Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ സമാപന ദിവസം 10 മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ കലാകിരീടത്തിനായുള്ള പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്. 4ാം ദിവസത്തെ മത്സരങ്ങൾ അവസാനിക്കുമ്പോൾ അപ്രതീക്ഷിത മുന്നേറ്റത്തോടെ തൃശ്ശൂർ ഒന്നാമതെത്തി. 965 പോയിൻ്റ് നേടിയാണ് തൃശ്ശൂർ മുന്നിലെത്തിയത്. 961 പോയിൻ്റുമായി കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനത്ത് ഒപ്പത്തിനൊപ്പമാണ്. 959 പോയിൻ്റോടെ കോഴിക്കോടാണ് മൂന്നാമത്.
പാലക്കാട് ഗുരുകുലം എച്ച്.എസ്.എസ്. 166 പോയിൻ്റോടെ സ്കൂൾ വിഭാഗത്തിൽ ബഹുദൂരം മുന്നിലാണ്. തിരുവനന്തപുരം കാർമൽ എച്ച്.എസ്.എസ്. 116 പോയിൻ്റോടെ രണ്ടാം സ്ഥാനത്തും മാനന്തവാടി എം.ജി.എം.എച്ച്.എസ്.എസ്. 101 പോയിൻ്റോടെ മൂന്നാം സ്ഥാനത്തുമുണ്ട്.
ആകെയുള്ള 249 ഇനങ്ങളിൽ 239 എണ്ണം പൂർത്തിയായി. അവസാന ദിനത്തിൽ നടക്കാനിരിക്കുന്ന 10 മത്സര ഫലങ്ങൾ ഇതോടെ നിർണ്ണായകമായിരിക്കുകയാണ്. നാടോടിനൃത്തം, കേരളനടനം, കഥാപ്രസംഗം, വഞ്ചിപ്പാട്ട്, വയലിൻ തുടങ്ങിയവയാണ് ബുധനാഴ്ചത്തെ പ്രധാന മത്സരങ്ങൾ.
വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. ആസിഫ് അലി, ടോവിനോ തോമസ് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.