29 C
Trivandrum
Friday, March 14, 2025

കാലിക്കറ്റ് സർവകലാശാല വിദ്യാർഥി യൂണിയൻ ഓഫീസ് യു.ഡി.എസ്.എഫ്. അടിച്ചുതകർത്തു

Follow the FOURTH PILLAR LIVE channel on WhatsApp 

കോഴിക്കോട്: കലിക്കറ്റ് സർവകലാശാല ഡിപ്പാർട്ടുമെൻ്റൽ സ്റ്റുഡൻസ് യൂണിയൻ (ഡി.എസ്.യു.) ഓഫീസ് കെ.എസ്.യു. -എം.എസ്.എഫ്. അക്രമികൾ തകർത്തു. ആക്രമണത്തിൽ വിദ്യാർഥിനികൾ ഉൾപ്പടെ 4 പേർക്ക് പരിക്കേറ്റു. സംഭവത്തിൽ 6 യു.ഡി.എസ്.എഫ്. പ്രവര്‍ത്തകര്‍ക്കെതിരെ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. നരഹത്യാശ്രമം (ബി.എന്‍.എസ്. 110) ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

ബുധനാഴ്ച രാത്രി 9.30ഓടെയാണ് അക്രമണം നടത്തിയത്. യു.ഡി.എസ്.എഫുകാരുടെ നേതൃത്വത്തിലുള്ള യൂണിവേഴ്സിറ്റി യൂണിയൻ കഴിഞ്ഞ 4 ദിവസങ്ങളിലായി കാമ്പസിൽ നടത്തുന്ന ‘കഫിൻ കാർണിവലി’ൻ്റെ മറവിലാണ് അക്രമികൾ സർവകലാശാല കാമ്പസിൽ തമ്പടിച്ചത്. മാരകായുധങ്ങളുമായിട്ടായുന്നു ഇവരുടെ അഴിഞ്ഞാട്ടം.

എസ്.എഫ്.ഐ. യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി കാമ്പസിനകത്ത് രക്തസാക്ഷികളുടെ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ഈ ബോര്‍ഡിലെ ‘കൊന്നതാണ്’ എന്ന പരാമര്‍ശമാണ് പ്രശ്‌നങ്ങൾക്കു തുടക്കമിട്ടത്. ബോർഡിൽ പ്രകോപിതരായ എം.എസ്.എഫ്. പ്രവര്‍ത്തകര്‍ അരിയില്‍ ഷുക്കൂറിന്റെ ബോര്‍ഡ് വെച്ചു. ഇതിന് മറുപടിയായി എസ്.എഫ്.ഐ. വീണ്ടും ബോര്‍ഡുകള്‍ സ്ഥാപിച്ചതോടെ പ്രകോപിതരായ യു.ഡി.എസ്.എഫ്. പ്രവര്‍ത്തകര്‍ ഡി.എസ്.യു. ഓഫീസ് അടിച്ചുതക‌‌‍ർക്കുകയായിരുന്നു.

അക്രമികൾ ഓഫീസിന്റെ വാതിൽ പൊളിച്ചു. വാട്ടർ കൂളറും ഫർണീച്ചറുകളും നശിപ്പിച്ചു. യൂണിവേഴ്സിറ്റി യൂണിയൻ മലപ്പുറം ജില്ല എക്സിക്യൂട്ടീവ് അംഗം പി.കെ.മുബഷിറിൻ്റെയും പി.എജവാദിൻ്റെയും നേതൃത്വത്തിലാണ് അക്രമം നടത്തിയത്.

ഡി.എസ്.യു. വൈസ് ചെയർപേഴ്സൺ കെ.കീർത്തന, അലേഖ് ആർ.നാഥ്, ബി.എസ്.അക്ഷയ്, തീർത്ഥ സുനിൽ, നിഖിൽ റിയാസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂണിവേഴ്സിറ്റി യൂണിയൻ്റെ കാലാവധി കഴിഞ്ഞെങ്കിലും പുതിയ യൂണിയൻ നിലവിൽ വന്നിട്ടില്ലയെന്ന സാങ്കേതികത്വത്തിലാണ് നിലവിൽ യു.ഡി.എസ്.എഫുകാർ തുടരുന്നത്. ഈ യൂണിയൻ്റെ ചെയർപേഴ്സണടക്കം കഴിഞ്ഞ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ തോറ്റവരാണ്. ഡി.എസ്.യു. ഭരിക്കുന്നത് എസ്.എഫ്.ഐ. ആണ്.

സംഭവത്തിന് പിന്നാലെ എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ അക്രമത്തിന്റെ ദൃശ്യങ്ങള്‍ സഹിതം ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളും ചര്‍ച്ചയാകുന്നുണ്ട്. തിരിച്ചുകിട്ടുമ്പോള്‍ എസ്.എഫ്.ഐ. ഫാസിസം എന്ന് പറഞ്ഞ് നിലവിളിക്കാന്‍ എം.എസ്.എഫ്. പ്രവര്‍ത്തകര്‍ ഇവിടെതന്നെ കാണണമെന്നായിരുന്നു ആര്‍ഷോയുടെ പോസ്റ്റ്.

Recent Articles

Related Articles

Special

Enable Notifications OK No thanks