ മരിച്ചു. 2 പേരെ മാത്രമാണ് ജീവനോടെ രക്ഷപ്പെടുത്താന്‍ സാധിച്ചത്.

ബാങ്കോക്കില്‍ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയര്‍ വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ടത്. 175 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തിലെ യാത്രക്കാരില്‍ 173 പേര്‍ ദക്ഷിണ കൊറിയന്‍ പൗരന്‍മാരും 2 പേര്‍ തായ്​ലൻഡ് സ്വദേശികളുമാണെന്ന് അധികൃതര്‍ അറിയിച്ചു.

തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നിന്ന് പുറപ്പെട്ട വിമാനം തെക്കുപടിഞ്ഞാറന്‍ തീരദേശ വിമാനത്താവളമായ മുവാനില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പ്രാദേശിക സമയം രാവിലെ 09.07ഓടെയായിരുന്നു അപകടം. പുറത്തുവന്ന ദൃശ്യങ്ങളില്‍ വിമാനം ലാന്‍ഡിങ് ഗിയറില്ലാതെ റണ്‍വേയിലൂടെ തെന്നി നീങ്ങുന്നതും മതിലില്‍ ഇടിച്ച് പൊട്ടിത്തെറിച്ച് തീഗോളമാകുന്നതും കാണാം.

ലാന്‍ഡിങ് ഗിയര്‍ പ്രവര്‍ത്തിക്കാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് അധികൃതരെ ഉദ്ധരിച്ച് ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സി യോന്‍ഹാപ്പ് റിപ്പോര്‍ട്ട് ചെയ്തു. ലാന്‍ഡ് ചെയ്യാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ട ശേഷം ബെല്ലി ലാന്‍ഡിങ്ങിനുള്ള ശ്രമത്തിലാണ് വിമാനം അപകടത്തില്‍പ്പെടുന്നത്. ഈ ലാന്‍ഡിങ് ശ്രമത്തില്‍ വിമാനത്തിന്റെ വേഗം കുറയ്ക്കുന്നതില്‍ പൈലറ്റ് പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് റണ്‍വേയുടെ അറ്റംവരെ വിമാനം സഞ്ചരിക്കുകയും മതിലില്‍ ഇടിക്കുകയും ചെയ്തത്. അപകടത്തിനു പിന്നാലെ മുവാന്‍ വിമാനത്താവളത്തിലെ എല്ലാ വിമാന സര്‍വീസുകളും താത്ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.

Recent Articles

Related Articles

Special