Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് ഡി.സി. ബുക്‌സിൽ അച്ചടക്കനടപടി. പബ്ലിക്കേഷൻസ് വിഭാഗം മേധാവി എ.വി.ശ്രീകുമാറിനെ ഡി.സി. ബുക്‌സ് സസ്‌പെന്റ് ചെയ്തു. രവി ഡി.സിയുടെ ഏറ്റവും വിശ്വസ്തരിലൊരാളായി കണക്കാക്കപ്പെടുന്ന ശ്രീകുമാറിനെതിരായ നടപടി സാഹിത്യലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്.
ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് രവി ഡി.സിയുടെ വിശദമായ മൊഴി തിങ്കളാഴ്ച പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീകുമാറിനെതിരെ നടപടിയുണ്ടായത് എന്നതാണ് ശ്രദ്ധേയം.
ജയരാജന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനായി അദ്ദേഹവുമായി കരാറൊന്നും ഉണ്ടായിരുന്നില്ലെന്ന് രവി മൊഴി നല്കിയതായുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ ഇത് തള്ളിക്കൊണ്ട് ഡി.സി. ബുക്‌സ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിപ്പിട്ടു. നടപടിക്രമങ്ങൾ പാലിച്ച് മാത്രമേ തങ്ങൾ പുസ്തകം പ്രസിദ്ധീകരിക്കാറുള്ളൂവെന്നും അന്വേഷണം നടക്കുന്ന ഘട്ടത്തിൽ അഭിപ്രായ പ്രകടനം അനുചിതമെന്നും കുറിപ്പിൽ ഡി സി ബുക്‌സ് വ്യക്തമാക്കി.
ഇ.പി.ജയരാജനുമായി ഡി.സി. ബുക്സിന് കരാർ ഇല്ലെന്ന് ജീവനക്കാർ നേരത്തേ മൊഴി നൽകിയിരുന്നു.