കണ്ണൂർ: എ.ഡി.എം. ആയിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ സി.പി.എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി.ദിവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണപുരം പൊലീസാണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്.
തലശ്ശേരി സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ദിവ്യ പിടിയിലായത്. എ.ഡി.എം. മരിച്ച് പതിനാലാം ദിവസമാണ് ദിവ്യ കസ്റ്റഡിയിലാവുന്നത്.
ദിവ്യയെ കസ്റ്റഡിയിലെടുത്തതാണെന്ന് കമ്മീഷണർ അജിത് കുമാർ സ്ഥിരീകരിച്ചു. ചോദ്യം ചെയ്ത ശേഷം ബാക്കി കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ദിവ്യയെ നിരന്തരമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. എളുപ്പത്തിൽ കസ്റ്റഡിയിലെടുത്തത് ഇത് കാരണമാണ്. ഓപ്പറേഷൻ മുഴുവൻ പൂർത്തിയായ ശേഷം വിശദമായി സംസാരിക്കാമെന്നും കമ്മീഷണർ പറഞ്ഞു.
എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തതിനെ തുടർന്ന് ഒളിവിൽ പോയ ദിവ്യയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കണ്ണൂരിൽ യോഗം ചേരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദിവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.