Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല മേഖലയിൽ ഉരുൾപൊട്ടലിന് ഇരയായവരുടെ പുനരധിവാസം നടപ്പാക്കുന്നതിന് വിഭാവനം ചെയ്ത ടൗണ്‍ഷിപ്പിന് മാർച്ച് ആദ്യവാരം തറക്കല്ലിടും. ഈ സർക്കാരിൻ്റെ കാലാവധി പൂർത്തിയാവുന്നതിനു മുമ്പു തന്നെ പരമാവധി ഒരു വർഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കി വീടുകള്‍ കൈമാറാനാണ് തീരുമാനം.
ടൗണ്‍ഷിപ്പിനായി എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നതു സംബന്ധിച്ചു നിലനിന്നിരുന്ന ആശയക്കുഴപ്പം മാറിയതോടെയാണ് പദ്ധതി വേഗത്തിൽ മുന്നോട്ടു നീങ്ങിയത്. കോടതി ഉത്തരവ് പാലിച്ച് ഉടമകൾക്ക് നഷ്ടപരിഹാരം നല്‍കി എസ്റ്റേറ്റ് ഏറ്റെടുക്കാനാണ് തീരുമാനം. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തിയാക്കും.
കേസില്‍പ്പെട്ട ഭൂമിക്ക് നഷ്ടപരിഹാരം നല്‍കുന്നതെങ്ങനെ എന്നതിലാണ് ആശയക്കുഴപ്പം നിലനിന്നിരുന്നത്. കല്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റും മേപ്പാടിയിലെ നെടുമ്പാല എസ്റ്റേറ്റും ഏറ്റെടുക്കാനായിരുന്നു തീരുമാനം. ദുരന്ത നിവാരണ നിയമപ്രകാരമുള്ള ഏറ്റെടുക്കലിന് ഹൈക്കോടതി അനുമതിയും നല്‍കി. എന്നാല്‍ ഏറ്റെടുക്കുന്ന എസ്‌റ്റേറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു കോടതി ഉത്തരവില്‍ പറഞ്ഞിരുന്നത്. ഇതാണ് സര്‍ക്കാരിന് ആശയക്കുഴപ്പം ഉണ്ടാക്കിയത്.
സാധാരണനിലയിൽ കേസില്‍പ്പെട്ട ഭൂമി ഏറ്റെടുക്കുമ്പോള്‍ അതിനു നല്‍കുന്ന നഷ്ടപരിഹാരം ബന്ധപ്പെട്ട കോടതിയില്‍ കെട്ടിവച്ച് ഏറ്റെടുക്കുകയാണ് പതിവ്. അതിനു വിപരീതമായി ഇവിടെ കേസിൽപ്പെട്ട ഭൂമിക്ക് ഉടമകള്‍ക്കു തന്ന നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി പരാമര്‍ശിച്ചതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമോപദേശം തേടിയിരുന്നു. ഇതിലാണ് ഇപ്പോള്‍ വ്യക്തത വന്നത്.
ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ ആദ്യഘട്ട പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യപട്ടികയില്‍ 242 കുടുംബങ്ങളാണ് ഇടം നേടിയത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീട് നഷ്ടമായവര്‍, വാടകയ്ക്ക് താമസിച്ചിരുന്ന ദുരന്തബാധിതര്‍, പാടികളില്‍ കഴിഞ്ഞിരുന്ന ദുരന്തബാധിതര്‍ എന്നിവരെയാണ് ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവര്‍ക്ക് മറ്റെവിടെയും വീടില്ല എന്ന് ഉറപ്പുവരുത്തിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്.
10ാം വാര്‍ഡില്‍ കരട് ലിസ്റ്റില്‍ നിന്ന് 50 പേരും പരാതിയെ തുടര്‍ന്ന് ഉള്‍പ്പെടുത്തിയ 1 കുടുംബവും ഉള്‍പ്പെടെ 51 പേരാണ് പട്ടികയില്‍ ഉള്ളത്. 11ാം വാര്‍ഡില്‍ കരട് ലിസ്റ്റില്‍ നിന്ന് 79 പേരും ആക്ഷേപത്തെ തുടര്‍ന്ന് ഉള്‍പ്പെടുത്തിയ 4 പേരും ഉള്‍പ്പെടെ 83 പേര്‍ പട്ടികയില്‍ ഉണ്ട്. 12ാം വാര്‍ഡില്‍ കരട് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന 106 കുടുംബങ്ങളും പരാതിയെ തുടര്‍ന്ന് ചേര്‍ക്കപ്പെട്ട 2 കുടുംബങ്ങളും ഉള്‍പ്പെടെ 108 പേരുണ്ട്.