കൊച്ചി: കൊടകര കള്ളപ്പണ ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി.) ആദായ നികുതി വകുപ്പിനും ഹൈക്കോടതിയുടെ നോട്ടിസ്. മൂന്നാഴ്ചയ്ക്കകം അന്വേഷണ പുരോഗതി അറിയിക്കാനാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിർദേശം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോടും സംസ്ഥാന പൊലീസ് മേധാവിയോടും ഹൈക്കോടതി വിശദീകരണം തേടി.
Follow the FOURTH PILLAR LIVE channel on WhatsApp
ഇ.ഡി. അന്വേഷണം പൂർത്തിയാകത്തതിനെതിരെ കൊടകര കവർച്ച കേസിലെ 50-ാം സാക്ഷി സന്തോഷ് നൽകിയ ഹർജിയിലാണു നോട്ടിസ്. കൊള്ളയടിക്കപ്പെട്ട പണമുപയോഗിച്ച് പ്രതികൾ വാങ്ങിയ സ്വർണം അളന്നുതിട്ടപ്പെടുത്തിയതിന് സാക്ഷിയായിരുന്നു സന്തോഷ്. കേസിന്റെ അന്വേഷണം മുന്നോട്ട് പോയിട്ടില്ല, കേസിൽ കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ട്, കൃത്യമായ അന്വേഷണം നടത്തി ഇ.ഡിയോട് അന്തിമ കുറ്റപത്രം സമർപ്പിക്കാൻ നിർദേശിക്കണം തുടങ്ങിയവയാണ് ഹർജിയിലെ ആവശ്യങ്ങൾ.
നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപ് 2021 ഏപ്രിൽ 3നാണ് ദേശീയപാതയിൽ കൊടകരയ്ക്കടുത്ത് ഒരു സംഘം കാറിൽനിന്ന് പണം അപഹരിച്ചത്. തുടക്കത്തിൽ 25 ലക്ഷം എന്നായിരുന്നു പരാതിയെങ്കിലും പിന്നീട് 3.5 കോടി രൂപ നഷ്ടപ്പെട്ടു എന്ന് തെളിഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന കള്ളപ്പണമാണ് ഇതെന്ന ആക്ഷേപം ഉയരുകയും രാഷ്ട്രീയ വിവാദമായി മാറുകയും ചെയ്തിരുന്നു.
കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണമുപയോഗിച്ച് പ്രതികൾ നടത്തിയിട്ടുള്ള ഇടപാടുകൾ കള്ളപ്പണ ഇടപാടുകളാണെന്നും അതാണ് തങ്ങളുടെ അന്വേഷണപരിധിയിലുള്ളതെന്നും പണം എവിടെ നിന്ന് വന്നുവെന്നും ആർക്ക് കൊണ്ടുവന്നു എന്നതും തങ്ങൾ അന്വേഷിക്കുന്നില്ല എന്ന നിലപാടാണ് ഇ.ഡി. സ്വീകരിച്ചിരിക്കുന്നത്.
കൊടകര കേസിൽ ഇ.ഡി. അന്വേഷണവുമായി ബന്ധപ്പെട്ട മൂന്നാമത്തെ ഹർജിയാണിപ്പോൾ ഹൈക്കോടതിയിൽ വന്നിരിക്കുന്നത്. നേരത്തെ ആം ആദ്മി പാർട്ടി പ്രവർത്തകൻ കേസുമായി ബന്ധപ്പെട്ട് ഹർജി നൽകിയപ്പോൾ മൂന്നാം കക്ഷിക്ക് ഇടപെടാനാകില്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹർജി തള്ളി. ഇപ്പോൾ കേസുമായി ബന്ധമുള്ള വ്യക്തി തന്നെ ഹർജി സമർപ്പിച്ചതോടെ കോടതി നോട്ടീസയയ്ക്കുന്നത് അടക്കമുള്ള നടപടികളിലേക്കു കടക്കുകയായിരുന്നു.