തൃശ്ശൂര്‍: തനിക്കെതിരായി ആരോപണങ്ങള്‍ ഉന്നയിക്കുന്ന തിരൂര്‍ സതീഷിന് പിന്നില്‍ റിപ്പോര്‍ട്ടര്‍ ടി.വി. ഉടമ ആന്റോ അഗസ്റ്റിനാണെന്ന് ബി.ജെ.പി. നേതാവ് ശോഭ സുരേന്ദ്രന്‍. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കാട്ടുകള്ളനാണ് ആന്റോയെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
അതേസമയം വാര്‍ത്താസമ്മേളത്തില്‍ റിപ്പോര്‍ട്ടര്‍ ടി.വി., 24 ന്യൂസ് എന്നീ ചാനലുകളെ ശോഭ വിലക്കി. തനിക്കെതിരായി തുടര്‍ച്ചയായി വ്യാജവാര്‍ത്ത ചമയ്ക്കുന്നു എന്ന പേരിലാണ് വിലക്കേര്‍പ്പെടുത്തിയത്.
തനിക്കുവേണ്ടി മുറി ബുക്ക് ചെയ്‌തെന്നത് അടക്കമുള്ള ആന്റോ അഗസ്റ്റിന്റെ പ്രസ്താവനയ്‌ക്കെതിരേയും ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചു. ഇന്ത്യയിലെ ഏതെങ്കിലും ഒരു ഹോട്ടലിലെ മുറി ശോഭ സുരേന്ദ്രനുവേണ്ടി ആന്റോ അഗസ്റ്റിന്‍ ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ നല്‍ണമെന്നും അവര്‍ വെല്ലുവിളിച്ചു.
ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആന്റോയുടെ ചാനലിലെ ചര്‍ച്ചയില്‍ പങ്കെടുത്തപ്പോള്‍ തന്നെ എന്തുകൊണ്ട് വിളിച്ചില്ല എന്ന് ചോദിച്ച് താന്‍ ചാനല്‍ മേധാവിയെ വിളിച്ചെന്ന ആരോപണവും ശോഭ നിഷേധിച്ചു. വിളിച്ച നമ്പര്‍, സമയം, ദിവസം എന്നിവ കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ വെക്കാന്‍ അദ്ദേഹം തയ്യാറാകണമെന്നും ശോഭ ആവശ്യപ്പെട്ടു. താന്‍ ആന്റോയുടെ വീട്ടില്‍ പോയതിന്റെ എന്തെങ്കിലും ഒരു തെളിവ് ഹാജരാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.