തലശ്ശേരി: സി.പി.എം. പ്രവര്‍ത്തകന്‍ എരുവട്ടി കോമ്പിലെ സി.അഷറഫിനെ വെട്ടിക്കൊന്ന കേസില്‍ നാല് ആര്‍.എസ്.എസ്.-ബി.ജെ.പി. പ്രവര്‍ത്തകരെ ജീവപര്യന്തം തടവിനും 80,000 രൂപവീതം പിഴയടക്കാനും ശിക്ഷിച്ചു. എരുവട്ടി പുത്തന്‍കണ്ടം പ്രനൂബ നിവാസില്‍ കുട്ടന്‍ എന്ന എം.പ്രനു ബാബു (34), മാവിലായി ദാസന്‍മുക്ക് ആര്‍വി നിവാസില്‍ ടുട്ടു എന്ന ആര്‍.വി.നിധീഷ് (36), എരുവട്ടി പാനുണ്ട മണക്കടവത്ത് ഹൗസില്‍ ഷിജൂട്ടന്‍ എന്ന വി.ഷിജില്‍ (35), പാനുണ്ട ചക്യത്തുകാവിനടുത്ത ചിത്രമഠത്തില്‍ ഉജി എന്ന കെ.ഉജേഷ് (34) എന്നിവരെയാണ് തലശ്ശേരി അഡീഷനല്‍ സെഷന്‍സ് കോടതി (4) ജഡ്ജി ജെ.വിമല്‍ ശിക്ഷിച്ചത്.
പാതിരിയാട് കീഴത്തൂര്‍ കോമത്ത് ഹൗസില്‍ കൊത്തന്‍ എന്ന എം.ആര്‍.ശ്രീജിത്ത് (39), പാതിരിയാട് കുഴിയില്‍പീടിക ബിനീഷ് നിവാസില്‍ പി.ബിനീഷ് (48) എന്നിവരെ വെറുതെ വിട്ടു. എട്ടുപേര്‍ പ്രതികളായ കേസില്‍ ഏഴും എട്ടും പ്രതികളായ എരുവട്ടി പുത്തന്‍കണ്ടം ഷിജിന്‍ നിവാസില്‍ മാറോളി ഷിജിന്‍, കണ്ടംകുന്ന് നീര്‍വേലി തട്ടുപറമ്പ് റോഡ് സൗമ്യ നിവാസില്‍ എന്‍ പി സുജിത്ത് എന്നിവര്‍ വിചാരണയ്ക്കു മുമ്പ് മരിച്ചിരുന്നു. പ്രതികളില്‍ നിന്നീടാക്കുന്ന പിഴസംഖ്യ കൊല്ലപ്പെട്ട അഷറഫിന്റെ കുടുംബത്തിന് നല്‍കണമെന്നും കോടതി വിധിച്ചു.
മത്സ്യവില്‍പനക്കിടെ കാപ്പുമ്മല്‍-സുബേദാര്‍ റോഡില്‍ 2011 മെയ് 19ന് രാവിലെ 9.30നാണ് അഷറഫിനെ ആക്രമിച്ചത്. ശരീരമാസകലം വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ അഷറഫ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മെയ് 21ന് പുലര്‍ച്ചെ 3.50ന് മരിച്ചു. 26 സാക്ഷികളെ പ്രോസിക്യൂഷന്‍ കോടതിയില്‍ വിസ്തരിച്ചു.
രാഷ്ട്രീയ വിരോധം കാരണം ആര്‍.എസ്.എസ്.-ബി.ജെ.പി. പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. കൂത്തുപറമ്പ് സി.ഐ. ആയിരുന്ന കെ.വി.വേണുഗോപാലനാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യുഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി.കെ.ശ്രീധരന്‍ ഹാജരായി.