29 C
Trivandrum
Wednesday, March 12, 2025

പുകഴ്ത്തുന്ന ഗാനം പാടി; സർവീസ് മേഖലയുടെ അസ്വസ്ഥകാലം അനുസ്മരിച്ച് മുഖ്യമന്ത്രി

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: കേരളത്തിലെ സർവീസ് മേഖല അസ്വസ്ഥമായ കാലം ഉണ്ടായിരുന്നുവെന്ന് അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സർവീസ് മേഖല സംഘടനകൾ ജീവനക്കാരുടെ അവകാശങ്ങൾക്കും ആനുകൂല്യങ്ങൾക്കും സമരം ചെയ്തു. ഇന്നത്തെ പുതിയ തലമുറ ഇക്കാര്യങ്ങൾ മനസിലാക്കണമെന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ (കെ.എസ്.ഇ.എ.) സുവ‍ർണ ജൂബിലി മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പിണറായിയെ പുകഴ്ത്തുന്ന ഗാനത്തിൻ്റെ പേരിൽ മന്ദിരോദ്ഘാടനം നേരത്തേ തന്നെ ശ്രദ്ധേയമായിരുന്നു.

കഴിഞ്ഞകാല പ്രവർത്തന ചരിത്രവും പ്രയാസങ്ങളും ത്യാഗങ്ങളും നിറഞ്ഞതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്കാര്യങ്ങൾ പുതുതലമുറയ്ക്ക് പകർന്ന് കൊടുക്കാൻ കഴിയണം എന്നാൽ മാത്രമെ ഇന്ന് അനുഭവിക്കുന്ന അവകാശങ്ങൾ നേടിയത് എങ്ങനെയെന്ന് അറിയാൻ കഴിയൂ. കെ.എസ്.ഇ.എ. സാമൂഹിക രംഗത്തും ഇടപെട്ട സംഘടനയാണ്. ചില ദുരന്തങ്ങൾ ഘട്ടങ്ങളിലെല്ലാം നാടിനും നാട്ടുകാർക്കൊപ്പവും പ്രവർത്തിക്കാൻ സംഘടനയ്ക്ക് കഴിഞ്ഞു. സർവീസ് രംഗത്തെ സംഘടനകളുടെയെല്ലാം ചരിത്രം അതാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി വേദിയിലേക്ക് എത്തുന്നതിനു മുമ്പാണ് ജീവനക്കാരുടെ ഗാനാലാപനം ആരംഭിച്ചത്. പാട്ട് പകുതിയായപ്പോൾ അദ്ദേഹം അവിടേക്കെത്തി. പ്രത്യേകിച്ച് ഭാവഭേദങ്ങളൊന്നുമില്ലാതെ പാട്ട് തീരും വരെ പിണറായി വേദിയിൽ കാത്തിരുന്നു. പിന്നീട് പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രി പോകുന്ന വേളയിലും ഗാനാലാപനമുണ്ടായി.

‘ചെമ്പടയ്ക്ക് കാവലളാല്‍,
ചെങ്കനല്‍കണക്കൊരാള്‍
ചെങ്കൊടിക്കരത്തിലേന്തി
കേരളം നയിക്കയായ്
സമരധീര സമരധീര
സമരധീര സാരഥി
പിണറായി വിജയന്‍..’ എന്നു തുടങ്ങുന്ന ഗാനം പുറത്തായതോടെ വലിയ ചര്‍ച്ചയായിരുന്നു.

‘മര്‍ദനങ്ങളേറ്റിടുമ്പോഴും തലകുനിച്ചിടാതെ
കാക്കിയിട്ട കോമരങ്ങളെ ധീരനായ് മറികടന്നതും
അടിയന്തരാവസ്ഥയില്‍ തച്ചുടച്ച ദേഹവും
ശോണവസ്ത്ര ധാരിയായ് സഭയിലേക്ക് വന്നതും
ഇരളടഞ്ഞ പാതയില്‍ ജ്വലിച്ച സൂര്യനായി
പിണറായി വിജയന്‍ മാതൃകയായി’ എന്നും പാട്ടില്‍ പറയുന്നു.

ധനകാര്യ വകുപ്പിലെ പൂവത്തൂര്‍ ചിത്രസേനന്‍ രചിച്ച പാട്ടിന് നിയമവകുപ്പിലെ സെക്ഷന്‍ ഓഫീസര്‍ കെ.എസ്.വിമലാണ് സംഗീതം നല്‍കിയത്. സമരധീര സാരഥിയെന്നും കാവലാളെന്നും ഫീനിക്സ് പക്ഷിയെന്നും പടനായകനെന്നുമെല്ലാം പാട്ടില്‍ മുഖ്യമന്ത്രിയെ വിശേഷിപ്പിക്കുന്നുണ്ട്.

അതേസമയം കുറ്റപ്പെടുത്തലുകൾക്കും അധിക്ഷേപത്തിനും ആരോപണങ്ങൾക്കുമിടയിൽ ഒരു പുകഴ്ത്തൽ വരുമ്പോൾ മാധ്യമങ്ങൾ അസ്വസ്ഥരാകുന്നു എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വാഴ്ത്തു പാട്ടുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നിൽകിയത്. വ്യക്തി പൂജയ്ക്ക് നിന്ന് കൊടുക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Recent Articles

Related Articles

Special

Enable Notifications OK No thanks