Follow the FOURTH PILLAR LIVE channel on WhatsApp
ശബരിമല: വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി ശബരിമല തീര്‍ഥാടകര്‍ക്ക് ആദ്യ ദിനത്തില്‍ സുഗമമായ ദര്‍ശനം സാധ്യമായതായി ദേവസ്വം മന്ത്രി വി.എന്‍.വാസവന്‍. 30,000 പേരാണ് വെള്ളിയാഴ്ച ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തിരുന്നത്. ഇതില്‍ 26,942 പേര്‍ ദര്‍ശനം നടത്തി. സ്പോട്ട് ബുക്കിങ് വഴി 1,872 ഭക്തരും വന്നു. വി.ഐ.പികള്‍ ഉള്‍പ്പെടെ ആകെ 30,687 ഭക്തരാണു വെള്ളിയാഴ്ച വൈകിട്ട് നടതുറന്ന ശേഷം ദര്‍ശനത്തിനെത്തിയത്. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സന്നിധാനത്തെ വിവിധ വകുപ്പു മേധാവിമാരുടെ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
‘തീര്‍ഥാടനത്തിനെത്തുന്ന ഭക്തര്‍ക്ക് ഒരു കുറവുമുണ്ടാകാത്ത രീതിയില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി. 70,000 പേര്‍ക്കാണു വെര്‍ച്വല്‍ ക്യൂ വഴി ദിവസവും ദര്‍ശനം അനുവദിക്കുന്നത്. വെര്‍ച്വല്‍ ക്യൂവിന്റെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ വരും ദിവസങ്ങളിലെ സ്ഥിതിഗതികള്‍ കൂടി വിലയിരുത്തിയേ തീരുമാനമെടുക്കൂ. പൊലീസിന്റെ കൃത്യമായ ഇടപെടലിലൂടെ ഒരു മിനിറ്റില്‍ ശരാശരി 80 ഭക്തരെ വരെ പതിനെട്ടാംപടി കയറ്റാനായി. ഇതു വലിയ നടപ്പന്തലില്‍ ഭക്തര്‍ ക്യൂ നില്‍ക്കേണ്ട സാഹചര്യം കുറച്ചു. അപ്പം, അരവണ പ്രസാദ വിതരണത്തില്‍ തടസ്സമുണ്ടാകില്ല. 40 ലക്ഷം ടിന്‍ അരവണ ബഫര്‍ സ്റ്റോക്കായി കരുതിയിട്ടുണ്ട്. കെഎസ്ആര്‍ടിസി വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ചെറിയ വാഹനങ്ങള്‍ക്കു പമ്പയില്‍ കഴിയുന്നത്ര പാര്‍ക്കിങ് സൗകര്യം ഒരുക്കും.
ഭക്തര്‍ക്കു വിശ്രമിക്കാനായി നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പന്തല്‍ സജ്ജീകരിച്ചു. നിലയ്ക്കലില്‍ 2000 പേര്‍ക്ക് വിശ്രമിക്കാന്‍ സൗകര്യമുള്ള 17,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പന്തലാണ് ഒരുക്കിയത്. പമ്പയിലെ 20,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പന്തലില്‍ 3000 പേര്‍ക്ക് വിശ്രമിക്കാം. സന്നിധാനത്ത് ഭക്തര്‍ക്ക് വിരിവയ്ക്കാന്‍ മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സൗകര്യമുണ്ട്. ദര്‍ശനത്തിനായി ക്യൂ നില്‍ക്കുന്നവര്‍ക്ക് ചുക്കുവെള്ളം, ബിസ്‌കറ്റ് എന്നിവ നല്‍കും. കാനനപാത വഴി വരുന്നവര്‍ക്ക് വിശ്രമിക്കാനായി 132 കേന്ദ്രങ്ങള്‍ ഒരുക്കി. ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കും. നൂറിലധികം ഡോക്ടര്‍മാരുടെ സന്നദ്ധസംഘം സര്‍ക്കാരുമായി സഹകരിച്ച് സന്നിധാനത്തെ ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. പമ്പയിലെയും സന്നിധാനത്തെയും ഗെസ്റ്റ് ഹൗസുകള്‍ സര്‍ക്കാര്‍ സഹായത്തോടെ നവീകരിച്ചു -മന്ത്രി പറഞ്ഞു.