തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയാകുമ്പോള്‍ 53,253 സീറ്റുകള്‍ ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു. അണ്‍എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകള്‍ കൂടി കൂട്ടിയുള്ള കണക്കാണിത്. സീറ്റ് ക്ഷാമം രൂക്ഷമാണെന്ന് ആക്ഷേപമുയര്‍ന്നിരുന്ന മലപ്പുറത്ത് ഒഴിഞ്ഞു കിടക്കുന്നത് 7,642 സീറ്റാണ്.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ 15,568ഉം എയ്ഡഡ് സ്‌കൂളുകളില്‍ 9,898ഉം അടക്കം ഒഴിഞ്ഞുകിടക്കുന്ന 25,556 സീറ്റുകളും പൊതുവിദ്യാലയങ്ങളിലാണ്. ബാക്കിയുള്ള 27,697 സീറ്റുകളാണ് അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ ഒഴിഞ്ഞുകിടക്കുന്നത്.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1,76,232ഉം എയ്ഡഡ് സ്‌കൂളുകളില്‍ 1,85,132ഉം അടക്കം 3,61,364 കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ പ്ലസ് വണ്‍ പ്രവേശനം നേടി. അണ്‍എയ്ഡഡില്‍ പകുതിയോളം സീറ്റിലേ പ്രവേശനം നടന്നുള്ളൂ -27,270 കുട്ടികള്‍.
സ്‌പോട്ട് അഡ്മിഷന്റെ കണക്കുകൂടി വന്നപ്പോള്‍ അണ്‍എയ്ഡഡില്‍ അടക്കം ആകെ 3,88,634 കുടികള്‍ സംസ്ഥാനത്ത് ഇത്തവണ പ്ലസ് വണ്‍ പ്രവേശനം നേടിയിട്ടുണ്ട്. സംസ്ഥാനത്ത് 4,41,887 സീറ്റുകളാണ് പ്ലസ് വണ്ണിന് ആകെയുള്ളത്.