29 C
Trivandrum
Thursday, March 13, 2025

പമ്പുകാർ പറ്റിച്ചു, രോഗിയുമായി പോയ ആംബുലൻസ് വഴിയിലായി; പമ്പ് പൂട്ടിച്ചു

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: വാങ്ങിയ പണത്തിനുള്ള ഡീസൽ നല്കാതെ പമ്പുകാർ പറ്റിച്ചതിനെത്തുടർന്ന് രോഗിയുമായി പോയ ആംബുലൻസ് വഴിയിൽ കുടുങ്ങി. വഴിയിൽ കുടുങ്ങിയ ആംബുലൻസ് ഡ്രൈവർ മറ്റൊരു ആംബുലൻസ് വിളിച്ചുവരുത്തി രോഗിയെ ആശുപത്രിയിലെത്തിച്ചു.

പമ്പിൽ നൽകിയ 500 രൂപയ്ക്കുള്ള ഡീസൽ നൽകിയില്ലെന്നു കണ്ടെത്തിയതോടെ ഡ്രൈവറും നാട്ടുകാരുമെത്തി പമ്പ് ഉപരോധിച്ചു. വിവരമറിഞ്ഞ് ലീഗൽ മെട്രോളജി വിഭാഗത്തിന്റെ തിരുവനന്തപുരം യൂണിറ്റിന്റെ ഫ്‌ളൈയിങ് സ്‌ക്വാഡെത്തി പമ്പിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ നിർദേശം നൽകി.

വിഴിഞ്ഞം- ബാലരാമപുരം റൂട്ടിൽ മുക്കോലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഓയിൽ കോർപറേഷൻ പമ്പിലാണ് സംഭവം. ബൈപ്പാസ് മുറിച്ചുകടക്കവേ ബൈക്കിടിച്ച് പരിക്കേറ്റയാളെ കയറ്റിയെത്തിയ ആംബുലൻസ് ഡ്രൈവർ പമ്പിലെത്തി 500 രൂപയ്ക്ക് ഇന്ധനം നിറച്ചു. അവിടെ നിന്ന് നഗരത്തിലെ ആശുപത്രിയിലേക്കു പോകവേ ഈഞ്ചയ്ക്കൽ ഭാഗത്തുവെച്ച് ആംബുലൻസ് നിന്നു. ഇതേത്തുടർന്ന് മറ്റൊരു ആംബുലൻസിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു.

പമ്പിൽനിന്നു നൽകിയ ബില്ല് പരിശോധിച്ചപ്പോഴാണ് 2.14 രൂപയ്ക്കുള്ള 0.02 ലിറ്റർ ഇന്ധനം മാത്രമേ ലഭിച്ചിട്ടുള്ളൂവെന്ന് മനസ്സിലാക്കിയത്. ഇതിനെ നാട്ടുകാരുമായി പമ്പിലെത്തി ചോദ്യംചെയ്തുവെങ്കിലും ജീവനക്കാർ വ്യക്തമായ മറുപടി നൽകിയില്ല.

ഇതേത്തുടർന്ന് നാട്ടുകാർ പമ്പിൽ ഉപരോധം നടത്തി. വിഴിഞ്ഞം പൊലീസും സ്ഥലത്തെത്തി. അവർ അറിയിച്ചതനുസരിച്ച് എത്തിയ ലീഗൽ മെട്രോളജി വിഭാഗം ഫ്‌ളൈയിങ് സ്‌ക്വാഡ് ഡെപ്യൂട്ടി കൺട്രോളർ പി.എസ്.പ്രദീപ് നടത്തിയ പരിശോധനയിൽ ഇന്ധനവിതരണത്തിൽ വൻ ക്രമക്കേടു നടന്നതായി കണ്ടെത്തി. ഡ്രൈവർക്ക് നൽകിയ ബില്ലും പരിശോധിച്ച് ഉറപ്പുവരുത്തി. ഇതേത്തുടർന്ന് പമ്പിന്റെ പ്രവർത്തനം നിർത്തിവയ്ക്കാൻ ഉടമയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകുകയായിരുന്നു.

Recent Articles

Related Articles

Special

Enable Notifications OK No thanks