29 C
Trivandrum
Friday, March 14, 2025

നെന്മാറ ഇരട്ടക്കൊലപാതകം: പൊലീസ് വീഴ്ചയിൽ റിപ്പോർട്ട് തേടി എ.ഡി.ജി.പി.

Follow the FOURTH PILLAR LIVE channel on WhatsApp 

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ജാമ്യവ്യവസ്ഥ ലംഘിച്ച് സ്വന്തം വീട്ടിൽ കഴിയാനിടയായ സാഹചര്യത്തെക്കുറിച്ച് എ.ഡി.ജി.പി. മനോജ് എബ്രഹാം പാലക്കാട് എസ്.പി. വിജയകുമാറിനോടു റിപ്പോർട്ട് തേടി. ജാമ്യ വ്യവസ്ഥ ലംഘിച്ചതിൽ നടപടി എടുക്കാത്തതിലാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്.

ചെന്താമര നെന്മാറ പഞ്ചായത്തിൽ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യവ്യവസ്ഥയിലുണ്ടായിരുന്നത്. ഇത് ലംഘിച്ചാണ് പ്രതി നെന്മാറ പഞ്ചായത്തിലുള്ള സ്വന്തം വീട്ടിൽ കഴിഞ്ഞിരുന്നത്. കൊല്ലപ്പെട്ട സുധാകരനും മകളും ഡിസംബർ 29ന് ഇതു സംബന്ധിച്ചു പരാതി നൽകിയിട്ടും കേസെടുക്കാത്തത് പൊലീസിന്റെ വീഴ്ചയാണെന്നാണ് സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട്. ഇതടിസ്ഥാനമാക്കിയാണ് എ.ഡി.ജി.പി. വിശദീകരണം തേടിയത്.

ഇയാൾ ജാമ്യവ്യവസ്ഥ ലംഘിച്ചതായി ബോധ്യമായിട്ടും ഇതിനെതിരേ നടിപടിയെടുക്കാൻ പൊലീസ് നീങ്ങിയിരുന്നോ എന്ന പ്രധാനപ്പെട്ട ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ജാമ്യം റദ്ദാക്കാന്‍ രണ്ട് തവണ കോടതിയെ സമീപിച്ചെങ്കിലും നടന്നില്ലെന്ന് ആലത്തൂര്‍ ഡി.വൈ.എസ്.പി. നേരത്തേ പറഞ്ഞിരുന്നു.

കൊല്ലപ്പെട്ട സുധാകരന്റെ കുടുംബവും നാട്ടുകാരും ഉള്‍പ്പെടെ കൂട്ടപ്പരാതി നല്‍കിയതിനെത്തുടര്‍ന്ന് ചെന്താമരയെ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ പ്രദേശത്തേക്ക് ഇനി വരരുത് എന്ന് ഇയാളെ താക്കീതുചെയ്ത് വിട്ടയക്കുകയായിരുന്നു അന്ന് പൊലീസ് ചെയ്തത്. അതേസമയം,സ്ഥലത്തേക്ക് വരുന്നത് തടയുകയോ മറ്റേതെങ്കിലും നടപടി കൈക്കൊള്ളുകയോ ചെയ്തില്ല.

രണ്ടുമാസംമുന്‍പ് ജാമ്യത്തിലിറങ്ങിയ ചെന്താമര അയല്‍വാസിയായ സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെയാണ് കൊലപ്പെടുത്തിയത്. 2019ലാണ് വൈരാഗ്യത്തിന് ആസ്പദമായ സംഭവം. ഭാര്യ ചെന്താമരയുമായി തെറ്റിപ്പിരിഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. ഭാര്യയെ തന്നില്‍നിന്ന് അകറ്റിയത് അയല്‍വാസിയും ഇപ്പോള്‍ കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യയുമായ സജിതയാണെന്ന് അന്ന് ചെന്താമര സംശയിച്ചിരുന്നു. ഇതോടെ സജിതയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. സജിതയുടെ ഭര്‍ത്താവ് സുധാകരനെയും ഇദ്ദേഹത്തിന്റെ അമ്മ ലക്ഷ്മിയെയുമാണ് ഇപ്പോള്‍ വകവരുത്തിയത്.

അന്ന് കൊലയ്ക്കുശേഷം കാട്ടില്‍ ഒളിവില്‍പ്പോയ പ്രതിയെ പൊലീസ് പിന്നീട് പിടികൂടി. ആ കേസില്‍ അടുത്തമാസം വിചാരണ തുടങ്ങാനിരിക്കെയാണ് ചെന്താമര ജയിലില്‍നിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. സുധാകരനെയും ലക്ഷ്മിയെയും കൊല്ലുമെന്ന് ഇയാള്‍ മുന്‍പ് ഭീഷണിപ്പെടുത്തിയിരുന്നതായാണ് വിവരം. പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

Recent Articles

Related Articles

Special

Enable Notifications OK No thanks