29 C
Trivandrum
Wednesday, April 30, 2025

തേങ്കുറുശ്ശി ദുരഭിമാനക്കൊല: പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും ജീവപര്യന്തം

Follow the FOURTH PILLAR LIVE channel on WhatsApp 

പാലക്കാട്: തേങ്കുറുശ്ശി ദുരഭിമാന കൊലക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടു പ്രതികള്‍ക്കും കോടതി ജീവപര്യന്തം തടവും 50000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛന്‍ തേങ്കുറിശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ (43), അമ്മാവന്‍ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ് (45) എന്നിവരെയാണ് പാലക്കാട് ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. സുരേഷ് ഒന്നാം പ്രതിയും പ്രഭുകുമാര്‍ രണ്ടാം പ്രതിയുമാണ്.

2020 ഡിസംബര്‍ 25ന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള ഹരിതയെ ജാതിയിലും സമ്പത്തിലും താഴ്ന്ന നിലയിലുള്ള ഇലമന്ദം അനീഷ് (19) പ്രണയിച്ച് വിവാഹം ചെയ്തതിനുള്ള പ്രതികാരമായിരുന്നു കൊലപാതകം. വിവാഹത്തിന്റെ 88-ാം ദിവസമാണ് ഹരിതയുടെ അച്ഛനും അമ്മാവനും അനീഷിനെ കുത്തിക്കൊലപ്പെടുത്തുന്നത്.

കൊല്ലപ്പെട്ട അനീഷും ഹരിതയും

വിവാഹത്തെത്തുടര്‍ന്ന് അനീഷും ഹരിതയുടെ വീട്ടുകാരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ബൈക്കില്‍ സഹോദരനൊപ്പം സഞ്ചരിക്കുന്നതിനിടെ അനീഷിനെ മാന്നാംകുളമ്പില്‍വെച്ച് തടഞ്ഞുനിര്‍ത്തി സുരേഷും പ്രഭുകുമാറും ചേര്‍ന്ന് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. ഹരിതയെ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. തേങ്കുറിശ്ശി ഇലമന്ദം ആറുമുഖന്റെയും രാധയുടെയും മകനാണ് അനീഷ്.

ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. 75 ദിവസം കൊണ്ടാണ് ജില്ലാ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ദുരഭിമാനക്കൊലയെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞത്. കൊലക്കുറ്റത്തിനുപുറമേ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരേ ചുമത്തി.

ഡി.വൈ.എസ്.പി. സി. സുന്ദരനായിരുന്നു അന്വേഷണോദ്യോഗസ്ഥന്‍. കേസില്‍ പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി.അനില്‍ ഹാജരായി. 110 സാക്ഷികളാണുണ്ടായിരുന്നത്. പ്രതികള്‍ എത്തിയ രണ്ട് ബൈക്കുകള്‍, കത്തി എന്നിവയടക്കമുള്ള തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി.

Recent Articles

Related Articles

Special

Enable Notifications OK No thanks