29 C
Trivandrum
Friday, January 17, 2025

മലപ്പുറത്തെക്കുറിച്ചൊന്നും അഭിമുഖത്തില്‍ പറഞ്ഞിട്ടില്ല; തിരുത്തണമെന്ന് ഹിന്ദുവിനോട് മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റേതായി ദ ഹിന്ദു ദിനപത്രത്തില്‍ അച്ചടിച്ചുവന്ന അഭിമുഖത്തിലെ ഉള്ളടക്കത്തിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രി പറയാത്ത കാര്യങ്ങള്‍ അഭിമുഖത്തില്‍ അദ്ദേഹത്തിന്റെ പേരില്‍ അച്ചടിച്ചുവന്നുവെന്നു ചൂണ്ടിക്കാട്ടി പ്രസ് സെക്രട്ടറി പി.എം.മനോജ് ഹിന്ദു പത്രാധിപര്‍ക്ക് കത്തയച്ചു. മുഖ്യമന്ത്രിയുടെ പേരില്‍ അച്ചടിച്ചുവന്ന ചില പരാമര്‍ശങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഓഫീസിന്റെ ഇടപെടല്‍.

Follow the FOURTH PILLAR LIVE channel on WhatsApp 

ഹിന്ദുവിനു വേണ്ടി ഡല്‍ഹിയില്‍ വെച്ച് ശോഭന കെ.നായരാണ് മുഖ്യമന്ത്രിയുമായി അഭിമുഖം നടത്തിയത്. സ്വര്‍ണക്കടത്തിലൂടെ മലപ്പുറത്ത് എത്തുന്ന പണം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന് പിണറായി വിജയന്‍ പറഞ്ഞതായി പത്രത്തില്‍ അച്ചടിച്ചുവന്നു. മലപ്പുറത്തെ മുഖ്യമന്ത്രി അപമാനിച്ചു എന്ന വിധത്തില്‍ വലിയ വിവാദം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. എന്നാല്‍ അഭിമുഖത്തില്‍ മുഖ്യമന്ത്രി ഏതെങ്കിലും പ്രദേശത്തെയോ സ്ഥലത്തെയോ കുറിച്ച് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ഹിന്ദുവിനു നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രവിരുദ്ധ, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്ന വാക്കുകളും മുഖ്യമന്ത്രി ഉപയോഗിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെയോ സര്‍ക്കാരിന്റെയോ നിലപാടല്ല വരികളില്‍ ഉള്ളത്. വാര്‍ത്ത അനാവശ്യ വിവാദത്തിനും തെറ്റായ വ്യാഖ്യാനത്തിനും ഇടയാക്കിയിട്ടുണ്ട്. വിവാദം അവസാനിപ്പിക്കാന്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തില്‍ ആവശ്യപ്പെട്ടു.

എ.ഡി.ജി.പി. എം.ആര്‍.അജിത് കുമാര്‍ ആര്‍.എസ്.എസ്. നേതാക്കളെ രഹസ്യമായി കണ്ടതു സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി നല്കിയതായി അച്ചടിച്ചുവന്ന മറുപടിയാണ് വിവാദത്തിനു കാരണം. മുഖ്യമന്ത്രിയുടേതായി പത്രത്തില്‍ അച്ചടിച്ചുവന്ന മറുപടി ഇങ്ങനെയാണ് കാലങ്ങളായി യു.ഡി.എപിനൊപ്പം നിന്ന ന്യൂനപക്ഷം ഇപ്പോള്‍ എല്‍.ഡി.എഫിനെ പിന്തുണയ്ക്കുന്നുണ്ട്. അത് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നഷ്ടമുണ്ടാക്കുമെന്നു മനസ്സിലാക്കി ആശയക്കുഴപ്പം ഉണ്ടാക്കുന്നതിനായി ആര്‍.എസ്.എസ്സിനോട് സി.പി.എം. മൃദുസമീപനം സ്വീകരിക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കുകയാണ് ചെയ്യുന്നത്. ഇത് രാഷ്ട്രീയനേട്ടം ലക്ഷ്യമിട്ടു മാത്രം നടത്തുന്ന പ്രചാരണമാണ്. അതിനു കൂട്ടുനിന്ന് വര്‍ഗീയവിഭജനം നടത്താന്‍വേണ്ടി ചില തീവ്രവാദ പ്രസ്ഥാനങ്ങളും പണിയെടുക്കുന്നു. മുസ്ലിം തീവ്രവവാദ ശക്തികള്‍ക്കെതിരെ ഞങ്ങളുടെ സര്‍ക്കാര്‍ നീങ്ങുമ്പോള്‍ ഞങ്ങള്‍ മുസ്ലിങ്ങള്‍ക്ക് എതിരാണെന്നു വരുത്താന്‍ അവര്‍ ശ്രമിക്കുകയാണ്. ഉദാഹരണത്തിന്, കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ, മലപ്പുറം ജില്ലയില്‍നിന്ന് കേരള പൊലീസ് 150 കിലോ സ്വര്‍ണവും 123 കോടിയുടെ ഹവാലാ പണവും പിടികൂടിയിട്ടുണ്ട്. ഈ പണമത്രയും കേരളത്തിലേക്ക് വരുന്നത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ്. നിങ്ങള്‍ പറയുന്ന ആരോപണണങ്ങള്‍ സര്‍ക്കാരിന്റെ ഇത്തരം നടപടികളോടുള്ള പ്രതികരണം മാത്രമാണ്. അന്‍വര്‍ പറഞ്ഞ കാര്യങ്ങള്‍ സംബന്ധിച്ചാണെങ്കില്‍ അതന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുകഴിഞ്ഞു.

എന്നാല്‍, ഈ മറുപടിയോടൊപ്പമുള്ള ചോദ്യത്തില്‍ തന്നെ കുഴപ്പമുണ്ട് -ശക്തിര്‍ജിച്ച ബി.ജെ.പിയെ നിങ്ങള്‍ നേരിടുമ്പോള്‍ തന്നെ ഉയര്‍ന്ന പൊലീസുദ്യോഗസ്ഥരും താങ്കളുടെ സ്റ്റാഫ് അംഗങ്ങളും ആര്‍.എസ്.എസ്. നേതാക്കളെ രഹസ്യമായി കാണുന്നതിനെക്കുറിച്ച് ആരോപണം വരികയും ആര്‍.എസ്.എസ്സിനോട് സി.പി.എം. മൃദുസമീപനം സ്വീകരിക്കുന്നതായി പറയപ്പെടുകയും ചെയ്യുന്നുണ്ടല്ലോ. മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരെങ്കിലും ആര്‍.എസ്.എസ്. നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതായി ഇതുവരെ ഒരു തരത്തിലുള്ള ആരോപണവും വന്നിട്ടില്ല എന്നതിനാല്‍ ഇത്തരമൊരു ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞിരിക്കാനുള്ള സാഹചര്യത്തെക്കുറിച്ച് നേരത്തേ തന്നെ സംശയമുയര്‍ന്നിരുന്നു.

Recent Articles

Related Articles

Special

Enable Notifications OK No thanks