Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്കൂൾ കലോത്സവം 2 ദിവസം പിന്നിടുമ്പോൾ കണ്ണൂരും തൃശ്ശൂരും കോഴിക്കോടും തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടം. പകുതിയോളം മത്സരങ്ങൾ അവസാനിച്ചപ്പോൾ കണ്ണൂരിന് 449 പോയിന്റും തൃശ്ശൂരിന് 448 പോയിന്റും കോഴിക്കോടിന് 446 പോയിന്റുമാണ് ഉള്ളത്.
പാലക്കാട് 440, മലപ്പുറം 427, കൊല്ലം 425, ആലപ്പുഴ 425, എറണാകുളം 423, തിരുവനന്തപുരം 419, കാസറഗോഡ് 396, കോട്ടയം 392, വയനാട് 392, പത്തനംതിട്ട 369, ഇടുക്കി 346 എന്നിങ്ങനെയാണ് മറ്റു ജില്ലകൾ ഇതുവരെ നേടിയ പോയിൻ്റുകൾ.
സ്കൂളുകളിൽ 65 പോയിന്റുമായി തിരുവനന്തപുരം കാർമൽ ഹയർ സെക്കൻഡറി സ്കൂളാണ് ഇപ്പോൾ മുന്നിലുള്ളത്. പത്തനംതിട്ട എസ്.വി.ജി.വി. ഹയർ സെക്കൻഡറി സ്കൂളും ആലത്തൂർ ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളും 60 പോയിന്റ്റുമായി രണ്ടാം സ്ഥാനത്തുണ്ട്.
ഞായറാഴ്ച ആയതിനാൽ എല്ലാ വേദികളിലും കാഴ്ചക്കാരുടെ നല്ല തിരക്കായിരുന്നു. ഹൈസ്കുൾ വിഭാഗം ഒപ്പന, ഹയർ സെക്കൻഡറി വിഭാഗം തിരുവാതിര കളി, ഹൈസ്കൂൾ വിഭാഗം പൂരക്കളി, ഹയർ സെക്കൻഡറി ആൺകുട്ടികളുടെ കുച്ചിപ്പുടി, ഹൈസ്കൂൾ പെൺകുട്ടികളുടെ ഓട്ടൻ തുള്ളൽ, ഹയർ സെക്കൻഡറി പെൺകുട്ടികളുടെ മോഹിനിയാട്ടം, ഹൈസ്ക്കൂൾ പെൺകുട്ടികളുടെ നാടോടി നൃത്തം അടക്കം ഒന്നിന് പിറകെ ഒന്നായി ജനപ്രിയ മത്സരങ്ങൾ രണ്ടാം ദിനം വേദിയിലെത്തി. ആദ്യ ദിവസത്തേതിൽ നിന്നു വ്യത്യസ്തമായി സമയക്രമം പാലിച്ചാണ് ഏറെകുറെ എല്ലാ മത്സരങ്ങളും രണ്ടാം ദിനം അവസാനിച്ചത്.
ടാഗോർ തീയേറ്ററിലെ നാടക മത്സരത്തിൽ വൻ ജനത്തിരക്കായിരുന്നു. കലോത്സവ വേദിയിൽ ചരിത്രമെഴുതിക്കൊണ്ട് ഗോത്രകലയായ മംഗലം കളി മത്സരം ഞായറാഴ്ച വേദിയിലെത്തി. കാസറഗോഡ് നിന്നുള്ള മലവേട്ടുവ, മാവില സമുദായക്കാരായ കുട്ടികളായിരുന്നു മത്സരാര്‍ത്ഥികളായെത്തിയത്.
ഇതുവരെ കലോത്സവം സംബന്ധിച്ച് പരാതികളൊന്നും എത്തിയിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കാര്യങ്ങളെല്ലാം വളരെ കൃത്യമായി തന്നെ മുന്നോട്ട് പോകുന്നു. കഴിഞ്ഞ തവണത്തേക്കാൾ പങ്കാളിത്തമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഞായറാഴ്ചയും കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ മന്ത്രിയെത്തിയിരുന്നു.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളുടെ മിമിക്രി, മോണോ ആക്‌ട് മത്സരങ്ങൾ ഹൈസ്കൂൾ വിഭാഗം ആൺ കുട്ടികളുടെ നാടോടി നൃത്തം, ഹൈസ്ക്കൂൾ വിഭാഗം ദഫ് മുട്ട്, ചവിട്ടു നാടകം തുടങ്ങിയ ജനകീയ ഇനങ്ങൾ തിങ്കളാഴ്ച നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചക്ക് പുത്തരിക്കണ്ടത്തെ ഭക്ഷണ കലവറ സന്ദർശിക്കുമെന്നും അറിയിച്ചിട്ടുണ്ട്.