Follow the FOURTH PILLAR LIVE channel on WhatsApp
ചണ്ഡിഗഢ്: പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെ അട്ടിമറിക്കാൻ കോൺഗ്രസ് നീക്കം. എ.എ.പിയുടെ 30 എം.എല്‍.എമാരുമായി ആശയവിനിമയം നടത്തിയെന്ന അവകാശവാദവുമായി പഞ്ചാബിലെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ഇതിന് പിന്നാലെ എ.എ.പി. ദേശീയ കണ്‍വീനർ അരവിന്ദ് കേജ്രിവാള് പഞ്ചാബിലെ എം.എല്‍.എമാരുടെ യോഗം ചൊവ്വാഴ്ച വിളിച്ചുചേര്‍ത്തു. നിലവില്‍ എ.എ.പിക്ക് അധികാരമുള്ള ഏക സംസ്ഥാനമാണ് പഞ്ചാബ്.
ഭഗവന്ത് മന്നിനെ മാറ്റി അരവിന്ദ് കേജ്രിവാൾ പഞ്ചാബ് മുഖ്യമന്ത്രിയാവാൻ കരുനീക്കം നടത്തുന്നു എന്നാണ് കോൺഗ്രസിൻ്റെ പ്രചാരണം. ഇതിൽ എതിർപ്പുള്ള എ.എ.പി. എം.എൽ.എമാർ പാർട്ടി പിളർത്തി തങ്ങൾക്കൊപ്പം വരുമെന്നാണ് കോൺഗ്രസിൻ്റെ അവകാശവാദം. 30 എ.എ.പി. എം.എല്‍.എമാര്‍ 1 കൊല്ലത്തോളമായി കോണ്‍ഗ്രസുമായി സമ്പര്‍ക്കത്തിലുണ്ടെന്നും അവര്‍ പാര്‍ട്ടി മാറാന്‍ തയ്യാറാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പഞ്ചാബിലെ പ്രതിപക്ഷ നേതാവുമായ പര്‍താപ് സിങ് ബാജ്വ പറഞ്ഞു.
ഡല്‍ഹിയില്‍ തോറ്റ അരവിന്ദ് കേജ്രിവാള് പഞ്ചാബില്‍ മുഖ്യമന്ത്രിയാവാൻ നീക്കം നടത്തുകയാണ്. ഡല്‍ഹി എ.എ.പി. നേതൃത്വത്തിനെതിരെ പഞ്ചാബിലെ പാര്‍ട്ടിയില്‍ ആഭ്യന്തര പ്രശ്നങ്ങളുണ്ടാവുമെന്നും ബജ്വ പ്രവചിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ നേതൃത്വത്തില്‍ ഡല്‍ഹി നേതൃത്വത്തിനെതിരെ തിരിയും. വ്യാപകമായി എ.എ.പി. എം.എല്‍.എമാര്‍ പാര്‍ട്ടി വിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേതൃസ്ഥാനത്തിനുവേണ്ടിയുള്ള പോരാട്ടം ആസന്നമായിരിക്കുകയാണ്. ലുധിയാന വെസ്റ്റ് നിയോജകമണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വരാനിരിക്കുന്നു. പഞ്ചാബ് നിയമസഭയുടെ ഭാഗമാകാന്‍ ആ മണ്ഡലത്തെ കേജ്രിവാള് നോട്ടമിടുന്നുണ്ടാകാം -ബാജ്വ പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസിന്റെ അവകാശവാദങ്ങളെ നിരാകരിച്ച് എ.എ.പി. വക്താവ് നീല്‍ ഗാര്‍ഗ് രംഗത്തെത്തി. കേജ്രിവാള് ഞങ്ങളുടെ ദേശീയ കണ്‍വീനറാണ്. മൻ പഞ്ചാബ് മുഖ്യമന്ത്രിയും. കോണ്‍ഗ്രസിന്റെ ഗ്രാഫ് കുത്തനെ താഴേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. ഡല്‍ഹിയില്‍ തുടര്‍ച്ചയായ മൂന്നാം തവണയും 1 സീറ്റുപോലും അവര്‍ക്ക് നേടാന്‍ കഴിഞ്ഞില്ല. 2022ലെ പഞ്ചാബ് തിരഞ്ഞെടുപ്പിൽ അവര്‍ക്ക് 18 എം.എല്‍.എമാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അത് 2027ലെ തിരഞ്ഞെടുപ്പില്‍ വീണ്ടും കുറയും. സംസ്ഥാനത്തെ മുന്‍സിപ്പല്‍ കോര്പറേഷന് തിരഞ്ഞെടുപ്പു നോക്കൂ, എന്താണ് അവരുടെ പ്രകടനം -ഗാര്‍ഗ് ചോദിച്ചു. കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ 1 സീറ്റ് പോലും നേടാന്‍ കഴിയാത്തതിനെ കുറിച്ചാണ് ബാജ്വ ആശങ്കപ്പെടേണ്ടതെന്നും ഗാര്‍ഗ് കൂട്ടിച്ചേര്‍ത്തു.