Follow the FOURTH PILLAR LIVE channel on WhatsApp
പാലക്കാട്: പാതിവിലയ്ക്ക് ഇരുചക്ര വാഹനങ്ങളും വീട്ടുപകരണങ്ങളും നല്‍കുമെന്ന് വിശ്വസിപ്പിച്ച് നടത്തിയ സാമ്പത്തികത്തട്ടിപ്പില്‍ നജീബ് കാന്തപുരം എം.എൽ.എയ്ക്കു പങ്കെന്ന് സി.പി.എം. നേതാവ് പി.സരിൻ. നജീബ് നേതൃത്വം നൽകുന്ന മുദ്ര ചാരിറ്റബിൾ ഫൗണ്ടേഷന് തട്ടിപ്പിൽ പങ്കുണ്ട്. ഈ സംഘടനയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. നജീബിൻ്റെ പങ്ക് ഇതിലൂടെ വ്യക്തമാണെന്ന് ആരോപിച്ച സരിൻ ഇതു സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.
300ഓളം പേരിൽ നിന്ന് പണം തട്ടിയത്. സ്കൂട്ടർ കൊടുത്തത് 10ൽ താഴെ പേർക്ക് മാത്രമാണ്. ക്രൈംബ്രാഞ്ച് അന്വേഷണ പരിധിയിൽ ഇത് കൂടി വരണമെന്നും സരിൻ ആവശ്യപ്പെട്ടു. തട്ടിയെടുത്ത പണം നജീബ് തിരികെ കൊടുത്താലും എം.എല്‍.എ. പദവി ദുരുപയോഗം ചെയ്തതിന് തുല്യമാണ്. എം.എല്‍.എയുടെ മറുപടിക്ക് ശേഷം കൂടുതൽ വിവരം പുറത്തുവിടുമെന്നും സരിന് കൂട്ടിച്ചേര്‍ത്തു.
എന്താണ് മുദ്ര ഫൗണ്ടേഷൻ എന്ന് നജീബ് കാന്തപുരം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട സരിന്, തട്ടിപ്പ് സംഘടനയുമായി എന്താണ് ബന്ധമെന്നും എത്ര തുക ഇവരിൽ നിന്ന് കമ്മീഷൻ കിട്ടിയെന്നും ചോദിച്ചു. തട്ടിപ്പ് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ചിന് കത്ത് നൽകുമെന്നും സരിന് കൂട്ടിച്ചേര്‍ത്തു.