Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനത്തിൽ മിമിക്രി, മോണോ ആക്ട്, മൂകാഭിനയം അടക്കമുള്ള ജനപ്രിയ ഇനങ്ങളാണ് വേദികളിൽ എത്തിയത്. പ്രവൃത്തി ദിനമായിട്ടും കാണികളുടെ മികച്ച പങ്കാളിത്തമുണ്ടായിരുന്നു എല്ലായിടത്തും. മൂന്നാം ദിനത്തിൽ പുത്തിരിക്കണ്ടത്തെ പാചകപ്പുരയിൽ മുഖ്യമന്ത്രി പിണറായി വിജയനെത്തി.
മൂന്നു ദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ 713 പേയിൻ്റുള്ള കണ്ണൂരാണ് മുന്നിൽ. 708 പോയിൻ്റ് വീതം നേടി തൃശ്ശൂരും കോഴിക്കോടും രണ്ടാം സ്ഥാനത്തു നില്ക്കുന്നു. 702 പോയിൻ്റ് നേടിയിട്ടുള്ള പാലക്കാടാണ് മൂന്നാം സ്ഥാനത്ത്. മലപ്പുറം 681, കൊല്ലം 674, എറണാകുളം 671, ആലപ്പുഴ 670, തിരുവനന്തപുരം 668, കാസറഗോഡ് 642, കോട്ടയം 639, വയനാട് 637, പത്തനംതിട്ട 596, ഇടുക്കി 570 എന്നിങ്ങനെയാണ് ഇതുവരെ മറ്റു ജില്ലകൾ നേടിയ പോയിൻ്റുകൾ.
സ്കൂളുകളുടെ വിഭാഗത്തിൽ 123 പോയിൻ്റുള്ള ആലത്തൂർ ബി.എസ്.എസ്. ഗുരുകുല ഹയർ സെക്കൻഡറി സ്കൂളാണ് ഒന്നാം സ്ഥാനത്ത്. തിരുവനന്തപുരം കാർമൽ ഹയർ സെക്കൻഡറി സ്കൂളാണ് 93 പോയിൻ്റുമായി രണ്ടാം സ്ഥാനത്ത്.
കലോത്സവത്തിലെ സൂപ്പർ ഹിറ്റ് മത്സരങ്ങൾ കാണാൻ തിങ്കളാഴ്ച രാവിലെ മുതൽ കാണികളുടെ ഒഴുക്കായിരുന്നു. മൂകാഭിനയ വേദിയിൽ വയനാടിന്‍റെ ദുഖവും അതിജീവനവുമായിരുന്നു നിറഞ്ഞ് നിന്നത്. ഹൈസ്ക്കൂൾ വിഭാഗം ആണകുട്ടികളുടെ നാടോടി നൃത്തം, ഹൈസ്ക്കൂൾ വിഭാഗം തിരുവാതിരക്കളി, ഹൈസ്ക്കൂൾ വിഭാഗത്തിൻ്റെ ദഫ് മുട്ട്, ചവിട്ടുനാടകം, ഹയർ സെക്കൻഡറി വട്ടപ്പാട്ട് അടക്കം ഗ്ലാമർ ഇനങ്ങൾ ഒരുപാടുണ്ടായിരുന്നു മൂന്നാം ദിനത്തിൽ.
സംഘാടനത്തിൽ കാര്യമായ പരാതികളില്ലാതെയാണ് തലസ്ഥാനത്ത് മേള പുരോഗമിക്കുന്നത്. മത്സരങ്ങൾ കാര്യമായി വൈകുന്നില്ല. എന്നാൽ വേദി 13 ചാലക്കുടി പുഴയിലെ മാപ്പിളപ്പാട്ട് വേദിയിൽ വിധി നിര്‍ണ്ണയത്തെ ചൊല്ലി ചെറിയ രീതിയിൽ വാക്കു തര്‍ക്കമുണ്ടായി. മാപ്പിളപ്പാട്ട് ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ വിധി നിർണയം കൃത്യമല്ലെന്ന് രക്ഷിതാക്കളും അധ്യാപകരും ആരോപിച്ചു. ഇതുവരെ സംസ്ഥാന തലത്തിൽ വിധികർത്താക്കളായി ഇരുന്ന ആരും പാനലിൽ ഉണ്ടായിരുന്നില്ല. മാപ്പിളപ്പാട്ടിനെ കുറിച്ച് അറിയാത്തവരാണ് പാനലിലുണ്ടായിരുന്നത്. കൂടുതൽ വിദ്യാർത്ഥികൾക്ക് ബി ഗ്രേഡ് നൽകിയത് അപ്പീലുകളുടെ എണ്ണം വർധിപ്പിക്കാനാണെന്നും അപ്പീലിന് നല്കേണ്ട 5,000 രൂപയ്ക്കു വേണ്ടിയാണിതെന്നും പ്രതിഷേധക്കാർ ആരോപിച്ചു. പ്രതിഷേധത്തിന് വിലക്ക് നിലനിൽക്കവേ തന്നെയാണ് വിധികർത്താക്കൾക്കെതിരെ അധ്യാപകരും രക്ഷിതാക്കളും പരസ്യമായി രംഗത്തെത്തിയത്.
മൂന്നാം ദിനത്തിൽ പുത്തിരിക്കണ്ടത്തെ പാചകപ്പുരയിൽ മുഖ്യമന്ത്രി പിണറായി വിജയനെത്തി. കുട്ടികളെയും ഭക്ഷണം കഴിക്കുന്നവരെയും സന്ദർശിച്ച് ഒരു ഗ്ലാസ് പായസവും കുടിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. കലോത്സവത്തിന് ഭക്ഷണമൊരുക്കുന്ന പഴയിടം നമ്പൂതിരിയെയും പിണറായി വിജയൻ സന്ദർശിച്ചു.