29 C
Trivandrum
Friday, July 11, 2025

സില്‍വര്‍ലൈനിന് പുതുജീവന്‍; തടസ്സങ്ങള്‍ പരിഹരിച്ചാല്‍ നടപ്പാക്കാമെന്ന് കേന്ദ്ര മന്ത്രി

Follow the FOURTH PILLAR LIVE channel on WhatsApp 

തൃശ്ശൂര്‍: സില്‍വര്‍ലൈന്‍ പദ്ധതിയെ പിന്തുണച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സാങ്കേതിക, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്റെ (കെ-റെയില്‍) സില്‍വര്‍ലൈന്‍ പദ്ധതിയുടെ അംഗീകാരത്തിനും തുടര്‍നടപടികള്‍ക്കും കേന്ദ്രം സന്നദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

എന്‍.ഡി.എ. സര്‍ക്കാര്‍ സഹകരണ ഫെഡറലിസത്തില്‍ വിശ്വസിക്കുന്നു. റെയില്‍വേ വികസനത്തില്‍ കേന്ദ്രവും കേരളവും പരസ്പര സഹകരണത്തോടെ മുന്നോട്ടു പോകണമെന്നും തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശനത്തിനു ശേഷം മന്ത്രി പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായല്ല കേന്ദ്രമന്ത്രിയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. റെയില്‍വേ പദ്ധതികളുടെ വിലയിരുത്തല്‍ നടത്തിയ ശേഷം നടത്തിയ അഭിസംബോധനയിലാണ് കെ-റെയിലുമായി ബന്ധപ്പെട്ട് മന്ത്രി സംസാരിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനുമായി ഡല്‍ഹില്‍വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. സില്‍വര്‍ലൈന്‍ നടപ്പാക്കുന്നതില്‍ സാങ്കേതികവും പാരിസ്ഥിതികവുമായ ചില തടസ്സങ്ങളുണ്ട്. അവ പരിഹരിച്ചാല്‍ പദ്ധതി നടപ്പാക്കാന്‍ റെയില്‍വേ സന്നദ്ധമാണ് -അശ്വിനി വൈഷ്ണവ് അറിയിച്ചു.

പുതുക്കി നിര്‍മിക്കുന്ന തൃശ്ശൂര്‍ സ്റ്റേഷന്റെ അന്തിമ രൂപരേഖ വിലയിരുത്തുന്നതിനും മറ്റു പരിശോധനകള്‍ക്കും എത്തിയതായിരുന്നു കേന്ദ്രമന്ത്രി. അങ്കമാലി-എരുമേലി-ശബരി റെയില്‍പാത യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബന്ധരാണ്. മഹാരാഷ്ട്ര സര്‍ക്കാരിനു നല്‍കിയ ധാരണാപത്രത്തിന്റെ മാതൃക കേരളത്തിനു നല്‍കി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ-റെയില്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും അതുമായി മുന്നോട്ടുപോകാന്‍തന്നെയാണ് തീരുമാനമെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. വൈകാന്‍ കാരണം കേന്ദ്ര അനുമതി ലഭിക്കാത്തതാണെന്നും സര്‍ക്കാര്‍ പറയുന്നു. ഈ സമയത്താണ് കെ-റെയില്‍ പദ്ധതിയെ അനുകൂലിച്ച് റെയില്‍വേ മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

Recent Articles

Related Articles

Special

Enable Notifications OK No thanks