Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയില്‍ കുഞ്ഞിനോട് കൊടും ക്രൂരത. രണ്ടര വയസുള്ള കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് ആയമാരെ അറസ്റ്റ് ചെയ്തു. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി തന്നെയാണ് സംഭവത്തില്‍ പരാതി നല്‍കിയത്.
അജിത, സിന്ധു, മഹേശ്വരി എന്നീ ആയമാരാണ് പിടിയിലായത്. മൂന്നു പേര്‍ക്കും എതിരെ പോക്സോ ചുമത്തി. കിടക്കയില്‍ മൂത്രമൊഴിച്ചതിനാണ് ആയമാര്‍ കുഞ്ഞിനെ ഉപദ്രവിച്ചത്. കുഞ്ഞിനെ ഉപദ്രവിച്ചതിനും ഉപദ്രവിച്ച കാര്യം മറച്ചുവെച്ചതിനുമാണ് 3 ആയമാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
അച്ഛനും അമ്മയും നഷ്ടപ്പെട്ട രണ്ടര വയസുകാരിയുടെയും ഒരു വയസുകാരന്റെയും സംരക്ഷണം ഏറ്റെടുത്താണ് ശിശുക്ഷേമ സമിതി തിരുവനന്തപുരത്തെ കേന്ദ്രത്തില്‍ താമസിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം സ്ഥാപനത്തിലെ മറ്റൊരു ആയ കുട്ടിയെ കുളിപ്പിക്കുന്ന സമയത്താണ് തന്റെ സ്വകാര്യഭാഗ്യങ്ങളില്‍ വേദനയുണ്ടെന്ന കാര്യം കുട്ടി തുറന്നു പറഞ്ഞത്. തുടര്‍ന്ന് ജീവനക്കാര്‍ വിവരം ജനറല്‍ സെക്രട്ടറിയുടെ ശ്രദ്ധയില്‍പെടുത്തി.
അങ്ങനെയാണ് തൈക്കാട് കുട്ടികളുടെ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തിയത്. പരിശോധനയില്‍ ജനനേന്ദ്രിയ ഭാഗത്ത് മുറിവുള്ളതായി കണ്ടെത്തി. മ്യൂസിയം പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ പരിചരിച്ച മറ്റ് ആയമാരെ ചോദ്യം ചെയ്തു. തുടര്‍ന്നാണ് കിടക്കയില്‍ മൂത്രമൊഴിച്ചതിന് കുട്ടിയെ ഉപദ്രവിച്ച വിവരം പുറത്തറിഞ്ഞത്. ഡിസംബര്‍ ഒന്നിനാണ് ഇതു സംബന്ധിച്ചുള്ള വിവരം പൊലീസില്‍ അറിയിച്ചത്.
വര്‍ഷങ്ങളായി താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അജിതയാണ് കുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവേല്‍പ്പിച്ചതെന്നു പൊലീസ് പറഞ്ഞു. മറ്റു രണ്ടുപേരും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ട്.