Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ആദ്യ ദിനം തന്നെ സ്വർണ്ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം തുടങ്ങി. ഏറ്റവും ഒടുവിലത്തെ വിവരമനുസരിച്ച് 57 മത്സരങ്ങൾ പൂർത്തിയായപ്പോൾ 179 പോയിൻ്റുള്ള തൃശ്ശൂരാണ് ഒന്നാം സ്ഥാനത്ത്. 175 പോയിൻ്റ് വീതം നേടി കോഴിക്കോടും കണ്ണൂരും തൊട്ടുപിന്നിലുണ്ട്. ആലപ്പുഴയും പാലക്കാടുമാണ് 167 പോയിൻ്റ് വീതം നേടി മൂന്നാമത്. ആതിഥേയരായ തിരുവനന്തപുരം 161 പോയിൻ്റുമായി ആറാം സ്ഥാനത്താണ്.
തൃശ്ശൂർ-179, കോഴിക്കോട്-175, കണ്ണൂർ-175, ആലപ്പുഴ-167, പാലക്കാട്-167, എറണാകുളം-166, കോട്ടയം-164, തിരുവനന്തപുരം-161, കൊല്ലം-161, മലപ്പുറം-160, കാസറഗോഡ്-154, പത്തനംതിട്ട-144, വയനാട്-144, ഇടുക്കി-134 എന്നിങ്ങനെയാണ് വിവിധ ജില്ലകൾ നേടിയ പോയിൻ്റുകൾ.
ഒന്നാം ദിനത്തില്‍ കാണികളെ ആവേശഭരിതരാക്കി ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, സംഘനൃത്തം, ഒപ്പന തുടങ്ങിയ നൃത്തയിനങ്ങളിലെ മത്സരങ്ങളാണ് വിവിധ വേദികളിലായി നടന്നത്. ആദ്യമത്സരമായ മോഹിനിയാട്ടം പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിലെ എം.ടി. -നിളയില്‍ രാവിലെ 11ന് ആരംഭിച്ചു. 14 ജില്ലകളില്‍ നിന്ന് അപ്പീല്‍ ഉള്‍പ്പടെ 23 മത്സരാര്‍ത്ഥികളാണ് പങ്കെടുത്തത്. നിറഞ്ഞ സദസിനു മുന്നിലാണ് മോഹിനികള്‍ ആടിത്തിമിര്‍ത്തത്.
വഴുതക്കാട് സർക്കാർ വനിതാ കോളേജിലെ പെരിയാറിൽ ഹയർ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യ മത്സരത്തില്‍ 5 ക്ലസ്റ്ററിലായി 11 അപ്പീലുകള്‍ ഉള്‍പ്പടെ 25 വിദ്യാര്‍ത്ഥിനികളാണ് അരങ്ങിലെത്തിയത്. നിറഞ്ഞ സദസ്സിലെ വാശിയേറിയ മത്സരത്തില്‍ ഓരോ മത്സരാര്‍ത്ഥികളും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെച്ചു.
കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ കല്ലടയാര്‍ വേദിയില്‍ ഹയർ സെക്കന്‍ഡറി വിഭാഗം കഥകളി ഗ്രൂപ്പ് മത്സരം അരങ്ങേറി. 10 ഗ്രൂപ്പുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. നിറഞ്ഞ സദസിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ നിറഞ്ഞാടിയപ്പോള്‍ പ്രേക്ഷകരുടെ പ്രോത്സാഹനം മത്സരാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നു. ടാഗോര്‍ തിയേറ്ററിലെ പമ്പയാര്‍ വേദിയില്‍ നടന്ന ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ കുച്ചിപ്പുടി മത്സരം കാണികള്‍ക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. വിവിധ ക്ലസ്റ്ററുകളിലായി 23 വിദ്യാര്‍ത്ഥിനികൾ മത്സരത്തില്‍ പങ്കെടുത്തു.
വ്യത്യസ്തവും വാശിയേറിയതുമായ സംഘനൃത്ത വിഭാഗം കാണികള്‍ക്ക് കൗതുകമേകി. എം.ടി. -നിളയില്‍ നടന്ന മത്സരത്തിൽ 4 ക്ലസ്റ്ററുകളിലായി 24 ടീമുകള്‍ പങ്കെടുത്തു. ഓരോ ടീമുകളും വിവിധ കഥകളെയയും സമകാലിക പ്രസക്തിയുള്ള വിഷയങ്ങളേയുമാണ് നൃത്തത്തിലൂടെ അവതരിപ്പിച്ചത്. ടാഗോര്‍ തീയേറ്ററിലെ പമ്പയാര്‍ വേദിയില്‍ നടന്ന ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ മാര്‍ഗംകളി മത്സരം മത്സരാര്‍ത്ഥികളിലും കാണികളിലും ആവേശമുണര്‍ത്തി. 15 ടീമുകളെ 4 ക്ലസ്റ്ററുകളായി തിരിച്ചാണ് മത്സരം നടന്നത്. രണ്ടാം വേദിയായ പെരിയാറില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഒപ്പന മത്സരത്തില്‍ 4 ക്ലസ്റ്ററുകളിലായി 22 ഗ്രൂപ്പുകള്‍ മത്സരത്തില്‍ പങ്കെടുത്തു.
ഉദ്ഘാടനം ദിവസം തന്നെ പല മത്സരങ്ങളും സമയക്രമം പാലിക്കുന്നതിൽ പരാജയപ്പെട്ടു. വേദി ഒന്നിലെ ഹയർ സെക്കൻഡറി വിഭാഗം സംഘനൃത്തം, വേദി അഞ്ചിലെ പൂരക്കളി, വേദി ഏഴിലെ ഹൈസ്കൂൾ വിഭാഗം നങ്ങ്യാർകൂത്ത് എന്നിവയാണ് വൈകി അവസാനിച്ച മത്സരങ്ങൾ.
വേദി മൂന്നായ ടാഗോർ തിയേറ്ററിൽ രാവിലെ 9.30ന് തുടങ്ങുന്ന ഹയർ സെക്കന്‍ഡറി വിഭാഗം നാടക മത്സരമാണ് ഞായറാഴ്ചത്തെ മുഖ്യ ആകർഷണം. വേദി രണ്ടിൽ ഉച്ചയ്ക്ക് ശേഷം ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ നാടോടിനൃത്ത മത്സരം നടക്കും.