29 C
Trivandrum
Thursday, June 19, 2025

വയനാടിനായി സര്‍ക്കാരിന്റെ സാലറി ചലഞ്ച്

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി ചലഞ്ച്. ഇതിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ചുരുങ്ങിയത് അഞ്ച് ദിവസത്തെ വേതനം സംഭാവനയായി നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഇതിനായി സമ്മതപത്രം നല്കണം. ശമ്പള തുക കണക്കാക്കുന്നത് 2024 ഓഗസ്റ്റ് മാസത്തെ മൊത്ത ശമ്പളം അടിസ്ഥാനമാക്കിയായിരിക്കും.

സമ്മതപത്രം ഡി.ഡി.ഒമാര്‍ സ്വീകരിക്കും. അഞ്ചു ദിവസത്തെ വേതനം നല്‍കുന്നവര്‍ക്ക് മൂന്ന് ഗഡുക്കളായി നല്‍കാമെന്ന് മാര്‍ഗനിര്‍ദേശം. അഞ്ചു ദിവസത്തില്‍ കൂടുതല്‍ സംഭാവന ചെയ്യുന്നവര്‍ക്ക് ഒരു മാസം രണ്ടു ദിവസമെന്ന ക്രമത്തില്‍ 10 ഗഡുക്കളായി നല്‍കാം.

സാലറി ചലഞ്ചായി കിട്ടുന്ന തുക പ്രത്യേക അക്കൗണ്ടിലേക്കു മാറ്റും. സമ്മതപത്രം നല്‍കുന്ന ജീവനക്കാര്‍ക്ക് സെപ്റ്റംബറില്‍ വിതരണം ചെയ്യുന്ന ഓഗസ്റ്റ് മാസത്തെ ശമ്പളം മുതല്‍ സംഭാവന തുക പിടിച്ചു തുടങ്ങുമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പി.എഫ്. തുകയും ജീവനക്കാര്‍ക്ക് സംഭാവനയായി നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

വയനാട് പുനരധിവാസത്തിനായി സര്‍ക്കാര്‍ ജീവനക്കാരും പൊതുമേഖലാ സ്ഥാപനങ്ങളിലും എയ്ഡഡ് സ്‌കൂള്‍ -കോളേജുകളിലും ജോലി ചെയ്യുന്നവരും ഇതില്‍ പങ്കാളികളാവുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. 174.18 കോടി രൂപയാണ് ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളായി ലഭിച്ചത്.

സാലറി ചലഞ്ച് സംബന്ധിച്ച് സര്‍വ്വീസ് സംഘടനകളുടെ യോഗം വിളിച്ചപ്പോള്‍ കുറഞ്ഞത് 1,000 കോടി രൂപയെങ്കിലും വയനാട്ടിലെ പുനരധിവാസത്തിനാായി വേണ്ടിവരുമെന്നാണ് മുഖ്യമന്ത്രി സംഘടനാ പ്രതിനിധികളോടു പറഞ്ഞത്. പത്തു ദിവസത്തെ ശമ്പളം നല്‍കേണ്ടി വരുമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതെങ്കിലും സംഘടനാ പ്രതിനിധികള്‍ അഞ്ചു ദിവസത്തെ ശമ്പളം നല്‍കാമെന്ന ധാരണയിലെത്തിച്ചു.

ശമ്പള വിഹിതം നിര്‍ബന്ധമാക്കി ഉത്തരവിടരുതെന്നാണ് സര്‍വ്വീസ് സംഘടനകള്‍ ആവശ്യപ്പെട്ടത്. താത്പര്യമുള്ളവരില്‍ നിന്ന് തുക ഈടാക്കണമെന്നും ഗഡുക്കളായി നല്‍കാന്‍ അവസരം ഒരുക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് സര്‍ക്കാര്‍ ഉത്തരവ്.

Recent Articles

Related Articles

Special

Enable Notifications OK No thanks