29 C
Trivandrum
Thursday, March 13, 2025

പിണറായിയെ പുകഴ്ത്തി ഗവർണർ ആർലേകർ

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രസംഗത്തിൽ ഏറെ പുകഴ്ത്തി ഗവർണർ രാജേന്ദ്ര ആർലേകർ. വികസിത കേരളം സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടും, സംസ്ഥാനത്തെ കുറിച്ച് കൃത്യമായ ദീർഘവീക്ഷണവും മുഖ്യമന്ത്രിക്ക് ഉണ്ടെന്ന് ഗവർണർ റിപ്പബ്ലിക്ക് ദിന പ്രസംഗത്തിൽ പറഞ്ഞു. ഭിന്നതകൾക്കിടയിലും കേരളത്തിൻ്റെ വികസനത്തിനായി ഒന്നിച്ചുനിന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തെ കുറിച്ചോർത്ത് അഭിമാനമാണ് ഉള്ളത്. വിവിധ മേഖലകളില്‍ നമ്മുടെ സംസ്ഥാനം വികസിച്ചു. ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ച് നിന്ന് സംസ്ഥാനത്തെ മികവുറ്റതാക്കാന്‍ പരിശ്രമിക്കണം. ഒന്നിച്ചുനിന്നാലെ വികസിത ഭാരതത്തിലേക്ക് എത്തിച്ചേരാന്‍ സാധിക്കൂ. കേരളത്തിന്റെ ഗവര്‍ണര്‍ സ്ഥാനമേറ്റെടുത്ത ശേഷം ഞാന്‍ മറ്റുള്ളവരോട് പറയും, എന്റെ സംസ്ഥാനം ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സാക്ഷരതനിരക്കുള്ള സംസ്ഥാനമാണെന്ന്. കേരളത്തെ കുറിച്ചോര്‍ത്ത് ഞാന്‍ അഭിമാനം കൊള്ളുന്നു. കേരളത്തിന്റെ നേട്ടത്തില്‍ എനിക്ക് പങ്കില്ല. അത് ഈ സംസ്ഥാനത്തെ ജനങ്ങളുടെയും ഭരണകര്‍ത്താക്കളുടെയും പ്രതിപക്ഷത്തിന്റെയും പരിശ്രമത്തിന്റെ ഫലമാണ്. കേരളം മുന്നോട്ട് കുതിക്കുന്നതിന്റെ കാരണമതാണ്. ഒട്ടനവധി സൂചികകളില്‍ കേരളം രാജ്യത്തേക്കാളും മുന്നിലാണ്.

ഇന്നത്തെ ദിവസം ആത്മപരിശോധന നടത്താനുള്ളത്. സിംഹത്തെ കാട്ടിലെ രാജാവ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഓരോ ചുവട് മുന്നോട്ട് വെയ്ക്കുമ്പോഴും സിംഹം പിന്നോട്ട് തിരിഞ്ഞു നോക്കും. എത്ര ദൂരം മുന്നോട്ട് വന്നു എന്ന് മനസ്സിലാക്കാനാണ് സിംഹം അങ്ങനെ ചെയ്യുന്നത്. കേരളത്തിലെ ജനങ്ങള്‍ ശ്രേഷ്ഠരാണ്. അവര്‍ സിംഹങ്ങളെ പോലെയാണ്. എത്ര ദൂരം പിന്നിട്ടുവെന്നും ഇനിയെത്ര മുന്നോട്ട് പോകണമെന്നും നാം സ്വയം വിലയിരുത്തണം.

നമ്മുടെ രാജ്യം മുന്നോട്ട് പോവുകയാണ്. നരേന്ദ്രമോദിയുടെ ഭരണത്തില്‍ വികസിതഭാരതമെന്ന സ്വപ്‌നത്തിലേക്ക് നാം കുതിക്കുകയാണ്. അടുത്ത 25 വര്‍ഷത്തില്‍ നേടേണ്ടതിനെ കുറിച്ച് നാം ചിന്തിക്കണം. കേരളം ഒട്ടും പിറകില്ലല്ല. മുന്നോട്ട് കുതിക്കുകയാണ് കേരളം. മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തിന്റെ വികസനത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്. വികസിത കേരളമില്ലാതെ വികസിതഭാരതത്തിന് മുന്നോട്ട് പോകാനാവില്ല. മുഖ്യമന്ത്രിക്ക് അതേപ്പറ്റി വ്യക്തമായ ധാരണയുണ്ട്. ഭിന്നതസകള്‍ക്കിടയിലും ഒന്നിച്ച് നിന്ന് പ്രവര്‍ത്തിക്കാമെന്നതാണിത് സൂചിപ്പിക്കുന്നത്. നമ്മള്‍ യന്ത്രങ്ങളല്ല, സാധാരണ മനുഷ്യരാണ് ഭിന്നതകള്‍ സ്വഭാവികമാണ്- ഗവർണർ പറഞ്ഞു.

വേദിയിൽ ഉണ്ടായിരുന്ന മുഖ്യമന്ത്രിയുമായി സൗഹൃദസംഭാഷണം നടത്തിയശേഷമാണ് ഗവർണർ മടങ്ങിയത്.

Recent Articles

Related Articles

Special

Enable Notifications OK No thanks