29 C
Trivandrum
Wednesday, March 12, 2025

ലോക ബാങ്ക് സഹായത്തോടെ ആരോഗ്യ മേഖലയില്‍ വന്‍വികസനം

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴില്‍ ലോകബാങ്ക് സഹായത്തോടെ കേരള ഹെല്‍ത്ത് സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോഗ്രാം നടപ്പാക്കുന്നതിന് ലോക ബാങ്കില്‍ നിന്നും 2424.28 കോടി രൂപ (280 ദശലക്ഷം ഡോളര്‍) വായ്പ എടുക്കുന്നതിന് മന്ത്രിസഭാ യോഗം അനുമതി നല്‍കി. പ്രോഗ്രാം ഫോർ റിസൾട്ട്സ് (പി ഫോർ ആർ) മാതൃകയിലാണ് പദ്ധതി നടപ്പാക്കുക.

ഉയർന്ന ജീവിത നിലവാരം, ആയുർദൈർഘ്യം എന്നിവ ഉറപ്പ് വരുത്തുന്നതിനും, തടയാവുന്ന രോഗങ്ങൾ, അപകടങ്ങൾ, അകാല മരണം എന്നിവയിൽ നിന്ന് മുക്തമായ ജീവിതം കെട്ടിപ്പെടുക്കുന്നതിനും കേരളത്തിലെ ജനതയെ സഹായിക്കുക എന്നതാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം. പദ്ധതിയിലെ എല്ലാ ഇടപെടലുകളും പാവപ്പെട്ടവരുടെ ക്ഷേമം ഉറപ്പു വരുത്തുന്നതായിരിക്കും.

കേരളത്തിലെ മാറിവരുന്ന ജനസംഖ്യാശാസ്ത്രപരവും പകർച്ചാവ്യാധിപരവുമായ അവസ്ഥകളെ അഭിസംബോധന ചെയ്തുകൊണ്ട് മൂല്യാധിഷ്ഠിത ആരോഗ്യ സംരക്ഷണം നൽകുന്നതിന് പ്രതിരോധശേഷിയുള്ള ആരോഗ്യ സംവിധാനങ്ങൾ രൂപപ്പെടുത്താനാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ വിവിധ വകുപ്പുകളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെ ഉയർന്നുവരുന്ന ഭീഷണികളോട് ഫലപ്രദമായി പ്രതികരിക്കുന്നതിനും കേരളത്തിലെ ആരോഗ്യ വിതരണ സംവിധാനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും പദ്ധതി സഹായിക്കും.

പകർച്ചേതര വ്യാധികൾ തടയുന്നതിനായി സമഗ്രമായ ഒരു ആവാസവ്യവസ്ഥ വികസിപ്പിക്കുക, സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെയും കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച മെച്ചപ്പെട്ട സമീപനങ്ങളിലൂടെയും ഉയർന്നുവരുന്ന ആരോഗ്യ ഭീഷണികളെ ചെറുക്കുകയും ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുക, ആംബുലൻസും ട്രോമ രജിസ്ട്രിയും ഉൾപ്പെടെ 24×7 അടിയന്തര പരിചരണ സൗകര്യങ്ങളുടെ കാര്യക്ഷമമായ ഒരു ശൃംഖല സൃഷ്ടിച്ചുകൊണ്ട് എമർജൻസി, ട്രോമ കെയർ സേവനങ്ങൾ ശക്തിപ്പെടുത്തുക എന്നിവയും ലക്ഷ്യമാണ്.

വയോജന സേവനങ്ങളിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും കൂടി ഇടപെടൽ മുഖേന, നിലനിൽക്കുന്ന വെല്ലുവിളികളും ഉയർന്നു വരുന്ന പുതിയ പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി ആരോഗ്യ സംവിധാനങ്ങൾ പുനരാവിഷ്കരിക്കുക, മനുഷ്യവിഭവശേഷി ശക്തിപ്പെടുത്തുക, വിഭവശേഷി വർദ്ധിപ്പിക്കുക, ഡിജിറ്റൽ ഹെൽത്ത് ആപ്ലിക്കേഷനുകൾ സാർവ്വത്രികമാക്കുകയും ആരോഗ്യത്തിനായി പൊതു ധനസഹായം വർദ്ധിപ്പിക്കുകയും ചെയ്യുക തുടങ്ങിയവയും പദ്ധതിയിലൂടെ നടപ്പാക്കും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് കാര്യക്ഷമമായ സേവനങ്ങള്‍ നല്‍കുന്നതില്‍ പദ്ധതി ഊന്നല്‍ നല്‍കും.

Recent Articles

Related Articles

Special

Enable Notifications OK No thanks