തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 51-ാമത് കിഫ്ബി ബോര്‍ഡ് യോഗം 743.37 കോടി രൂപയുടെ 32 പദ്ധതികള്‍ക്ക് ധനാനുമതി നല്‍കി. ഇതോടെ 87,378.33 കോടി രൂപയുടെ 1147 പദ്ധതികള്‍ക്കാണ് കിഫ്ബി ഇതുവരെ ആകെ അംഗീകാരം നല്‍കിയതെന്ന് ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു.
നെടുമങ്ങാട് ജില്ലാ ആശുപത്രി, കൊട്ടാരക്കര ഐ.ടി. പാര്‍ക്ക്, വിഴിഞ്ഞം- കൊല്ലം- പുനലൂര്‍ വ്യാവസായിക ഇടനാഴിക്കുള്ള സ്ഥലമെടുപ്പ്, കണ്ണൂര്‍ മാവിലായിലെ എ.കെ.ജി. ഹെറിറ്റേജ് സ്‌ക്വയര്‍, ചിലവന്നൂര്‍ കനാല്‍ വികസനം തുടങ്ങിയവയ്ക്കും യോഗം തത്വത്തില്‍ അംഗീകാരം നല്‍കി. നവംബര്‍ ആറിനും 18നും നടന്ന എക്സിക്യൂട്ടിവ് യോഗത്തിലുമായി അനുമതി നല്‍കിയ പദ്ധതികളില്‍ പൊതുമരാമത്ത് വകുപ്പിന് കീഴില്‍ റോഡ് വിസന പദ്ധതിക്കുള്ള സ്ഥലമേറ്റെടുപ്പുള്‍പ്പടെ 335.28 കോടി രൂപയുടെ 11 പദ്ധതികള്‍, കോസ്റ്റല്‍ ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വകുപ്പിന് കീഴില്‍ 23.35 കോടി രൂപയുടെ മൂന്ന് പദ്ധതികള്‍ എന്നിവ ഉള്‍പ്പെടുന്നു.
ആരോഗ്യ വകുപ്പിന് കീഴയില്‍ കിഫ്ബി ധനസഹായം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാകാറായ ഒമ്പത് ആശുപത്രികള്‍ക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 30.38 കോടി രൂപ, ജലവിഭവ വകുപ്പിന് കീഴില്‍ 20.5 കോടി രൂപയുടെ മൂന്ന് പദ്ധതി, തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍ 9.95 കോടി രൂപയുടെ ഒരു പദ്ധതി, കായികവകുപ്പിന് കീഴില്‍ 4.39 കോടിയുടെ ഒരു പദ്ധതി, വനം വകുപ്പിന് കീഴില്‍ 67.97 കോടി രൂപയുടെ പദ്ധതി, ടൂറിസത്തിന് 29.75 കോടി, വ്യവസായത്തിന് 8.91 കോടി, ഐ.ടി. വകുപ്പിന് 212.87 എന്നിവയ്ക്കും അംഗീകാരം നല്കി.
സംസ്ഥാനത്തിന്റെ തെക്കന്‍ മേഖലയെ ഒരു വ്യവസായിക സാമ്പത്തിക കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വ്യാവസായിക സാമ്പത്തിക വളര്‍ച്ചാ മുനമ്പ് പദ്ധതി കിഫ്ബി വഴി നടപ്പാക്കുന്നതിനു നല്കിയ അംഗീകാരമാണ് ഇവയില്‍ പ്രധാനം. കമ്മീഷനിങ്ങിനു സജ്ജമായിക്കൊണ്ടിരിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാധ്യതകള്‍ കേരളത്തിന് പ്രയോജനപ്പെടുത്തുന്നതിനാണ് ഈ പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ബാലഗോപാല്‍ പറഞ്ഞു.
വിഴിഞ്ഞം തുറമുഖം കേന്ദ്രീകരിച്ച് കൊല്ലം, തിരുവനന്തപുരം എന്നീ തെക്കന്‍ ജില്ലകളിലായി 1,456 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന പദ്ധതിയാണിത്. ഗ്രോത്ത് ട്രയാംഗിള്‍, വളര്‍ച്ചാ നോഡുകള്‍, സബ് നോഡുകള്‍, ഇടനാഴികള്‍ എന്നിവയെ ചുറ്റിപ്പറ്റിയുള്ള ഒരു വ്യാവസായികമേഖല സൃഷ്ടിക്കുക വഴി ഗതാഗത, ലോജിസ്റ്റിക്, വ്യവസായപാര്‍ക്കുകളുടെ ഒരു സംയോജനമാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. പ്രധാന ഹൈവേകള്‍ക്കും റെയില്‍ ശൃംഖലകള്‍ക്കും സമീപം സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ പ്രത്യേകതകളെ അടിസ്ഥാനമാക്കി ആഗോളതലത്തില്‍ മത്സരിക്കാന്‍ കഴിയുന്ന ഒരു സ്മാര്‍ട്ട് ഇന്‍ഡസ്ട്രിയല്‍ ഇക്കോസിസ്റ്റം വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വളര്‍ച്ചാ ഇടനാഴിക്കുള്ളിലെ വിവിധ വികസന നോഡുകള്‍ ബന്ധിപ്പിക്കുന്നതിന് ഗതാഗത ഇടനാഴികള്‍ പ്രധാനമാണ്. വിഴിഞ്ഞം – കൊല്ലം ദേശീയ പാത 66, കൊല്ലം-ചെങ്കോട്ട ദേശീയ പാത, പുതിയ ഗ്രീന്‍ഫീല്‍ഡ്, കൊല്ലം-ചെങ്കോട്ട റെയില്‍വേ ലൈന്‍, പുനലൂര്‍ – നെടുമങ്ങാട് വിഴിഞ്ഞം റോഡ് എന്നിവയാണ് ഈ വളര്‍ച്ചാ മുനമ്പിന്റെ മൂന്ന് വശങ്ങള്‍. ഇവ ഈ പ്രദേശത്തുടനീളമുള്ള ഗതാഗതം വര്‍ദ്ധിപ്പിക്കുന്ന ശ്രദ്ധേയമായ ഇടനാഴികളാണ് . കൂടാതെ പദ്ധതി പ്രദേശത്തിന് ഉള്ളില്‍ വരുന്ന തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡും വിഴിഞ്ഞം- നാവായിക്കുളം ഔട്ടര്‍ ഏരിയ ഗ്രോത്ത് കോറിഡോറും തലസ്ഥാന മേഖലയുടെ വികസനത്തിനു കൂടുതല്‍ കരുത്തേകും.
മേഖലാ വളര്‍ച്ച സുഗമമാക്കുന്നതിന്, നിരവധി പ്രധാന നോഡുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. തുറമുഖത്തേക്ക് നേരിട്ട് പ്രവേശനമുള്ള അന്താരാഷ്ട്ര വ്യാപാരത്തിനുള്ള കവാടമായി പ്രവര്‍ത്തിക്കുന്ന വിഴിഞ്ഞം നോഡ്, നിലവിലുള്ള വ്യവസായങ്ങളെ ഗതാഗത ശൃംഖലകളുമായി ബന്ധിപ്പിക്കുന്ന കൊല്ലം അര്‍ബന്‍ സെന്റര്‍ നോഡ്, പുനരുപയോഗ ഊര്‍ജ വ്യവസായങ്ങളുടെ കേന്ദ്രമായി മാറുവാന്‍ സാധ്യതയുള്ള പുനലൂര്‍ നോഡ് എന്നിവയാണവ. ഇത് കൂടാതെ, പള്ളിപ്പുറം – ആറ്റിങ്ങല്‍- വര്‍ക്കല , പാരിപ്പള്ളി-കല്ലമ്പലം, നീണ്ടകര-കൊല്ലം, കൊല്ലം-കുണ്ടറ , കുണ്ടറ-കൊട്ടാരക്കര, അഞ്ചല്‍-ആയൂര്‍, നെടുമങ്ങാട്-പാലോട് തുടങ്ങിയ ഉപനോഡുകള്‍ പ്രാദേശിക വികസനത്തിന് പിന്തുണ നല്‍കുകയും, ആനുകൂല്യങ്ങള്‍ ഗ്രാമീണ മേഖലകളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും. തിരുവനന്തപുരത്തു വിഭാവന ചെയ്തിട്ടുള്ള ഔട്ടര്‍ ഏരിയ ഗ്രോത്ത് കോറിഡോര്‍ കൂടെ ഈ പദ്ധതിയുടെ ഭാഗം ആകുന്നതിലൂടെ നഗര ഗ്രാമ വ്യത്യാസമില്ലാതെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ധനാനുമതി നല്‍കിയ പ്രധാന പദ്ധതികള്‍
- തിരുവനന്തപുരത്തെ ടെക്നോപാര്‍ക്ക് ആറാം ഘട്ടത്തില്‍ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് നിര്‍മ്മാണം
- വയനാട്ടിലെ കാര്‍ബണ്‍ ന്യൂട്രല്‍ കോഫി പാര്‍ക്കിന് ഭൂമി ഏറ്റെടുക്കല്‍
- കൊച്ചിയിലെ നഗര പുനരുജ്ജീവനവും സംയോജിത ജലഗതാഗത പദ്ധതിയിലെ മൂന്ന് വികസന പ്രവര്‍ത്തനങ്ങള്‍
- വിവിധ ആശുപത്രികള്‍ക്കായി മെഡിക്കല്‍ ഉപകരണങ്ങളും ആശുപത്രി ഫര്‍ണിച്ചര്‍ വാങ്ങുന്നതിനുള്ള അംഗീകാരം
- സാമൂഹിക പങ്കാളിത്തത്തിലൂടെ മനുഷ്യന്‍ വന്യജീവി സംഘര്‍ഷം പരിഹരിക്കുന്നതിനുള്ള പദ്ധതി
- തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഹൈ ഡോസ് തെറാപ്പി വാര്‍ഡ് വികസിപ്പിക്കുന്നതിനും എസ്.എ.ടി. ആശുപത്രിയിലെ വനിതാ ശിശു ബ്ലോക്ക് പ്രവര്‍ത്തനക്ഷമമാക്കുന്നതിനുമുള്ള അംഗീകാരം
- ആധുനിക ഗ്യാസ് ശ്മശാനങ്ങളുടെ നിര്‍മ്മാണം
- ആലപ്പുഴ ജില്ലയിലെ മുണ്ടക്കല്‍ പാലം- ചവറ ഭവന്‍ സി ബ്ലോക്ക് റോഡ് നിര്‍മ്മാണം
- കൊട്ടാരക്കര ടൗണ്‍ റിങ് റോഡിന്റെ രംണ്ടാഘട്ട നിര്‍മ്മാണം
- മലയോര ഹൈവേയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ ചാവറാമ്മുഴി പാലത്തിന്റെ നിര്‍മ്മാണം
- വടകര നാരായണ നഗരം ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ രണ്ടാം ഘട്ട നിര്‍മ്മാണം
- തലശേരി പൈതൃക പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി തലശേരി കടല്‍ത്തറ ഓവര്‍ബറി പാലം/പ്ലാസയുടെ വികസനം
- പാല്‍കുളം തോടിന്റെ കുറുകെ ചെക്ക് ഡാം കം ബ്രിഡ്ജ് നിര്‍മ്മാണം
- വെള്ളക്കയത്തിന് സമീപം പെരിയാറിന് കുറുകെ വെന്റ്ഡ് ക്രോസ് ബാര്‍ കം കോസ്വേയുടെ നിര്‍മ്മാണം
- മടമ്പാടിക്ക് സമീപം ചിന്നാര്‍ പുഴയ്ക്ക് കുറുകെ ചെക്ക് ഡാം കം ബ്രിഡ്ജ് നിര്‍മ്മാണം