തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തടഞ്ഞത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേസ് സംബന്ധിച്ച് പൂർണ്ണ വിവരങ്ങൾ ഇ.ഡിക്കു കൈമാറിയിട്ടും എന്തുകൊണ്ട് അവർ മുന്നോട്ടു നീങ്ങിയില്ല എന്ന ചർച്ച വ്യാപകമാവുന്ന വേളയിലാണ് ഗവർണറുടെ കത്ത് പുറത്തുവന്നത്.
Follow the FOURTH PILLAR LIVE channel on WhatsApp
കൊടകര കുഴൽപ്പണക്കേസിൽ പണം വന്നത് സംസ്ഥാനത്തിനു പുറത്തുനിന്നാണ്. ആ പണം എവിടെ നിന്നു വന്നു, എന്താണതിന്റെ സ്രോതസ്സ് എന്നൊക്കെ അന്വേഷിക്കാനാവുക ഇ.ഡിക്കും കേന്ദ്ര ആദായനികുതി വകുപ്പിനുമാണ്. ഈ രണ്ട് ഏജൻസികൾക്കും സംസ്ഥാന ക്രൈംബ്രാഞ്ച് കേസിന്റെ വിശദാംശങ്ങളുൾപ്പെടുത്തിയ റിപ്പോർട്ട് സമർപ്പിക്കുകയും തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ആ സമയത്താണ് ഗവർണർ ഈ കേസിൽ ഇടപെട്ടത്. 2021 ജൂൺ 10ന് ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ആരിഫ് മുഹമ്മദ് ഖാൻ കത്തുനല്കി. നടക്കുന്ന അന്വേഷണം ബി.ജെ.പിയെ താറടിക്കുന്നതാണെന്നും ബി.ജെ.പി. നേതാക്കളെ രാഷ്ട്രീയവിരോധം വെച്ച് കുടുക്കാൻ ശ്രമിക്കുകയാണെന്നും ആരോപണമുള്ളതായി അദ്ദേഹം കത്തിൽ പറഞ്ഞു.
ബി.ജെ.പി. സംസ്ഥാന നേതാക്കൾ കേന്ദ്ര നേതൃത്വത്തെ സമീപിച്ചാണ് കേസിൽ കേന്ദ്ര ഏജൻസികളുടെ വരവിനെ തടഞ്ഞതെന്ന് വാർത്തകൾ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഗവർണർ തന്നെ പിന്നീട് ബി.ജെ.പി. കേന്ദ്ര നേതാക്കളുമായി ചർച്ച നടത്തിയതായ വിവരവും പിന്നീട് പുറത്തുവന്നു. മുഖ്യമന്ത്രിക്ക് കത്തു നല്കിയ വിവരവും ഗവർണർ കേന്ദ്ര നേതാക്കളെ അറിയിച്ചു.
ഇ.ഡിയുടെ വരവിനെ ഗവർണറും കേരളത്തിലെ ബി.ജെ.പി. നേതാക്കളും എന്തിനു തടഞ്ഞു എന്ന ചോദ്യം ഇപ്പോൾ ശക്തമായിട്ടുണ്ട്. ഇ.ഡി. വന്നാൽ പണത്തിന്റെ സ്രോതസ്സ് കണ്ടെത്തേണ്ടി വരും. തുടരന്വേഷണം ബി.ജെ.പി. നേതാക്കളിലേക്കെത്തും. ബി.ജെ.പി. പ്രവർത്തകരും നേതാക്കളും തന്നെയാണ് കേസിലെ പ്രതികളെന്ന് കേസ് സംബന്ധിച്ച് ഇപ്പോൾ പുറത്തുവന്ന കേരളാ പൊലീസ് റിപ്പോർട്ടിലൂടെ വ്യക്തമായിട്ടുണ്ട്. കുഴൽപ്പണക്കേസിലെ കേന്ദ്ര അട്ടിമറി അതിനാൽത്തന്നെ ഇപ്പോൾ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയമാണ്.