ന്യൂഡല്‍ഹി: നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാണയിലും ജമ്മു കശ്മീരിലും ബി.ജെ.പിയെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടിയെന്ന് അഭിപ്രായ സര്‍വേ ഫലം. ലോക്‌പോളിന്റെ സര്‍വേ പ്രകാരം ഹരിയാണയിലും ജമ്മു കശ്മീരിലും ഇന്ത്യ സഖ്യം വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേറും. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയുടെ സര്‍വേ ഫലവും ബി.ജെ.പിക്ക് തിരിച്ചടിയാണ് പ്രവചിച്ചിരിക്കുന്നത്.
Follow the FOURTH PILLAR LIVE channel on WhatsApp
10 വര്‍ഷമായി ബി.ജെ.പി. ഭരിക്കുന്ന ഹരിയാണയിലാണ് ഏറ്റവും വലിയ തിരിച്ചടി അവരെ കാത്തിരിക്കുന്നത്. അവിടെ നിലവില്‍ 40 സീറ്റുള്ള ബി.ജെ.പി. 20-29 സീറ്റുകളിലേക്ക് ചുരുങ്ങുമ്പോള്‍ കോണ്‍ഗ്രസ് 58-65 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. ജെ.ജെ.പി., ഐ.എന്‍.എല്‍.ഡി. പോലുള്ള കക്ഷികള്‍ക്കും കനത്ത തിരിച്ചടിയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അവര്‍ക്ക് ആകെ 3-5 സീറ്റാണ് കണക്കാക്കിയിട്ടുള്ളത്. ഹരിയാണയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് 45 സീറ്റുകളാണ്.
ജമ്മു കശ്മീരില്‍ ഇന്ത്യ സഖ്യം 51-56 സീറ്റുകളുമായി അധികാരം പിടിക്കുമെന്ന് സര്‍വേ പറയുന്നു. ജമ്മു കശ്മീരിലും കേവലഭൂരിപക്ഷത്തിന് വേണ്ടത് 45 സീറ്റുകളാണ്. നാഷണല്‍ കോണ്‍ഫറന്‍സിനു പുറമെ കോണ്‍ഗ്രസ്, ജെ.കെ.എന്‍.പി.പി., സി.പി.എം. എന്നീ കക്ഷികളാണ് സഖ്യത്തിലുള്ളത്. ബി.ജെ.പിക്ക് 23-26 സീറ്റുകള്‍ കിട്ടുമെന്ന് സര്‍വേ പറയുമ്പോള്‍ പി.ഡി.പിക്ക് 4-8 സീറ്റും മറ്റുള്ളവര്‍ക്ക് 3-7 സീറ്റും പ്രവചിച്ചിരിക്കുന്നു.