29 C
Trivandrum
Friday, July 11, 2025

മികച്ച നടി: ഉര്‍വശിയും ജോതികയും കടുത്ത മത്സരത്തില്‍

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: 2023ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തിനായി ജൂറിയുടെ അന്തിമ സ്‌ക്രീനിങ് പുരോഗമിക്കുമ്പോള്‍ മികച്ച നടിക്കായി മത്സരം കടുക്കുന്നു. കാതല്‍ ദ കോറിലെ അഭിനയത്തിന് ജ്യോതികയും ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉര്‍വശിയുമാണ് ഇഞ്ചോടിഞ്ച് പോരാട്ടം. അന്തിമ ജൂറിയെ ഇരുവരുടെയും അഭിനയം ഞെട്ടിച്ചു എന്നാണ് അറിയുന്നത്. ഉള്ളൊഴുക്കിലെ തന്നെ വേഷത്തിലൂടെ പാര്‍വതിയും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

മമ്മൂട്ടി ഇതുവരെ അഭിനയിച്ചതില്‍ വെച്ച് വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് കാതല്‍ ദ കോര്‍. പോള്‍സണ്‍ സ്‌കറിയയും ആദര്‍ശ് സുകുമാരനും ചേര്‍ന്നെഴുതിയ ചിത്രം സംവിധാനം ചെയ്തത് ജിയോ ബേബിയാണ്. പ്രമേയ സ്വീകരണത്തിലും പരിചരണത്തിലും ജിയോ പുലര്‍ത്തുന്ന ആര്‍ജവവും ധീരതയും ചാരുതയും കാതലിനെ വേറിട്ടു നിര്‍ത്തി. ഒരു പുരുഷന്റെ ഗേ ഓറിയന്റേഷനും റിലേഷന്‍ഷിപ്പും അയാളുടെ കുടുംബത്തിലും സമൂഹത്തിലും ഉളവാക്കുന്ന പ്രത്യാഘാതങ്ങളുടെ പശ്ചാത്തലത്തില്‍ ഹോമോസെക്ഷ്വലും ഹെട്രോസെക്ഷ്വലും ഉള്‍പെടെയുള്ള എല്ലാ സെക്ഷ്വാലിറ്റികള്‍ക്കും സ്വതന്ത്രമായ ഐഡന്റിറ്റി ഉറപ്പാകുന്ന സമഗ്രമായൊരു മഴവില്‍ രാഷ്ട്രീയ പ്രസ്താവന മുന്നോട്ടു വെക്കുന്ന ആദ്യത്തെ മലയാള സിനിമ എന്ന നിലയിലാണ് കാതല്‍ പ്രസക്തമാകുന്നത്. ഈ ചിത്രത്തില്‍ ഓമന എന്ന കഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിച്ചത്. നടി ജോമോളായിരുന്നു ജ്യോതികയ്ക്ക് ശബ്ദം നല്‍കിയത്. ഒരേസമയം ഭാര്യയും മകളുള്ള ഒരു യുവതിയുമാണ് ഓമന. ഇതുവരെ കണ്ടു ശീലിച്ച ജ്യോതികയല്ല കാതല്‍ ദ കോറിലുള്ളത്.

മത്സര വിഭാഗത്തിലുള്ള മറ്റൊരു നടിയാണ് ഉര്‍വശി. അവര്‍ ഇതുവരെ അവതരിപ്പിച്ചതില്‍ നിന്നും ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ഉള്ളൊഴുക്കിലേത്. ലീലാമ്മ എന്ന കഥാപാത്രത്തെ സിനിമാ പ്രേക്ഷകരുടെ ഉള്ളുലച്ചിരുന്നു. ലീലാമ്മ പല അടരുകളുള്ള കഥാപാത്രമാണ്. സൂക്ഷ്മമായ വായനയിലേ ലീലമ്മയെ നമുക്ക് പിടികിട്ടൂ. ലീലാമ്മ സൃഷ്ടിക്കുന്ന ഭാവങ്ങളിലൂടെയാണ് അവര്‍ തന്റെ മുന്നിലുള്ളവരെ-അത് പ്രേക്ഷകരാകാം, മരണ വീട്ടിലെ സ്വന്ത-ബന്ധു ജനങ്ങളോ നാട്ടുകാരോ ആകാം -നിയന്ത്രിക്കുന്നതും തനിക്ക് വിധേയരാക്കുന്നതും. ഇമേജിന്റെ ഭാരമില്ലാത്ത അഭിനേത്രിയാണ് ഉര്‍വശി. വളരെ കുറച്ച് അഭിനേതാക്കളാണ് ആ വിഭാഗത്തിലുള്ളത്. ഉര്‍വശി ലീലാമ്മയാകുമ്പോള്‍ സംഭവിക്കുന്നത്, ആ കഥാപാത്രത്തിനുമേലുള്ള ആശയക്കുഴപ്പം അവസാനം വരെ നിലനില്‍ക്കുന്നുവെന്നതാണ്. പാര്‍വതിയുടെ അഞ്ജുവിനെ നമുക്ക് പിടികിട്ടും. ആ തരത്തിലാണ് കഥാപാത്രമൊരുക്കിയിട്ടുള്ളത്. അഞ്ജുവിന്റെ കാര്യത്തില്‍ രണ്ട് തരം അഭിപ്രായങ്ങള്‍ക്ക് അവസരമുണ്ട്. ആദ്യാവസാനം ലീലാമ്മയുടെ കാര്യത്തില്‍ ശരിതെറ്റുകളുടെ ഹരണത്തിന് കഴിയാതെ പോകുന്നുണ്ടെങ്കില്‍ അത് ഉര്‍വശിയുടെ മിടുക്കാണ്. ഇക്കുറി അവാര്‍ഡിനായി മത്സരിക്കുന്ന ജ്യോതികയും ഉര്‍വശിയും മകളില്‍ മട്ടും എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

ഹിന്ദി സംവിധായകനും ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവുമായ സുധീര്‍ മിശ്ര ചെയര്‍മാനായുള്ള ജൂറിയാണ് പ്രാഥമിക ജൂറി ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത സിനിമകള്‍ കണ്ടുതുടങ്ങിയത്. ആകെ 160 സിനിമകളാണ് പുരസ്‌കാരത്തിനായി സമര്‍പ്പിച്ചിരുന്നത്. ഇതില്‍ നിന്നും 48 സിനിമകളാണ് പ്രാഥമിക ജൂറി തിരഞ്ഞെടുത്ത് അന്തിമ ജൂറിക്കു കൈമാറിയത്. സംവിധായകന്‍ പ്രിയനന്ദന്‍, സംവിധായകനും ഛായാഗ്രാഹകനുമായ അഴകപ്പന്‍ എന്നിവരായിരുന്നു പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍. കഴിഞ്ഞമാസം 13 മുതല്‍ ജൂറി സ്‌ക്രീനിംഗ് ആരംഭിച്ചിരുന്നു.

160 സിനിമകളില്‍ നിന്നാണ് 48 ചിത്രങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. സുധീര്‍ മിശ്ര ചെയര്‍മാനായ അന്തിമ ജൂറിയില്‍ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍.എസ്.മാധവന്‍, നടിയും കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ ആന്‍ അഗസ്റ്റിന്‍, സംഗീത സംവിധായകന്‍ ശ്രീവല്‍സന്‍ ജെ.മേനോന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് എന്നിവര്‍ അംഗങ്ങളാണ്.

സൂപ്പര്‍ സ്റ്റാറുകളുടെ സിനിമ 54-ാമത് ചലച്ചിത്ര പുരസ്‌കാരത്തിന് കുറവാണ്. മമ്മൂട്ടിയുടെ കാതല്‍ ദ കോര്‍, കണ്ണൂര്‍ സ്‌ക്വാഡ്, മോഹന്‍ലാലിന്റെ നേര്, പൃഥ്വിരാജിന്റെ ആടുജീവിതം, ഉള്ളൊഴുക്ക് തുടങ്ങിയവ മത്സര വിഭാഗത്തിലുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ കിങ് ഓഫ് കൊത്ത, ദിലീപിന്റെ വോയ്‌സ് ഓഫ് സത്യനാഥന്‍ എന്നിവയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായി മാറ്റുരയ്ക്കുന്നുണ്ട്. മത്സരവിഭാഗത്തിലെത്തിയ 160 സിനിമകളില്‍ പകുതിയിലേറെ -84 എണ്ണം നവാഗത സംവിധായകരുടേതാണ് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

Recent Articles

Related Articles

Special

Enable Notifications OK No thanks