29 C
Trivandrum
Thursday, March 13, 2025

വി.ഡി.സതീശൻ്റെ ജാഥയിൽ ലീ​ഗ് നേതാവിനെ അപമാനിച്ചെന്ന് പരാതി

Follow the FOURTH PILLAR LIVE channel on WhatsApp 

വയനാട്: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന മലയോര ജാഥയിൽ ലീ​ഗ് നേതാവിനെ അപമാനിച്ചെന്ന് പരാതി. സതീശന്റെ മലയോര ജാഥ മീനങ്ങാടിയിൽ പ്രവേശിച്ചപ്പോൾ ലീ​ഗ് നേതാവ് പി.ഇസ്മായിലിനെ പ്രസം​ഗിക്കാൻ ക്ഷണിച്ചില്ലെന്നാണ് ലീഗ് നേതൃത്വത്തിന്റെ പരാതി. ‌മീനങ്ങാടിയിൽ പ്രാസംഗികനായി ലീഗ് നിശ്ചയിച്ചത് ഇസ്മായിലിനെയായിരുന്നു. ജാഥയിൽ മറ്റ് ഘടകകക്ഷി നേതാക്കളെല്ലാം പ്രസംഗിച്ചുവെങ്കിലും ലീഗ് നേതാവിനെ പ്രസം​ഗിക്കാൻ ക്ഷണിച്ചില്ല. സംഭവത്തിൽ മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയെന്നാണ് പുറത്തുവരുന്ന വിവരം.

ജാഥയുടെ മാനന്തവാടിയിലെ പൊതുയോഗത്തിൽ ലീഗ് പ്രതിനിധി പങ്കെടുത്തിരുന്നില്ല. ജാഥയിൽ ലീഗിന്റെ മുതിർന്ന നേതാക്കൾ പങ്കെടുക്കാത്തതിൽ പ്രതിപക്ഷ നേതാവിന് അതൃപ്തിയുണ്ട്. അതേസമയം മലയോര ജാഥയിൽ സഹകരിപ്പിക്കണമെന്ന് സതീശനോട് മുൻ നിലമ്പൂർ എം.എൽ.എ. പി.വി.അൻവർ ആവശ്യപ്പെട്ടു. മാനന്തവാടിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് അൻവർ ഈ ആവശ്യം ഉന്നയിച്ചത്. ജാഥ മലപ്പുറത്തേക്ക് കടക്കുന്നതിന് മുമ്പാണ് അൻവറിന്റെ നിർണായക നീക്കം. ഇക്കാര്യം യു.ഡി.എഫിൽ ചർച്ച ചെയ്ത് അറിയിക്കാമെന്നാണ് സതീശന്റെ മറുപടി.

വന്യമൃഗങ്ങളുടെ അക്രമത്തില്‍ നിന്ന് മലയോര കര്‍ഷകരേയും ജനങ്ങളേയും രക്ഷിക്കുക, കാര്‍ഷിക മേഖലയിലെ തകര്‍ച്ചക്ക് പരിഹാരമുണ്ടാക്കുക, ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വി.ഡി.സതീശന്റെ സമരയാത്ര പുരോഗമിക്കുന്നത്. കണ്ണൂർ കരുവഞ്ചാലിൽ നിന്നാണ് ജാഥ ആരംഭിച്ചത്. ഫെബ്രുവരി 5ന് തിരുവനന്തപുരത്തെ അമ്പൂരിയില്‍ യാത്ര സമാപിക്കും.

Recent Articles

Related Articles

Special

Enable Notifications OK No thanks