Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുള്ള ചരക്കുനീക്കത്തിനു റെയിൽ, റോഡ് കണക്ടിവിറ്റി സർക്കാർ ഉറപ്പാക്കുമെന്ന് തുറമുഖ മന്ത്രി വി.എൻ.വാസവൻ. ബാലരാമപുരത്തുനിന്നു തുറമുഖത്തേക്കുള്ള 10 കിലോമീറ്റർ റെയിൽപാത 4 വർഷത്തിനകം യാഥാർഥ്യമാകുമെന്നു വിഴിഞ്ഞം കോൺക്ലേവിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവേ മന്ത്രി പറഞ്ഞു. തുറമുഖത്തുനിന്നു ദേശീയപാത 66ലേക്കുള്ള കണക്ടിവിറ്റി 2 വർഷത്തിനുള്ളിൽ പൂർത്തിയാക്കും. ദേശീയപാത അതോറിറ്റിയുമായി ധാരണയിലെത്തിയിട്ടുണ്ട്. അതുവരെ എൻ.എച്ച്. 66ലേക്കു താൽക്കാലിക ഗതാഗത സൗകര്യം ഏർപ്പെടുത്തുമെന്നു മന്ത്രി പറഞ്ഞു.
വിഴിഞ്ഞം തുറമുഖം വരും തലമുറയ്ക്ക് അഭിവൃദ്ധിയേകുന്ന ആഗോള സമുദ്ര ശക്തികേന്ദ്രമാകുമെന്നും കേരളത്തിന്റെ ഭാവിയില്‍ വിശ്വസിച്ച് ഇവിടെ നിക്ഷേപം നടത്തുന്ന വ്യവസായികള്‍ക്ക് യാതൊരു തൊഴില്‍ പ്രതിസന്ധികളും നേരിടേണ്ടിവരില്ലെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച തൊഴിൽ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. തുറമുഖത്തിന്റെയും അനുബന്ധ വ്യവസായങ്ങളുടെയും വിജയം നേരിട്ടുള്ള തൊഴിലവസരങ്ങള്‍ക്ക് പുറമേ കേരളത്തിലെ പ്രാദേശിക സമൂഹങ്ങള്‍ക്ക് എണ്ണമറ്റ അവസരങ്ങളും സൃഷ്ടിക്കും. വിഴിഞ്ഞത്തെ സമഗ്രവും സുസ്ഥിരവുമായ വികസനത്തിന്റെ ഒരു മാതൃകയാക്കാനും ഈ പുരോഗതിയുടെ നേട്ടങ്ങള്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് –മന്ത്രി കൂട്ടിച്ചേർത്തു.
വിഴിഞ്ഞത്തെ മുഖ്യ വ്യവസായങ്ങളെ സംബന്ധിച്ച് സര്‍ക്കാര്‍ ധാരണയിലെത്തിയിട്ടുണ്ടെന്നും മാനുഫാക്ചറിങ്, ഡിഫന്‍സ് ആന്‍ഡ് സ്‌പേസ് പാര്‍ക്ക്, ഇലക്ട്രോണിക്‌സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങി 20 പ്രധാന മേഖലകളിലാണ് വിഴിഞ്ഞം തുറമുഖത്തെ വ്യാപാരം ഫോക്കസ് ചെയ്യുകയെന്നും വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. കേരളത്തിന്റെ വിവിധഭാഗങ്ങളിലേക്ക് വിഴിഞ്ഞത്തുനിന്നും റോഡ്, റെയില്‍ കണക്ടിവിറ്റി ഉറപ്പാക്കും. വല്ലാര്‍പാടം അടക്കം വലുതും ചെറുതുമായ 18 തുറമുഖങ്ങളെ ഇതിനായി ഉപയോഗിക്കും. വിഴിഞ്ഞം തുറമുഖം ലോകത്തിന് മുന്നില്‍ തുറന്നുവയ്ക്കുന്നത് അനന്തമായ സാധ്യതകളാണ്. നിക്ഷേപ താൽപര്യമുള്ള വ്യവസായികള്‍ യാഥാര്‍ഥ്യബോധ്യത്തോടെയുള്ള ധാരണപത്രങ്ങളുമായി വന്നാല്‍ അതിലൊപ്പുവയ്ക്കാനും മുന്നോട്ടുപോകാനും സംസ്ഥാന സര്‍ക്കാര്‍ തയാറാണ് –രാജീവ് പറഞ്ഞു.
വിഴിഞ്ഞം കോൺക്ലേവ് രണ്ടാം എഡിഷൻ 2026 ജനുവരിയിൽ സംഘടിപ്പിക്കുമെന്നും വ്യവസായ മന്ത്രി അറിയിച്ചു.
വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻ നായർ, വിസിൽ എം.ഡി. ദിവ്യ എസ്.അയ്യർ, അദാനി വിഴിഞ്ഞം പോർട്ട് സി.ഇ.ഒ. പ്രദീപ് ജയരാമൻ തുടങ്ങിയവർ പ്രസംഗിച്ചു.